കാര്യങ്ങള്‍ മാറുന്നു... എം.എ. ബേബിയെ പാര്‍ട്ടി സെക്രട്ടറിയാക്കാനുള്ള വഴിയൊരുക്കാനാണ് എ വിജയരാഘവന് നിയമിച്ചതെന്ന് റിപ്പോര്‍ട്ട്; പഴയ പ്രതാപമായി എം.എ. ബേബിയെ കൊണ്ടുവരുമ്പോള്‍ അമ്പരപ്പ്; ഇത് യച്ചൂരിയുടെ പ്ലാന്‍ ബി!

ഒടുവില്‍ ബേബി വരുന്നു. കേരളം പഴയ കേരളമല്ല. പക്ഷേ ബേബി പഴയ ബേബി തന്നെ. 916 കാരറ്റ് സ്വര്‍ണ്ണമാണ് കേരളത്തിന് ബേബി. അഴിമതിക്കറ തീണ്ടാത്ത ഒരു പഴയ കമ്യൂണിസ്റ്റ് എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിപ്പിച്ച് പിണറായി തോല്‍പ്പിച്ച ബേബി ആര്‍ക്കുമുന്നിലും തലകുനിക്കാത്ത തലയെടുപ്പ്.
കോടിയേരിയും പിണറായിയും ചേര്‍ന്ന് അരിഞ്ഞിട്ടും വാക്കത്തിക്ക് മൂര്‍ച്ച പോരാത്തതിനാല്‍ രക്ഷപ്പെട്ട് പി.ബിയിലെത്തിയ നേതാവ്.സര്‍വോപരി കടലിനും കടലോളങ്ങള്‍ക്കും പ്രിയപ്പെട്ട താടിക്കാരന്‍. ബേബിയെ സഹ്യാദ്രികള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിട്ടത് പിണറായി.പക്ഷേ തിരികെയെത്തിക്കുന്നത് സീതാറാം യച്ചൂരി. അതെ യച്ചൂരിയുടെ മധുരമായ പകരം വീട്ടലാണ് ഇത്. ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന അടുത്ത സി പി എം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടറിയായി എം എ ബേബിയെ കൊണ്ടുവരാനാണ് യച്ചൂരിയുടെ തീരുമാനം.
ബേബി പി.ബിയിലെ മുതിര്‍ന്ന നേതാവാണ് ഇപ്പോള്‍. ആറു മാസത്തിനുള്ളില്‍ പിണറായിയുടെ പ്രഭാവം അവസാനിക്കുമെന്നാണ് യച്ചൂരി കരുതുന്നത്. കേരളത്തില്‍ സി പി എം ദയനീയമായി തോല്‍ക്കും. പ്രതിപക്ഷ നേതാവാകാന്‍ പോലും കഴിയാത്ത തരത്തില്‍ പിണറായി അപ്രസക്തനാവും. സ്വര്‍ണ്ണകടത്ത് കേസ് മുന്നോട്ടുപോകുമ്പോള്‍ പിണറായി സ്വയം താഴെ വീഴുമെന്ന് യച്ചൂരിക്കറിയാം.
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പദത്തില്‍നിന്ന് അവധിയെടുക്കുമ്പോള്‍ പകരംചുമതല വിജയരാഘവന് നല്‍കാന്‍ തീരുമാനിച്ചത് യച്ചൂരിയാണ്. അത് കണ്ണൂര്‍ ലോബിയെ പൊളിക്കണമെന്ന ലക്ഷ്യത്തോടെയാണ്.
അടുത്ത സമ്മേളനത്തില്‍ സെക്രട്ടറിയാകാന്‍ വിജയരാഘവന്‍ അവകാശവാദം ഉന്നയിക്കരുത്. അതുകൊണ്ടാണ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തിരിക്കെത്തന്നെ സെക്രട്ടറിയുടെ ചുമതലയും എ. വിജയരാഘവനു നല്‍കിയത്.
പാര്‍ട്ടിയുടെ താത്കാലിക ചുമതല നല്‍കുന്നത് സ്ഥിരം 'നിയമന'ത്തിനുള്ള യോഗ്യതയായി സി.പി.എം. ഒരിക്കലും പരിഗണിക്കാറില്ല. സി.എച്ച്. കണാരന്‍ അസുഖബാധിതനായപ്പോള്‍ ഇ.കെ. നായനാര്‍ക്കായിരുന്നു സെക്രട്ടേറിയറ്റില്‍ ഏകോപനച്ചുമതല. എന്നാല്‍, സി.എച്ചിനു ശേഷം എ.കെ.ജി.യാണ് സംസ്ഥാന സെക്രട്ടറിയായത്. ചടയന്‍ ഗോവിന്ദന് അസുഖമായപ്പോള്‍ കോടിയേരിക്കായിരുന്നു ഏകോപനച്ചുമതല. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായത് പിണറായി വിജയനും.
കോടിയേരി നേരത്തേ ചികിത്സയ്ക്കു പോയപ്പോള്‍ ആറുമാസത്തോളം പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് എം.വി. ഗോവിന്ദനാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയും ഇപ്പോള്‍ സംസ്ഥാനത്തെ സെക്രട്ടേറിയറ്റ് യോഗങ്ങളിലടക്കം പങ്കെടുക്കാറുമുണ്ട്. എം.എ. ബേബിക്ക് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുടെയും എസ്.ആര്‍.പി.ക്ക് ദേശീയ സെന്ററിന്റെയും ചുമതലയാണ്. എന്നാല്‍, സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഇവരെ ഏല്‍പ്പിക്കാന്‍ പ്രയാസമില്ല.
ഒരു പി.ബി. അംഗത്തിന് താത്കാലിക ചുമതല നല്‍കിയാല്‍ അടുത്ത സമ്മേളനത്തില്‍ അവരെ മാറ്റി മറ്റൊരാളെ സെക്രട്ടറിയാക്കുന്നത് ബുദ്ധിമുട്ടാകും. എസ്.ആര്‍.പി. സെക്രട്ടറി സ്ഥാനത്തേക്കു വരുന്നതിന് പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിര്‍പ്പുണ്ടാകില്ലെങ്കിലും ബേബിയോട് അങ്ങനെയല്ല. ബേബിയെ മാറ്റി എസ്.ആര്‍.പി.ക്കു നല്‍കുന്നത് അനുചിതമാവും. ഇതാണ് വിജയരാഘവന്റെ പേര് നിര്‍ദേശിക്കാന്‍ കാരണം.പിണറായി തകരുമ്പോള്‍ ബേബിയെ നിഷ്പ്രയാസം എത്തിക്കാം.
2002ല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാവുകയും എം.എ. ബേബിക്കൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് വിജയരാഘവന്‍. അതിനാല്‍, സീനിയോറിറ്റി ചോദ്യംചെയ്യപ്പെടില്ല. ഇ.പി. ജയരാജനെ സെക്രട്ടറിയാക്കാന്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നയാളാണ് പിണറായി. ഇപ്പോള്‍, ജയരാജന്‍ മന്ത്രിയായതിനാലാണ് ചുമതല നല്‍കാത്തത്.
ഒരുവര്‍ഷത്തിനു ശേഷം അടുത്ത പാര്‍ട്ടി സമ്മേളനം നടക്കും. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സെക്രട്ടറിയെ നിര്‍ണയിക്കാനും അത് അംഗീകരിക്കാനും വിജയരാഘവനോളം വിശ്വസ്തനായ മറ്റൊരാളില്ല.
കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യങ്ങള്‍ ഉണ്ടായപ്പോള്‍ പകരം ക്രമീകരണമുണ്ടാക്കുകമാത്രമാണ് ചെയ്തതെന്ന് വിജയരാഘവന്‍ പറഞ്ഞു . ചുമതലകള്‍ വഹിക്കുന്നവര്‍ക്ക് അസൗകര്യങ്ങളുണ്ടാകുമ്പോള്‍ ഇത്തരം ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. പ്രതിപക്ഷം ഒരിക്കലും ഞങ്ങളെ സഹായിക്കുന്ന പ്രസ്താവനകള്‍ നടത്താറില്ല. കൃത്യമായ കാര്യങ്ങള്‍ പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ട്. ബാക്കിയെല്ലാം കെട്ടുകഥയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha