കൊറോണ പോലും തോറ്റോടി... കൊറോണ കാരണം മാനസിക നില തെറ്റുന്നവര്‍ക്കും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ക്കും 105 വയസുകാരി അസ്മ ബീവി നല്‍കുന്നത് അതിജീവനത്തിന്റെ പാഠം; ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ച് 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

വല്ലാത്തൊരവസ്ഥയിലേക്കാണ് ലോകം പോകുന്നത്. ഈ കൊറോണ എന്ന മാരണം എങ്ങനെയെങ്കിലും ഒന്നൊഴിയണേ എന്ന പ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കും. ആര്‍ക്ക് വേണമോ കൊറോണ വൈറസ് പിടിപെടാം. അവിടെ പാവപ്പെട്ടവനോ പണക്കാരനെനനോ സുന്ദരിയെന്നോ സുന്ദരനെന്നോ ഒന്നുമില്ല. ആരില്‍ നിന്നും ആരിലേക്കും വൈറസ് പിടിപെടാം. എത്രകാലം നമുക്കിങ്ങനെ വീടില്‍ മൂടിക്കെട്ടിയിരിക്കാന്‍ കഴിയും. കൊറോണയോടൊപ്പം ജീവിയ്‌ക്കേണ്ട അവസ്ഥയാണ് ലോകത്തിന് മുമ്പിലുള്ളത്. കൊറോണ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും ഒരുപോലെ സ്വീകരിക്കുക എന്നതാണ് ഇതിനുള്ള ഒരേയൊരു പോംവഴി. ഒരാളുടെ അശ്രദ്ധ കൊണ്ടു മാത്രമാണ് കൊറോണ ബാധിക്കുന്നത്. കൃത്യമായ മാസ്‌ക് ധരിക്കുകയും കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. എവിടെ പോയാലും തൊട്ടടുത്ത് നില്‍ക്കരുത് 2 മീറ്റര്‍ മാറി നിന്ന് സംസാരിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കരുത്. ആവശ്യമില്ലാതെ മൂക്കിലും വായിലും കണ്ണിലും തൊടരുത്. മാസ്‌കില്‍ ഒരു കാരണവശാലും തൊടരുത്. വള്ളികളില്‍ മാത്രം പിടിച്ച് ഊരുക. തുണി മാസ്‌കാണെങ്കില്‍ സോപ്പുപയോഗിച്ച് നന്നായി കഴുകി ഉണക്കുക. വീട്ടില്‍ കയറുന്നതിന് മുമ്പ് കൈകള്‍ ഉറപ്പായും സോപ്പ് ഉപയോഗിച്ച് കഴുകണം.
എത്ര ശ്രദ്ധിച്ചാലും കൊറോണ വൈറസ് പിടിപെട്ടാല്‍ എത്രയും വേഗം ചികിത്സ തേടുക എന്നതാണ് പ്രധാനം. കൊറോണ വന്നതോടെ എല്ലാം പോയി എന്ന അവസ്ഥ പാടില്ല. മനോബലം ഒരിക്കലും പോകരുത്. ഉറപ്പായും അതിജീവിച്ച് തിരിച്ച് വരാന്‍ കഴിയും. അതിന് ഉത്തമ ഉദാഗരണമാകുകയാണ് അഞ്ചല്‍ സ്വദേശിനിയായ 105 കാരി അസ്മ ബീവി.
കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി ആശുപത്രി വിട്ടതോടെ കേരളത്തിനാകെ സന്തോഷമാകുകയാണ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് അസ്മ ബീവി ആശുപത്രി വിട്ടത്.
105 വയസിലും അസാമാന്യമായ മനോബലം കാണിച്ച അസ്മാ ബീവിയെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകീര്‍ത്തിച്ചു. കോവിഡ് ഭയത്താല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നവര്‍ ഇവരെപ്പോലുള്ളവരുടെ മനോബലം കാണേണ്ടതാണ്. കോവിഡ് പ്രതിരോധത്തില്‍ ശാസ്ത്രീയ മാര്‍ഗമാണ് കേരളം സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ അതീവ ജാഗ്രതയും പരിചരണവുമാണ് നല്‍കുന്നത്. പ്ലാസ്മ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സാ രീതിയിലൂടെ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 70 വയസിന് മുകളിലുള്ള നിരവധിയാളുകളേയാണ് രക്ഷിക്കാനായത്.
ഇതില്‍ നിന്നും നല്‍കുന്നൊരു പാഠം വലുതാണ്. ഒരിക്കലും പതറരുത്. ഉമ്മയ്ക്ക് 105 ആം വയസില്‍ കൊറോണയെ തോല്‍പ്പിക്കാമെങ്കില്‍ എല്ലാവര്‍ക്കും അതിന് കഴിയും. എന്നുകരുതി അശ്രദ്ധ പാടില്ല... ജാഗ്രത.
"
https://www.facebook.com/Malayalivartha