സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി നല്‍കിക്കാന്‍ സര്‍ക്കാര്‍

സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മസാല ബോണ്ടിറക്കി വിദേശത്തു നിന്നു കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തതു ഭരണഘടനാ ലംഘനമാണെന്ന പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നല്‍കിക്കാന്‍ സര്‍ക്കാര്‍. ധനസെക്രട്ടറിയോ അതിനു താഴെയുള്ള ഉദ്യോഗസ്ഥരോ സിഎജിയുടെ നിരീക്ഷണങ്ങള്‍ക്കു മറുപടി നല്‍കുകയാണു പതിവ്. എന്നാല്‍, ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ചീഫ് സെക്രട്ടറിയെത്തന്നെ ഇതിനായി നിയോഗിച്ചതു സര്‍ക്കാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനു തുനിയുന്നതിന്റെ സൂചനയാണ്. ഇതിന്റെ ആദ്യപടിയായി കിഫ്ബിയില്‍ നിന്നും നിയമവിദഗ്ധരില്‍ നിന്നും ധനവകുപ്പ് വിശദാംശങ്ങള്‍ ശേഖരിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്തു നിന്നു ധനം സമാഹരിക്കാന്‍ പാടില്ലെന്ന ഭരണഘടനയിലെ 293(1) അനുച്ഛേദം ലംഘിച്ചാണ്, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കി കിഫ്ബി 2150 കോടി രൂപ സ്വീകരിച്ചതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. സര്‍ക്കാരിനു കീഴിലെ സ്ഥാപനമായതിനാല്‍ കിഫ്ബിക്കും ഇതു ബാധകമാണ്. കിഫ്ബി സര്‍ക്കാരിനു മേല്‍ ഇതുവരെ 3100 കോടിയുടെ അധിക കടബാധ്യത സൃഷ്ടിച്ചെന്നും സിഎജി ചൂണ്ടിക്കാട്ടി.
എന്നാല്‍, കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് സംസ്ഥാന സര്‍ക്കാരിനു ബാധകമായ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാകും ചീഫ് സെക്രട്ടറി മറുപടി നല്‍കുക. അനുച്ഛേദം 293(1) കിഫ്ബിക്കു ബാധകമായാല്‍ പോലും അനുമതിയോടെ വിദേശത്തു നിന്നു പണം സമാഹരിക്കാന്‍ ഭരണഘടന തന്നെ അനുവാദം നല്‍കിയിട്ടുണ്ട്.
കിഫ്ബിക്ക് മസാല ബോണ്ടിറക്കാന്‍ തടസ്സമില്ലെന്നു കാട്ടി റിസര്‍വ് ബാങ്ക് കൈമാറിയ കത്തും സിഎജിക്ക് ചീഫ് സെക്രട്ടറി നല്‍കും. പാര്‍ട്ടിയുമായും അഡ്വക്കറ്റ് ജനറലുമായും ആലോചിച്ച ശേഷമാണു ധനമന്ത്രി തോമസ് ഐസക് സിഎജിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രംഗത്തിറങ്ങിയത്.
അതിനിടെ സിഎജി കരടു റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തു വിട്ടതു മന്ത്രിക്കു തലവേദന സൃഷ്ടിക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. കരടു റിപ്പോര്‍ട്ടുകള്‍ ചോരാറുണ്ടെങ്കിലും അതു പരസ്യമായി വിളിച്ചുപറഞ്ഞു പുറത്തുവിട്ടതിനാല്‍ സഭയുടെ അവകാശം ലംഘിച്ചെന്നു മന്ത്രിക്കു സമ്മതിക്കേണ്ടി വരും.
https://www.facebook.com/Malayalivartha