സ്വപ്ന വാ തുറന്നാല്‍.... ശിവശങ്കര്‍ സാറിനെപ്പറ്റി പറയുമ്പോള്‍ നൂറ് നാവുള്ള സ്വപ്ന സുരേഷിനെ കൊണ്ട് എല്ലാം പറയിക്കാന്‍ എന്‍ഐഎ കോപ്പ് കൂട്ടുന്നു; വിദേശ യാത്രകള്‍ക്ക് പിന്നാലെ ശിവശങ്കറിന്റെ ബെംഗളൂരു യാത്രകളിലും ദുരൂഹത; സ്വപ്നയ്‌ക്കൊപ്പമുള്ള ശിവശങ്കറിന്റെ യാത്രകള്‍ എന്തിന്?

മലയാളികള്‍ പ്രളയപ്പേടിയിലും കൊറോണ പേടിയിലും ചുരുണ്ടുകൂടി കിടന്നുറങ്ങുമ്പോള്‍ വിവിഐപി യാത്രകള്‍ ചര്‍ച്ചയാകുകയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റേയും മറ്റ് ചിലരുടേയും നിരന്തര വിദേശ യാത്രകള്‍ കേരളം ചര്‍ച്ച ചെയ്തതാണ്. അതിന് പിന്നാലെ കേരളത്തിനകത്തും പുറത്തും നിരവധി യാത്രകള്‍ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനിടയിലാണ് സ്വപ്നയുടെ ബെംഗളൂരു യാത്രയും വിവാദമാകുന്നത്.
സ്വര്‍ണക്കടത്ത് അന്വേഷണം വിദേശത്തേക്ക് വ്യാപിച്ചതോടെ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഉന്നതവ്യക്തികളെ ഉടന്‍ ചോദ്യംചെയ്‌തേക്കുമെന്ന് എന്‍.ഐ.എ. വ്യക്തമാക്കുന്നത്. എന്‍.ഐ.എ. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബഹിരാകാശ പാര്‍ക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചയുടെ അവസരത്തില്‍ത്തന്നെ ശിവശങ്കര്‍ നടത്തിയ ബെംഗളൂരു യാത്രകളെക്കുറിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ ആഴത്തിലുള്ള അന്വേഷണം തുടങ്ങി.
ഈ യാത്രകളില്‍ പലതിലും സ്വപ്ന ശിവശങ്കറിനെ അനുഗമിച്ചിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യമറിയാം. ഈ യാത്രകളില്‍ അവര്‍ ആരൊക്കെയുമായാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ബെംഗളൂരുവിലേക്കുള്ള ഈ യാത്രകളില്‍ ചില ശാസ്ത്രജ്ഞരെ ഇവര്‍ കണ്ടിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളുണ്ട്.
എന്നാല്‍, ഈ യാത്രകളെല്ലാം ഒരുപക്ഷേ ബഹിരാകാശപാര്‍ക്കും അതിനോടനുബന്ധിച്ച കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതുമായും ബന്ധപ്പെട്ടായിരിക്കാമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ഇത്തരം യാത്രകള്‍ നടത്താന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
അന്വേഷണ ഏജന്‍സികള്‍ ഈ വാദം തള്ളിക്കളയുന്നില്ല. പക്ഷെ സ്വപ്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായതിനാല്‍ അതിനെപ്പറ്റി അന്വേഷിക്കാതിരിക്കാനാകില്ല. സ്വപ്നയുടെ സാന്നിധ്യം കണക്കിലെടുത്ത് ഈ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. സംശയാസ്പദ ബന്ധങ്ങള്‍ പുറത്തുവരുന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരും. തങ്ങളുടെ നീച പ്രവൃത്തികള്‍ക്കായി ഏതുതരം ബന്ധങ്ങളും ഉപയോഗിക്കാന്‍ കഴിവുള്ള സംഘമാണിവരെന്നതിനാല്‍, ശാസ്ത്രജ്ഞരും നയതന്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അന്വേഷിച്ചേ മതിയാവൂവെന്നും അവര്‍ വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്കായി സ്വപ്നയെ കൂടെക്കൊണ്ടു പോകാന്‍ ശിവശങ്കറിന് സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അടിസ്ഥാന ചട്ടലംഘനം അദ്ദേഹം നടത്തിയതായി അന്വേഷണസംഘം വിലയിരുത്തുന്നു.
കൂടിക്കാഴ്ചകള്‍ക്കായി നടത്തിയ യാത്രകളെയും കണ്ടുമുട്ടിയ ഇടങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു വരുകയാണ്. സ്വര്‍ണക്കടത്തുമായി ഈ കൂടിക്കാഴ്ചകള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഈ ബന്ധങ്ങള്‍ സ്വപ്ന തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടെ അന്വേഷണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. കേസില്‍ എന്‍.ഐ.എയുടെ വാദം നാലാം തീയതിയാണ് നടക്കുക. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്ന് തന്നെയാണ് എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
"
https://www.facebook.com/Malayalivartha