ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ആദ്യമായി സമ്പൂർണ്ണ സെക്രട്ടറിയേറ്റ് യോഗം ഇന്ന്! സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജൻസികൾക്കെതിരായ പ്രചാരണം ശക്തമാക്കാൻ സിപിഎം നീക്കം.... കോടിയേരിക്ക് ആരോഗ്യപ്രശ്നങ്ങൾ കൂടി... ശ്രദ്ധവേണമെന്ന് ഡോക്ടറും നിർദേശം! സെക്രട്ടറിസ്ഥാനത്തുനിന്ന് തത്‌കാലം അവധി എടുത്തേക്കുമെന്ന് സൂചനകൾ

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജൻസികൾക്കെതിരായ പ്രചാരണം ശക്തമാക്കാനാണ് സിപിഎം നീക്കം. ബിനീഷ് വിഷയത്തിൽ നിന്നും ഒഴിഞ്ഞ് മാറുമ്പോഴും ബിനീഷിന്‍റെ വീട്ടിലെ ഇഡിയുടെ വിവാദ നടപടികൾ രാഷ്ട്രീയമായി ഉയർത്താനും സിപിഎം തയ്യാറെടുക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ നേരിടുന്ന പ്രതിസന്ധി മറികടക്കുകയാണ് സിപിഎമ്മിന് മുന്നിലെ വെല്ലുവിളി.
അതേസമയം ബിനീഷിന്റെ വീട്ടിലെ ഇ.ഡി. പരിശോധന മനുഷ്യാവകാശംപോലും ലംഘിക്കുന്ന വിധത്തിലാണെന്നാണ് സി.പി.എം. വിലയിരുത്തിയത്. അന്വേഷണം രാഷ്ട്രീയലക്ഷ്യത്തോടെ അതിരുവിടുമ്പോൾ അതിനെ നേരിടേണ്ടതുണ്ടെന്നാണ് നേതാക്കളുടെ വികാരം. ബിനീഷിന്റെ കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസും ബാലാവകാശ കമ്മിഷനും ഉടനടി ഇടപെട്ടത് ഇതുകൊണ്ടുകൂടിയാണ്. അവകാശലംഘനവുമായി ജെയിംസ് മാത്യു ഇ.ഡി.ക്കെതിരേ രംഗത്തുവന്നതിന്റെ കാരണവും അതാണ്.
വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്യുന്നുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളിലേക്കുള്ള അന്വേഷണം അവർ തുടങ്ങിവെച്ചിട്ടുമുണ്ട്. ഇതെല്ലാം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നാണ് സർക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. എതിർപ്പുകളെ നേരിട്ട് പദ്ധതി നിർവഹണം പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചത്. സി.പി.എം. സംസ്ഥാന നേതൃയോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുകയാണ്. മകനെതിരേയുള്ള കേസുകളിൽ രക്ഷകനായോ സഹായിയായോ താനുണ്ടാവില്ലെന്ന് കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽത്തന്നെ കോടിയേരി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് പാർട്ടിയുടെ നിലപാടായി അംഗീകരിച്ചത്.
കേസും അന്വേഷണവും അന്നത്തെക്കാൾ ഇന്ന് രൂക്ഷമായി. കോടിയേരിക്ക് ആരോഗ്യപ്രശ്നങ്ങളും കൂടി. ശ്രദ്ധവേണമെന്ന് ഡോക്ടറും നിർദേശിച്ചിട്ടുണ്ട്. അതിനാൽ, സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം തത്‌കാലം അവധി എടുത്തേക്കുമെന്ന് സൂചനകളുണ്ട്. നേരത്തേ അസുഖം വന്നപ്പോൾത്തന്നെ മാറിനിൽക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത് തള്ളി, പാർട്ടി സെന്റർ എന്ന നിലയിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂട്ടായി സെക്രട്ടറിയുടെ ചുമതല നിർവഹിക്കാമെന്നാണ് തീരുമാനിച്ചത്. രാഷ്ട്രീയമായി പ്രതിരോധത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതി കോടിയേരിക്ക് ഇപ്പോഴില്ല. പാർട്ടിവേദികളിൽ അദ്ദേഹത്തിന്റെ അഭാവമുണ്ടായാൽ അത് ജനങ്ങളെ നേരിടുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്ന് യു.ഡി.എഫും ബി.ജെ.പി.യും പ്രചരിപ്പിക്കാനും സാധ്യതയുണ്ട്. ഒന്നുകിൽ രോഗം മറന്നും പാർട്ടിയെ നയിക്കാൻ കോടിയേരി തയ്യാറാവണം. അല്ലെങ്കിൽ തത്‌കാലം അവധിയെടുക്കണം. രണ്ടായാലും കോടിയേരിയെ പൂർണമായി കൂടെനിർത്തിയുള്ള നിലപാടാണ് സി.പി.എം. സ്വീകരിക്കുക.
അതേസമയം ബിനീഷ് കോടിയേരിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ മുൻകൂറായി തനിക്ക് പ്രവചനം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിനീഷിന്റെ തലസ്ഥാനത്തെ വീട്ടിൽ ഇന്നലെ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളും മനുഷ്യാവകാശലംഘനം നടന്നെന്ന കുടുംബത്തിന്റെ പരാതികളും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്, കേസിന്റെ മെരിറ്റിലേക്ക് കടക്കാതെയും അന്വേഷണ ഏജൻസിയെ തള്ളിപ്പറയാതെയുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതൊരു അന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണ്.
എന്താണ് അവരുടെ കൈയിലുള്ളതെന്നറിയാതെ നമുക്കൊന്നും പറയാനാവില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് നേരിടുന്നതിന് നിയമങ്ങളുണ്ട്. അതിനുള്ള നടപടികൾ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കും. അക്കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചൊന്നും പറയാനാവില്ല. ഒരു വ്യക്തിക്കെതിരെ ഉയർന്നുവന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമാണിത്. സി.പി.എം നേരത്തേ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ കുടുംബത്തിന് ചില ന്യായമായ പരാതികളുണ്ടാവാം. അതിനനുസരിച്ചുള്ള നിയമപരമായ കാര്യങ്ങളും നടന്നിട്ടുണ്ടാവാം. അത് മാത്രമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. . അന്വേഷണ ഏജൻസി വന്നതിൽ ,കുടുംബത്തിന് യോജിക്കാത്ത ചില കാര്യങ്ങളുണ്ടായി. അതിലവർക്ക് പരാതികളുമുണ്ടായി. അതാണ് നാം കാണേണ്ടത്. കുടുംബത്തിന്റെ പരാതി അതുകൊണ്ട് ഇല്ലാതാവുന്നില്ലല്ലോ- മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha