ലക്ഷ്യം ഇതൊന്നുമല്ല... ശിവശങ്കര്‍ കുടുങ്ങിയതിന് പിന്നാലെ ഐ ഫോണ്‍ വെളിപ്പെടുത്തല്‍ നടത്തി പലരുടേയും ഉറക്കം കളഞ്ഞ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും കുരുക്ക് മുറുക്കി ഇഡി; ശിവശങ്കറുമായി ചേര്‍ന്ന് വന്‍ ഇടപാടുകള്‍ക്കു പദ്ധതിയിട്ടതായി സൂചന; സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയിലേക്ക് മാറ്റാന്‍ നീക്കം

ഐ ഫോണുകളുടെ വെളിപ്പെടുത്തലുകള്‍ നടത്തി ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും ഒരു പോലെ വെള്ളം കുടുപ്പിച്ച യൂണിടാക്ക് ഉടമയായ സന്തോഷ് ഈപ്പന് കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ്. 5 ഐ ഫോണില്‍ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് സ്വപ്ന നല്‍കിയെന്ന് പറഞ്ഞതോടെ വലിയ വിവാദമായി. ചെന്നിത്തലയ്ക്ക്‌മേല്‍ ആരോപണം ശക്തിപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ക്കാണ് ഫോണ്‍ കിട്ടിയതെന്ന് പറഞ്ഞ് ചെന്നിത്തല ആഞ്ഞടിച്ചു. മാത്രമല്ല ഡിജിപിക്ക് പരാതിയും നല്‍കി. അവസാനം അതിലൊരു ഫോണ്‍ ശിവശങ്കര്‍ക്ക് സ്വപ്ന ജന്മദിന സമ്മാനമായി നല്‍കിയെന്നും ഇഡി കണ്ടെത്തി. ഇതിന് പിന്നാലെ സന്തോഷ് ഇപ്പന് മേല്‍ ഇഡി കുരുക്ക് മുറുക്കുകയാണ്.
എം. ശിവശങ്കര്‍ യൂണിടാക്ക് ഉടമയായ സന്തോഷ് ഈപ്പനുമൊത്ത് വന്‍കിട ഇടപാടുകള്‍ക്കു പദ്ധതിയിട്ടിരുന്നെന്ന് ഇഡിയുടെ കണ്ടെത്തല്‍. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴയിടപാടോടെയാണു ബന്ധം ദൃഢമായത്. ചോദ്യംചെയ്യലില്‍ പല വിവരങ്ങളും മറച്ചുവച്ചെന്നു വ്യക്തമായതോടെ സന്തോഷിനെ പ്രതിയാക്കാന്‍ സാധ്യതയേറി.
ഇ.ഡിയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സന്തോഷ് ഈപ്പന്‍ രണ്ടാം സാക്ഷിയാണ്. സ്വപ്‌ന സുരേഷിനെ കഴിഞ്ഞ പത്തിനു ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് സന്തോഷിനെ കുരുക്കുന്നത്. ഇയാളെ വീണ്ടും ചോദ്യംചെയ്ുമെയന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രതിചേര്‍ക്കുമെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.
ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും കരാര്‍ കമ്പനിയായ സെയ്ന്‍ വെഞ്ചേഴ്‌സിന്റെ ഡയറക്ടര്‍ പി.വി. വിനോദും സാക്ഷിപ്പട്ടികയിലാണ്. സെയ്ന്‍ വെഞ്ച്വേഴ്‌സിന്റെ യഥാര്‍ഥ ഉടമ സന്തോഷാണെന്ന് ഇ.ഡി. കരുതുന്നു.
ലൈഫ് മിഷന്റെ 36 പദ്ധതികളില്‍ 26 എണ്ണവും യൂണിടാക്ക്, ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്കാണു ലഭിച്ചത്. പെന്നാറിനു കിട്ടിയതു ചെറിയ കരാറുകള്‍ മാത്രമാണ്. ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികള്‍ സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്കു കൈമാറിയിരുന്നു. സന്തോഷിനു വേണ്ടിയായിരുന്നു ഇത്. കെ ഫോണിലും ലൈഫ് മിഷനിലും ശിവശങ്കര്‍ സന്തോഷിനു കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തിരുന്നെന്നും ഇ.ഡി. കണ്ടെത്തി. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളില്‍ സന്തോഷിനെ ഭാഗമാക്കാന്‍ ശിവശങ്കര്‍ താല്‍പര്യപ്പെട്ടിരുന്നെന്നു സ്വപ്‌ന മൊഴി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിക്കുന്ന കമ്മീഷന്റെ ഒരു വീതം ശിവശങ്കറിനാണെന്നും സ്വപ്‌ന വെളിപ്പെടുത്തി.
സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റിങില്‍ സന്തോഷ് ഈപ്പനുമായുള്ള അടുപ്പം വ്യക്തമാണ്. ശിവശങ്കറിനെ രക്ഷിക്കാനായി സന്തോഷ് പല കാര്യങ്ങളും മറച്ചുവച്ചു. ശിവശങ്കര്‍ പല ഇടപാടുകളിലൂടെയും നേടിയ കള്ളപ്പണം വെളുപ്പിച്ചതില്‍ ഇയാള്‍ക്കു പങ്കുണ്ട്. സന്തോഷിന്റെ കമ്പനികള്‍ വഴിയാണോ പണം വെളുപ്പിച്ചതെന്ന് അന്വേഷിച്ചുവരുന്നു.
അതേസമയം എം. ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടും. കാക്കനാട് ജില്ലാ ജയിലിലെത്തി രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് അനുമതി. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം. രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം.
ഇ.ഡി. കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ സന്തോഷ് ഈപ്പനെ സംബന്ധിച്ചും നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha