പോക്കറ്റില്‍ കൈയ്യിട്ട് പയ്യന്‍... വെള്ളിയും ശനിയും കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകം; മകന്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ക്ക് ഉത്തരം പറയേണ്ടി വരുന്ന ഒരു പിതാവിന്റെ അവസാന ഉദാഹരണമായി കോടിയേരി മാറുന്നു; പ്രായപൂര്‍ത്തിയായ പയ്യന്റെ ചെയ്തിളെ കുറ്റപ്പെടുത്തി അണികള്‍

ഒരുത്തന്‍ ചെയ്യുന്ന പാപകര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും എന്നത് പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ. പുത്രന്‍മാര്‍ കാരണം പുത്രദു:ഖം അനുഭവിക്കുന്ന പിതാക്കന്‍മാര്‍ പുരാണങ്ങളില്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് ആചാര്യരിലും കാണാം. അതാണിവിടെ നടക്കുന്നത്. പാവം പയ്യന് പോക്കറ്റില്‍ കയ്യും ഇട്ട് ഇടയ്ക്കിടയ്ക്ക് നടുവിന് പിടിച്ച് നാരങ്ങയും മണപ്പിച്ച് നടന്നാല്‍ മതിയല്ലോ ഇവിടത്തെ റെയ്ഡും പുക്കാറും കുടുംബത്തിന്റെ സങ്കടമൊന്നും കാണേണ്ടല്ലോ.
കോടിയേരിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഇന്നും നാളെയും.
സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തുടരുമോ എന്ന ചോദ്യത്തിന് ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ ഉത്തരമായേക്കും.
കോടിയേരി തുടരുമെന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം ആരംഭിക്കാന്‍ സര്‍ക്കാരിനു പാര്‍ട്ടി നിര്‍ദേശം നല്‍കുമെന്നുമുളള സൂചനകളാണു ശക്തം.
പലതാണ് പാര്‍ട്ടിയുടെ മുമ്പിലുള്ള വഴി. അവ ഇങ്ങനെയാണ്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി തുടരുക. ബിനീഷിനെ തള്ളിപ്പറയുന്ന സമീപനവും തുടരുക. കേസ് പ്രതിരോധിക്കാന്‍ കുടുംബത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുക.
തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ മകന്റെ കേസ് ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കുന്നതു ചൂണ്ടിക്കാട്ടി കോടിയേരി രാജിസന്നദ്ധത അറിയിക്കുക. അദ്ദേഹത്തിന്റെ പൂര്‍ണ സമ്മതത്തോടെയും അംഗീകാരത്തോടെയും തീരുമാനമെടുക്കുക.
രോഗ സാഹചര്യം കൂടി ചൂണ്ടിക്കാട്ടി പാര്‍ട്ടി സെക്രട്ടറി പദത്തില്‍ നിന്ന് അവധിയില്‍ പ്രവേശിക്കുക. പകരം മറ്റൊരാള്‍ക്കു ചുമതല നല്‍കുക. വിദേശത്തു ചികിത്സയ്ക്കു പോയപ്പോള്‍ പോലും കോടിയേരി അവധിക്ക് അപേക്ഷിച്ചിരുന്നില്ല എന്നതും കണക്കിലെടുക്കേണ്ടി വരും. കൊച്ചിയിലും തലസ്ഥാനത്തുമായിട്ടാണ് ഇപ്പോള്‍ ചികിത്സ.
കോടിയേരി മാറുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്താല്‍ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നീ പിബി അംഗങ്ങളില്‍ ഒരാള്‍ക്കു സെക്രട്ടറിയുടെ ചുമതല കൈമാറാം. പിബിയില്‍ നിന്ന് ഇവരെ പരിഗണിക്കേണ്ടെന്നു തീരുമാനിച്ചാല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനോ എം.വി. ഗോവിന്ദനോ ആണ് കൂടുതല്‍ സാധ്യത.
അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ പരസ്യനിലപാട് എടുക്കാതിരുന്ന സിപിഎം, അണിയറയില്‍ എല്ലാ സന്നാഹങ്ങളുമായി തയാറെടുത്തു.
റെയ്ഡിനെതിരെ ബിനീഷിന്റെ കുടുംബാംഗങ്ങള്‍ പ്രതിഷേധം തുടങ്ങി വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും തലസ്ഥാനത്തുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സ്ഥിതി ചര്‍ച്ച ചെയ്തു. റെയ്ഡില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതേസമയം, ബിനീഷിനെതിരായ അന്വേഷണം നടക്കട്ടെ എന്ന പരസ്യ നിലപാട് നേരത്തേ സ്വീകരിച്ചതിനാല്‍ അതിനു വിരുദ്ധമായ പ്രതികരണം വേണ്ടെന്നും തീരുമാനിച്ചു. ഇഡി തുടര്‍ന്നാല്‍ നേതാക്കളുടെ ഒരു സംഘം ബിനീഷിന്റെ വീട്ടിലേക്കു പോകണമെന്ന അഭിപ്രായം ഉപേക്ഷിച്ചു. അതേസമയം കുടുംബം പൊലീസിനെയും കോടതിയെയും ബാലാവകാശ കമ്മിഷനെയും സമീപിക്കാന്‍ ഉപദേശം നല്‍കുകയും ചെയ്തു. വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി റെയ്ഡിനെ ന്യായീകരിച്ചില്ല. ഇങ്ങനെ നീളുന്ന് റെയ്ഡ് പുക്കാറിന്റെ ബാക്കിയെല്ലാം ഇന്നും നാളത്തേയും പാര്‍ട്ടി യോഗങ്ങളാണ്. എന്തുണ്ടാകുമെന്ന് 24 മണിക്കൂറിനകം അറിയാം.
https://www.facebook.com/Malayalivartha