നന്ദി സ്വപ്‌നേ നന്ദി... തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും ഒന്നും വിട്ടുപറായാതിരുന്ന ശിവശങ്കറിനെതിരെ മറ്റൊരു ഗുരുതര ആരോപണം; കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിര്‍മാണപ്പിഴവിന്റെ കേസൊതുക്കാന്‍ മൂന്നരക്കോടി നല്‍കിയെന്ന്; ഇടപെട്ടതു ശിവശങ്കറാണെന്ന് വെളിപ്പെടുത്തല്‍

ഈ സ്വപ്ന സുരേഷിനെ കേരളം നമിക്കുകയാണ്. സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിരുന്നില്ലെങ്കില്‍ ഇപ്പോഴും എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന് നാട് മുടിച്ചേനെ. ഇത്രയും കാലത്ത് പിടിതരാതിരുന്ന ശിവശങ്കര്‍ ഈസിയായി ഇനിയും ജീവിച്ചേനെ. ആകെ സ്പ്രിംഗ്ലറില്‍ മാത്രമാണ് ശിവശങ്കര്‍ പേരുദോഷം കേള്‍പ്പിച്ചത്. അത് ഉപേക്ഷിച്ച് നൈസായി തടി ഊരുകയും ചെയ്തു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ആദ്യമൊക്കെ ശിവശങ്കറിന് അനുകൂലമായ മൊഴിയാണ് സ്വപ്ന നല്‍കിയത്. സത്യത്തില്‍ ശിവശങ്കറിനെതിരെ സ്വപ്ന മൊഴി നല്‍കിയില്ലായിരുന്നെങ്കില്‍ ശിവശങ്കര്‍ വീണ്ടും സര്‍വീസില്‍ കയറിയേനെ. ശിവശങ്കറിന്റെ ചെയ്ത്തുകള്‍ കണ്ട് സഖാക്കള്‍ പോലും വായ് പൊത്തുകയാണ്. തുടര്‍ഭരണം പ്രവചിച്ച സര്‍ക്കാരിന്റെ കടയ്ക്കലാണ് ശിവശങ്കര്‍ കത്തിവച്ചതെന്നാണ് സഖാക്കള്‍ പോലും പറയുന്നത്.
സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മാണത്തിലെ തകരാറിനെതിരേ നിക്ഷേപ കമ്പനികള്‍ നല്‍കിയ കേസൊതുക്കാനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടല്‍ നടന്നുവെന്നാണ് പുതിയ ആരോപണം. ബംഗളുരു ആസ്ഥാനമായ നിര്‍മാണ കമ്പനിക്കു വേണ്ടിയാണ് ഐടി സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ ഇടപെട്ടത്. സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. മനോജ് നായരുമായി കൂട്ടുചേര്‍ന്നായിരുന്നു ഇടപെടലെന്നു നിക്ഷേപകര്‍ ആരോപിക്കുന്നു.
കെട്ടിട നിര്‍മാണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്മാര്‍ട്ട് സിറ്റിയിലെ നിക്ഷേപ കമ്പനികള്‍ നാഷണല്‍ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ച സമയത്താണ് ഉന്നത ഇടപെടലുണ്ടായത്. പല കെട്ടിടങ്ങള്‍ക്കും വിള്ളലും ചോര്‍ച്ചയുമുണ്ടായിരുന്നു.
നിര്‍മാണം നടത്തിയ ബംഗളുരു കമ്പനിക്കെതിരേയായിരുന്നു പരാതി. കേസുമായി മുന്നോട്ടുപോയാല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പ്രതിച്ഛായ തകരുമെന്നു ബോധ്യപ്പെട്ട ഘട്ടത്തില്‍ കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍ക്കാനായി മൂന്നരക്കോടി രൂപ വഴിവിട്ട് നല്‍കി. ഈ നടപടി ശിവശങ്കറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് നിക്ഷേപകര്‍ വ്യക്തമാക്കുന്നത്. ഖജനാവില്‍നിന്ന് ഈ പണം ചെലവിട്ടത് അഴിമതിയാണെന്നും ആക്ഷേപം. പണം നല്‍കി പരാതി ഒതുക്കാന്‍ ഖജനാവിലെ തുക ചെലവിട്ടത് അന്വേഷണ വിധേയമാക്കാന്‍ നിക്ഷേപകര്‍ സമ്മര്‍ദം ചെലുത്തും. സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനു ദുബായ് ഹോള്‍ഡിങ്‌സുമായുള്ള ബന്ധവും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പേരിലുള്ള പരാതികള്‍ ഒതുക്കാന്‍ പ്രയോജനപ്പെടുത്തി.
സ്മാര്‍ട്ട് സിറ്റിയില്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനു പകരം കെട്ടിടങ്ങളുടെ വാടക പിരിക്കല്‍ മാത്രമായി പദ്ധതി ഒതുങ്ങിയെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിക്കു നല്‍കിയ നിവേദനത്തില്‍ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകരോടു മാനേജ്‌മെന്റ് ശത്രുതാ മനോഭാവത്തിലാണു പെരുമാറുന്നത്. ദുബായ് ഹോള്‍ഡിങ്‌സുമായി ആശയവിനിമയം നടത്താന്‍പോലും നിക്ഷേപകര്‍ക്ക് സി.ഇ.ഒ. മനോജ് നായര്‍ അവസരമൊരുക്കുന്നില്ല. പ്രഖ്യാപിച്ചതുപോലെയുള്ള തൊഴിലവസരങ്ങള്‍ കൊച്ചിയില്‍ കൊണ്ടുവരാന്‍ കഴിയാത്ത മേധാവിയെ മാറ്റണമെന്നും നിവേദനത്തില്‍ നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏക്കറിന് ഒരു രൂപ നിരക്കില്‍ പാട്ടത്തിനു നല്‍കിയ സ്ഥലം സെസ് വ്യവസ്ഥകള്‍ തെറ്റിദ്ധരിപ്പിച്ച് കച്ചവടം ചെയ്യുകയാണെന്ന ആരോപണവും കൊച്ചിയുടെ സ്വപ്‌നപദ്ധതിക്കുമേല്‍ ഉയരുന്നു.
ഇഡി കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ജാമ്യേപേക്ഷ ചൊവ്വാഴ്ചയാണ് കോടതി വിധി പറയുന്നത്. അതിനിടെ കസ്റ്റംസ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുകയാണ്. അറസ്റ്റിനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. അതിന് പിന്നാലെയാണ് മൂന്നര കോടിയുടെ കോഴ വരുന്നത്.
"
https://www.facebook.com/Malayalivartha