കോടിയേരിയും കുടുംബവും സി പിഎം ഫ്ളാറ്റിൽ... രക്ഷയായി എ കെ ജി സെന്റർ! തിരുവനന്തപുരം മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള 'കോടിയേരി' വീട് അരിച്ച് പെറുക്കി കര്‍ണാടക പൊലീസും സി ആര്‍ പി എഫും

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പരിശോധനയ‌്ക്കായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എത്തി. മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള 'കോടിയേരി' എന്ന വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കര്‍ണാടക പൊലീസും സി ആര്‍ പി എഫും ഇവര്‍ക്കൊപ്പമുണ്ട്. നിലവില്‍ കോടിയേരി ബാലകൃഷ്‌ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു.
അതേസമയം ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം 40 മണിക്കൂറിലധികം സമയം ബിനീഷ് ഇഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിനു നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതു സംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു. കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണ്. ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികൾ തുടങ്ങിയിരുന്നു. ലഹരിക്കേസിൽ പിടിയിലായ അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരിലാണിത്. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടും അന്വേഷിക്കേണ്ടതുണ്ട്. ബിനീഷുമായി ലഹരി ഉപയോഗം വഴിയാണ് സൗഹൃദത്തിലായതെന്ന് അനൂപ് മൊഴി നൽകിയെന്നും ഇഡി അറിയിച്ചു. 2012-19 കാലത്ത് ഇരുവരും തമ്മിൽ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നും 3.5 കോടി കള്ളപ്പണമാണെന്നും ഇഡി കോടതിയിൽ അറിയിച്ചു.
എന്നാൽ ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ അന്വേഷണം തലസ്ഥാനത്തേക്കും വരുകയാണ്. 4 പേർ കൂടി കേരളത്തിൽനിന്നു പ്രതികളാകുമെന്നാണു സൂചന. ഇവർ ബിനീഷുമായി വൻകിട പണമിടപാടുകൾ നടത്തിയിരുന്നു. കരിങ്കൽ ക്വാറികളിലും ഇൗ സംഘത്തിനു വലിയ ഇടപാടുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള സംഘം തലസ്ഥാനത്തെത്തിയെന്ന പ്രചാരണം ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായി. 8 കേന്ദ്രങ്ങളിൽ ഇഡി പരിശോധനയുണ്ടാകുമെന്നും പ്രചരിച്ചു. മരുതൻകുഴിയിലെ ബിനീഷിന്റെ വീട്ടിലാണു പിതാവ് കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നതെന്ന കണക്കുകൂട്ടലിൽ മാധ്യമശ്രദ്ധ അങ്ങോട്ടായി. എന്നാൽ കോടിയേരിയും ഭാര്യയും ഇപ്പോൾ എകെജി സെന്ററിലെ ഫ്ലാറ്റിലാണെന്ന വിവരമാണു കാത്തുനിന്നവർക്കു ലഭിച്ചത്. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിന്റെ ഫർണിച്ചർ, ഇലക്ട്രിക്കൽ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്ന വിവരവും പുറത്തുവന്നു. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലും അബ്ദുൽ ലത്തീഫ് ഉണ്ട്. ഇഡി കസ്റ്റഡിയിൽ 6 ദിവസം പിന്നിട്ടതോടെ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു വിധേയനായത് ഏകദേശം 47.5 മണിക്കൂർ. പണമിടപാടുകളുടെ ഉറവിടം, ബെനാമി ഇടപാടുകൾ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളോടു നിസ്സഹകരണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 8.20ന് വിൽസൽ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിൽ എത്തിച്ച് രാവിലെ 10.30 മുതൽ മുതൽ രാത്രി 8 വരെയാണു ചോദ്യം ചെയ്തത്. ബെംഗളൂരു സെഷൻസ് കോടതിയുടെ അനുമതി പ്രകാരം ബിനീഷിനെ കാണാൻ വി.രഞ്ജിത് ശങ്കറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഉച്ചയ്ക്ക് 12 മണിയോടെ എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
കോവിഡ് പരിശോധന നടത്തിവരാൻ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകർ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, അങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് വൈകിട്ട് 4 മണിയോടെ രഞ്ജിത് ശങ്കറിനെ മാത്രം അനുവദിച്ചു. സിസിടിവി നിരീക്ഷണമുള്ള മുറിയിലാണു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഇവരുടെ സംഭാഷണം ഉദ്യോഗസ്ഥർ എഴുതിയെടുത്തു. ബിനീഷ് ക്ഷിണിതനാണെന്ന് അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്റെതെന്നു ഇഡി സംശയിക്കുന്ന ബെനാമി കമ്പനികളുടെ ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. പുതുതായി പ്രാബല്യത്തിലായ ബെനാമി നിയമപ്രകാരമാകും അന്വേഷണം. 2012 മുതലുള്ള ഇടപാടുകളാണ് ഇഡി പരിശോധിച്ചത്. അതിനു മുൻപ് 2008 മുതൽ ബിനീഷ് ദുബായിലായിരുന്ന കാലത്തെ ഇടപാടുകളും സംശയ നിഴലിലാണെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആഡംബര കാറുകളെക്കുറിച്ചും പരാമർശമുണ്ട്. ബിനീഷിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ 2നു ഹാജരാകാൻ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിന് സമൻസ് അയച്ചിരുന്നു. ക്വാറന്റീനിലാണെന്നാണ് ചൂണ്ടിക്കാട്ടി ഇതുവരെ ഹാജരായില്ല.
https://www.facebook.com/Malayalivartha