വിടില്ല ഒരുത്തനേം... സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാനെത്തിയത് 5 ദേശീയ ഏജന്‍സികള്‍; ഒരേ കുറ്റകൃത്യമാണെങ്കിലും ഒരേ പ്രതികളാണെങ്കിലും 5 ഏജന്‍സികളുടെ കേസ് പരിഗണിക്കുന്നത് 5 കോടതികള്‍; ഒന്നില്‍ വീണാലും മറ്റൊരു കേസില്‍ പിടി മുറുക്കി മുഴുവന്‍ പേരേയും കൊണ്ടു വരാന്‍ അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസ് എരിപിരി കൊള്ളുന്ന കാലത്ത് രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ നിര്‍ണായക നീക്കങ്ങളാണ് 5 ദേശീയ ഏജന്‍സികളെ കേരളത്തിലേക്കയച്ചത്. കേസ് ഒന്നാണെങ്കിലും പ്രതികള്‍ ഒന്നാണെങ്കിലും പെട്ടന്ന് ഊരിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ 4 ദേശിയ ഏജന്‍സികളേയാണ് അയച്ചത്. കസ്റ്റംസ്, എന്‍ഐഎ, ഇഡി, എഫ്‌സിആര്‍എ എന്നിവയാണവ. എന്നാല്‍ സംസ്ഥാനത്തിന്റെ വകയായി സംസ്ഥാന വിജിലന്‍സിനെ കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ അഞ്ചായി. അങ്ങനെ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിന്റെ അസാധാരണമായ പ്രത്യേകതയായി ഇത് മാറി. നിയമത്തിന്റെ 5 കൈവഴികളിലൂടെ ഒരേ സമയമാണ് സ്വര്‍ണക്കടത്തു കേസ് അന്വേഷണം പുരോഗമിക്കുന്നത്.
കസ്റ്റംസ് കേസില്‍ പ്രതികള്‍ 21 ആണ്. അറസ്റ്റില്‍ 19 പേര്‍.അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ പദവിയുള്ള കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയ്ക്കാണ് മേല്‍നോട്ട ചുമതല.
2020 ജൂണ്‍ 30ന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കു വന്ന 79 കിലോഗ്രാം തൂക്കമുള്ള നയതന്ത്ര പാഴ്‌സല്‍, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തടഞ്ഞുവയ്ക്കുന്നു. യുഎഇ എംബസിയുമായി വിദേശകാര്യവകുപ്പ് ബന്ധപ്പെട്ട് പാഴ്‌സല്‍ തുറക്കാനുള്ള അനുവാദം വാങ്ങി ജൂലൈ 5 നാണു കസ്റ്റംസ് പാഴ്‌സല്‍ തുറക്കുന്നത്. 24 കാരറ്റിന്റെ 30 കിലോഗ്രാം തൂക്കം വരുന്ന 14.82 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയതോടെ കസ്റ്റംസ് കേസിനു തുടക്കം.
അടുത്തത് എന്‍ഐഎയാണ്. കേസില്‍ 35 പ്രതികള്‍. അറസ്റ്റില്‍ 21 പേര്‍. അതില്‍ 9 പിടികിട്ടാപ്പുള്ളികള്‍. മേല്‍നോട്ട ചുമതലഅഡീ.സെഷന്‍സ് കോടതിയുടെ പദവിയുള്ള കൊച്ചിയിലെ എന്‍ഐഎ കോടതി.
പാഴ്‌സല്‍ കൈപ്പറ്റിയ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ പി.എസ്. സരിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് അന്വേഷണം 3 ദിവസം പിന്നിട്ട ഘട്ടത്തില്‍ കള്ളക്കടത്തിനു പിന്നിലെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് എന്‍ഐഎ ചുമതലപ്പെടുത്തി.
ജൂലൈ 9 നു അന്വേഷണം തുടങ്ങി. രണ്ടാം ദിവസം മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരുവില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു.
ഇഡിയുടെ മേല്‍നോട്ട ചുമതല കൊച്ചിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ക്കാണ്. എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍ ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവും സ്വര്‍ണവും കണ്ടെത്തിയത്. കള്ളപ്പണം പിടിച്ചെടുക്കാനും സ്രോതസ്സ് അന്വേഷിക്കാനും അധികാരപ്പെട്ട എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് റജിസ്റ്റര്‍ ചെയ്തു. എന്‍ഐഎ നേരിട്ടു രേഖപ്പെടുത്തുന്ന മൊഴികളേക്കാള്‍ ആധികാരികത തെളിവു നിയമപ്രകാരം ഇഡി, കസ്റ്റംസ് എന്നിവരുടെ മൊഴികള്‍ക്കുണ്ട്.
അഴിമതി നിരോധന നിയമ പ്രകാരമാണ് സംസ്ഥാന വിജിലന്‍സ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മേല്‍നോട്ട ചുമതല തിരുവനന്തപുരം വിജിലന്‍സ് കോടതിയ്ക്കാണ്. ലോക്കറില്‍ കണ്ടെത്തിയ കള്ളപ്പണത്തിന്റെ ഉറവിടം സ്വര്‍ണക്കടത്താണെന്ന അന്വേഷണ സംഘങ്ങളുടെ ആരോപണത്തെ എതിര്‍ക്കാനാണു സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ സ്വപ്ന സുരേഷ് നടത്തിയത്. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കാന്‍ യുഎഇ റെഡ് ക്രസന്റ് സംഭാവന ചെയ്ത 18 കോടി രൂപയില്‍ നിന്നു ലഭിച്ച കമ്മിഷന്‍ തുകയാണു ലോക്കറിലുള്ളതെന്നാണു സ്വപ്ന മൊഴി നല്‍കിയത്. നിര്‍മാണ പദ്ധതി ലഭിച്ച യൂണിടാക് കമ്പനി നല്‍കിയ 4.48 കോടി രൂപ കമ്മിഷനില്‍ നിന്നുള്ള തുകയാണിതെന്നും സ്വപ്ന മൊഴി നല്‍കി. ഉദ്യോഗസ്ഥര്‍ കോഴ ഇടപാടുകള്‍ നടത്തിയളട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം തുടങ്ങുംമുന്‍പ്, സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയ്ക്കാണ് സിബിഐയുടെ മേല്‍നോട്ട ചുമതലയുള്ളത്. സ്വപ്ന സുരേഷ് യൂണിടാക് കമ്മിഷനെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയതോടെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ (എഫ്‌സിആര്‍എ) നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കപ്പെടാതെയാണു വിദേശ സംഘടനയുടെ 18 കോടി രൂപ ലൈഫ് മിഷനുവേണ്ടി യൂണിടാക് സ്വീകരിച്ചതെന്ന നിയമപ്രശ്‌നം ഉദിച്ചു. ഇന്ത്യയിലെ എഫ്‌സിആര്‍എ ചട്ടലംഘനങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള സിബിഐ കടന്നുവരുന്നത് അങ്ങനെയാണ്. ചട്ടലംഘനത്തിനൊപ്പം ലൈഫ് പദ്ധതിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ കോഴ ഇടപാടുകള്‍ നടത്തിയട്ടുണ്ടോയെന്നും സിബിഐക്ക് അന്വേഷിക്കാം. എന്നാല്‍, കേസില്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ സിബിഐ പ്രതിചേര്‍ക്കുന്നതു തടയാന്‍ ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങി. സ്റ്റേ മാറ്റി കത്തിക്കയറാനിരിക്കുകയാണ് സിബിഐ. അങ്ങനെ ഒന്നില്‍ പിഴച്ചാല്‍ മറ്റൊന്നില്‍ വീഴ്ത്താനാണ് ശ്രമം.
"
https://www.facebook.com/Malayalivartha