പ്രളയത്തിൽ തകർന്ന 150 വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ യുഎഇ കോൺസുലേറ്റ് വഴി പണമെത്തി; ഈ കരാർ ലഭിക്കാൻ സ്വപ്ന സുരേഷിനു മാത്രം കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് 49 ലക്ഷം രൂപ കമ്മിഷൻ നൽകി

കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പ്രളയത്തിൽ തകർന്ന 150 വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ യുഎഇ കോൺസുലേറ്റ് വഴി പണമെത്തിയിരുന്നു. എന്നാൽ പദ്ധതിയുടെ കരാർ ലഭിക്കാൻ സ്വപ്ന സുരേഷിനു മാത്രം കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് 70,000 ഡോളർ (49 ലക്ഷം രൂപ) കമ്മിഷൻ നൽകിയെന്നാണ് വെളിപ്പെടുത്തൽ . മറ്റുള്ളവർക്കു ലഭിച്ച കമ്മിഷന്റെ കണക്ക് സ്വപ്ന വെളിപ്പെടുത്തിയിട്ടില്ല. ആർക്കും പരാതിയില്ലാത്തതിനാൽ ഈ വിഷയത്തിൽ അന്വേഷണവും ഉണ്ടായില്ല.ലൈഫ് പദ്ധതിയിൽ യുഎഇയിലെ റെഡ് ക്രസന്റിന്റെ സംഭാവന ഉപയോഗിച്ച് വടക്കാഞ്ചേരിയിൽ 140 ഫ്ലാറ്റ് നിർമിക്കാനുള്ള കരാർ ലഭിക്കാൻ യൂണിടാക് കമ്പനി 4.48 കോടി രൂപ കമ്മിഷൻ നൽകിയിരുന്നു. മഹാപ്രളയവുമായി ബന്ധപ്പെട്ടു യുഎഇ കോൺസുലേറ്റ് നടപ്പാക്കിയ 2 പദ്ധതികളിലും വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ടതിന്റെ സൂചനയാണ് ഇഡി അന്വേഷണത്തിൽ ഇപ്പോൾ പുറത്തുവരുന്നത്. അതേ സമയം തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ മറവിൽ സ്വർണക്കടത്ത്, ലഹരിക്കേസ് പ്രതികൾ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിരുന്നു .
വിദേശപണമിടപാടു സ്ഥാപനമായ യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ മാനേജിങ് പാർട്നർമാരായ അബ്ദുൽ ലത്തീഫ്, അരുൺ വർഗീസ് എന്നിവരെ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ വിശദമായി ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായാണ് ഇവരുടെ തിരുവനന്തപുരത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ പരിശോധന നടത്തിയത്. ബെംഗളൂരു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി ഇവർ നടത്തിയ പണമിടപാടുകളുടെ തെളിവുകൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
യുഎഎഫ്എക്സിനു കോൺസുലേറ്റിലെ കരാർ ജോലി ലഭിക്കാൻ ചരടുവലിച്ചതു ബിനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു യുഎഇയിലേക്കു പോകുന്നവരുടെ വീസ സ്റ്റാംപിങ് ഫീസ് പിരിച്ചു കോൺസുലേറ്റിനു നൽകാനുള്ള ചുമതല യുഎഎഫ്എക്സിനായിരുന്നു.വഴിവിട്ട കമ്മിഷൻ ഇടപാടുകളിലൂടെ സ്വപ്ന സുരേഷ്, കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവി ഖാലിദ് അലി ഷൗക്രി എന്നിവർ സമ്പാദിച്ച കള്ളപ്പണം വിദേശ കറൻസിയാക്കാൻ സഹായിച്ച യുഎഎഫ്എക്സിലെ ഉദ്യോഗസ്ഥൻ പ്രവീണിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha