നിർണായകമായ തീരുമാനവുമായി കസ്റ്റംസ്; കൗൺസിലർ എന്ന പേരിൽ വന്ന നയതന്ത്ര ബാഗേജുകളിൽ കടത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം ; വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴം

തിരുവനന്തപുരത്തെ എല്ലാ കോൺസുലേറ്റുകളുടെയും നയതന്ത്ര ഇറക്കുമതികൾ അന്വേഷിക്കാൻ കസ്റ്റംസിനു നിർദ്ദേശം നൽകിക്കഴിഞ്ഞു. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ വന്ന നയതന്ത്ര ബാഗേജുകൾ യുടെ പേരിൽ നിരവധി ആരോപണങ്ങളും സംശയങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്... മാത്രമല്ല മറ്റൊരു നിർണായക കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ്.. യു.എ.ഇ. കോൺസുലേറ്റ് 2016-ഒക്ടോബറിൽ തുടങ്ങിയശേഷം ഏറ്റവുമധികം വന്നത് ഈന്തപ്പഴമാണെന്നു കണ്ടെത്തി. കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരിൽ 17,000 കിലോഗ്രാമാണ് യു.എ.ഇ.യിൽനിന്ന് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.
മൂന്നരവർഷത്തിനിടെ ഒരാളുടെയോ കോൺസുലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തുനിന്ന് എന്തുകൊണ്ടുവരാനും പരിധി ഉണ്ടെന്നിരിക്കെയാണ് ഇത്തരത്തിൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത്രയധികം അളവിലെത്തുന്ന സാധനം 'വാണിജ്യ ആവശ്യത്തിന്' എന്നാണ് കസ്റ്റംസ് കണക്കാക്കുക. ഇതിന് വിലയുടെ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നിലവിൽ അടയ്ക്കണം. ഇതിനു തയ്യാറായില്ലെങ്കിൽ പിടിച്ചുവെയ്ക്കുകയാണു സാധാരണ ചെയ്യാറുള്ളത്.''കോൺസുലേറ്റിലെ എല്ലാവരും വീതംവെച്ചു എന്ന് അവകാശപ്പെട്ടാൽപ്പോലും ഇത്രയധികം ഈന്തപ്പഴം എത്തിയെന്നത് ഏറെ ഞെട്ടിക്കുന്ന വിവരമാണ്. ഇതേക്കുറിച്ച് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽ യു.എ.ഇ. കോൺസുലേറ്റ് എന്ത് അറിയിപ്പാണ് നൽകിയതെന്ന് ഞങ്ങൾ പരിശോധിക്കുന്നുണ്ട്''എന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വന്തം ആവശ്യത്തിനെന്ന പേരിൽ വന്നത് പുറത്തേക്കു നൽകരുതെന്നാണു നിയമം ഉള്ളത്..പുറത്ത് നൽകിയിട്ടുണ്ടെങ്കിൽ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയടയ്ക്കണം. സാധാരണഗതിയിൽ അന്താരാഷ്ട്ര കരാറനുസരിച്ച് കോൺസുൽജനറലോ കോൺസുലേറ്റുകളോ വിദേശമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളോ പുറമേനിന്നു കൊണ്ടുവരുന്ന സാധനങ്ങൾക്ക് നികുതി ഈടാക്കാറില്ല.
പക്ഷേ കഴിഞ്ഞ വർഷങ്ങളിലൊന്നും യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗേജുകൾക്ക് നികുതി ഒഴിവാക്കിനൽകാൻ ആവശ്യം വന്നിരുന്നില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ നേരത്തേ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിനെന്ന പേരിൽ ഭക്ഷണവസ്തുക്കൾ, ശൗചാലയ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയടക്കം നയതന്ത്ര ബാഗേജായി എത്തിയിട്ടുണ്ട്. ഇതെല്ലാം ശരിയാണോ എന്നതിലാണ് അന്വേഷണം. തിരുവനന്തപുരത്തെ മറ്റു കോൺസുലേറ്റുകൾ ഇത്തരം ഇറക്കുമതിയുടെ വിവരങ്ങൾ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽ അറിയിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടേറിയറ്റുകൾ വഴിയാണ് നികുതി ഒഴിവാക്കി കൊടുക്കാറുള്ളത്. മന്ത്രാലയ സെക്രട്ടേറിയറ്റുകൾ ഇല്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഈ ചുമതല സംസ്ഥാന പ്രോട്ടോകോൾ ഓഫീസിനാണ്.
https://www.facebook.com/Malayalivartha






















