മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേരളം വീണ്ടും വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നു

കേരളം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് വീണ്ടും വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജലവിഭവ വകുപ്പിനു കീഴിലെ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച് ബോര്‍ഡ് (ഐഡിആര്‍ബി) ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു ശുപാര്‍ശ നല്‍കി. 10 വര്‍ഷം മുമ്പ് തയാറാക്കിയ ഡിപിആര്‍ ആണ് പുതുക്കുന്നത്.
ചീഫ് എന്‍ജിനീയര്‍ (ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, തിരുവനന്തപുരം) ചെയര്‍മാനും, ചീഫ് എന്‍ജിനീയര്‍ (ഐഡിആര്‍ബി) കോ ചെയര്‍മാനും, ഐഡിആര്‍ബി ഡയറക്ടര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ (മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍, എറണാകുളം), എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, കട്ടപ്പന) തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതി ഡിപിആര്‍ തയാറാക്കുന്നതിന് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ അണക്കെട്ടിന് 2011 -ലാണ് കേരളം ശുപാര്‍ശ ചെയ്തത്. 4 വര്‍ഷത്തിനുള്ളില്‍ 663 കോടി രൂപ ചെലവില്‍ അണക്കെട്ടു നിര്‍മിക്കാനാകും എന്നായിരുന്നു കേരളത്തിന്റെ ശുപാര്‍ശ. എന്നാല്‍ ശുപാര്‍ശ നിയമക്കുരുക്കില്‍പെട്ടതോടെ പദ്ധതി മരവിച്ചു. പുതിയ ഡാം നിര്‍മിക്കുന്നതിന് മുന്നോടിയായി മണ്ണു പരിശോധനയും മറ്റും കേരളം പൂര്‍ത്തിയാക്കിയെങ്കിലും തമിഴ്‌നാട് എതിര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ പദ്ധതി താല്‍ക്കാലികമായി തടസ്സപ്പെട്ടു. ഈ വിഷയത്തില്‍, പരിശോധനയുമായി മുന്നോട്ടു പോകാമെന്നു കേരളത്തിനു സുപ്രീംകോടതി പച്ചക്കൊടി കാട്ടിയതോടെ തടസ്സങ്ങള്‍ നീങ്ങി. പുതിയ അണക്കെട്ടു നിര്‍മിക്കണമെങ്കില്‍, കുറഞ്ഞത് 1000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണു ജല വിഭവ വകുപ്പിന്റെ കണക്കുകൂട്ടല്‍.
കേരളം അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി 2014-ല്‍ പരിസ്ഥിതി ആഘാത പഠനത്തിന് അപേക്ഷ നല്‍കിയെങ്കിലും 4 വര്‍ഷത്തിനു ശേഷമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. പഠനത്തിനു ചുമതലപ്പെടുത്തിയത് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ്. ഈ മാസം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും, കോവിഡ് പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും കഴിയാത്ത സാഹചര്യമാണെന്ന് പ്രഗതി ലാബ്‌സ്, കേരള സര്‍ക്കാരിനെ അറിയിച്ചു. 6 മാസം കൂടി നീട്ടി നല്‍കാനാണ് കേരളത്തിന്റെ നീക്കം.
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനു കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം.
https://www.facebook.com/Malayalivartha