കാറ്റുമില്ല കോളുമില്ല... വിവാദങ്ങള്‍ക്ക് വിട നല്‍കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല നട ഇന്ന് തുറക്കും; മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ നാളെ തുടക്കം; കോവിഡ് കാലത്ത് ശബരിമലയിലെ വിശേഷങ്ങളറിഞ്ഞ് വേണം മലകയറാന്‍

കാറ്റും കോളുമില്ലാതെ ശബരിമല ഇന്ന് നട തുറക്കുകയാണ്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് വൃശ്ചികം ഒന്നാം തീയതിയായ നാളെ തുടക്കമാവും. രാവിലെ അഞ്ചു മണിക്ക് ദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് അടയ്ക്കുന്ന നട വൈകിട്ട് നാലിന് തുറക്കും. രാത്രി പത്തരയ്ക്ക് അടയ്ക്കും. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിദിനം ആയിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. കോവിഡ് സാഹചര്യത്തില്‍ ഭക്തര്‍ അവരവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം.
തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിച്ച ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ ദീപം ജ്വലിപ്പിക്കും. തുടര്‍ന്ന് നിയുക്ത മേല്‍ശാന്തിമാര്‍ ഇരുമുടിക്കെട്ടുമായി പടികയറി ദര്‍ശനം നടത്തും.
ഇത്തവണ തിക്കും തിരക്കുമില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പൊലീസ് ഉണ്ടാകില്ല. പതിനെട്ടാംപടിക്ക് താഴെ കൈകാലുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടില്‍ നിന്ന് ഭക്തരെ ഫ്‌ളൈ ഓവര്‍ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ് തേങ്ങ സ്വീകരിക്കാന്‍ കൗണ്ടറുണ്ട്. മാളികപ്പുറം ദര്‍ശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറില്‍ നിന്ന് നെയ്യ് നല്‍കും. അരവണയും അപ്പവും ആഴിക്ക് സമീപത്തെ കൗണ്ടറില്‍ നിന്ന് ലഭിക്കും. പമ്പയില്‍ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല.
ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്.
1. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന പൊതുവായ കോവിഡ്19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. തീര്‍ത്ഥാടകര്‍ ഒരിക്കലും അടുത്തടുത്ത് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിദിനം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കരുത്.
2. യാത്ര ചെയ്യുമ്പോള്‍ കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ഉപയോഗിക്കല്‍ എന്നിവ പാലിക്കേണ്ടതാണ്. യാത്രയില്‍ കൈ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്.
3. അടുത്തിടെ കോവിഡ്19 ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസതടസം, മണം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.
4. എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരേണ്ടതാണ്. പ്രധാന പൊതുസ്ഥലങ്ങളിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താവുന്നതാണ്.
5. റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാ ഫലവും സ്വീകരിക്കുന്നതാണ്. എങ്കിലും യാത്രയിലെ മുന്‍കരുതലുകളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാക്കാന്‍ അനുവദിക്കില്ല.
6. ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. എല്ലാവരും ശാരീരിക അകലം പാലിക്കുകയും ഫെയ്‌സ് മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.
7. കോവിഡ്19 ല്‍ നിന്ന് സുഖം പ്രാപിച്ച രോഗികളില്‍ 10 ശതമാനം പേര്‍ക്ക് 3 ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന രോഗ ലക്ഷണങ്ങള്‍ കാണാം. 2 ശതമാനം പേര്‍ക്ക് 3 മാസത്തോളം കാലമെടുക്കും അത് മാറാന്‍. അവയില്‍ ചിലത് കഠിനമായ അധ്വാനത്തിനിടയില്‍ പ്രകടമായേക്കാം. അത്തരക്കാര്‍ മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ കോവിഡ്19 ഭേദമായവര്‍ തീര്‍ത്ഥാടനത്തിന് പോകുന്നതിനുമുമ്പ് അവരുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും തീര്‍ത്ഥാടനത്തിന് മുമ്പായി പള്‍മോണോളജി, കാര്‍ഡിയോളജി ഫിറ്റ്‌നസ് എന്നിവ അഭികാമ്യമാണ്.
8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ ബാഹുല്യം ഒഴിവാക്കണം. ആളുകളുടെ ഒത്തുകൂടല്‍ ഒരു സ്ഥലത്തും അനുവദിക്കില്ല. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണു വിമുക്തമാക്കേണ്ടതാണ്.
9. തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും മുകളില്‍ സൂചിപ്പിച്ചതുപോലെ എല്ലാ ആരോഗ്യ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.
ഇങ്ങനെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മല കയറിയാല്‍ സുരക്ഷിതമായ ഒരു തീര്‍ത്ഥാടന കാലമായിരിക്കും ഇത്.
"
https://www.facebook.com/Malayalivartha