വയനാട് ജില്ലാ രൂപീകരണത്തിന്റെ അമരക്കാരനായിരുന്ന അഡ്വ. വി എ മത്തായി അന്തരിച്ചു

വയനാട് ജില്ലാ രൂപീകരണത്തിന്റെ അമരക്കാരനായിരുന്ന പ്രമുഖ അഭിഭാഷകന്‍ കല്‍പ്പറ്റ കോലത്ത് വലിയവീട്ടില്‍ അഡ്വക്കേറ്റ് വി എ മത്തായി (88) അന്തരിച്ചു. വയനാടിന്റെ സമഗ്രവികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1959 നവംബര്‍ ഒന്നിനാണ് വയനാട്ടില്‍ എത്തിയത്. തുടര്‍ന്ന് കുടിയേറ്റ ജനതയുടെ നിയമ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം അവിടെ നേതൃത്വം നല്‍കി.
വയനാട് ജില്ലാ രൂപീകരണം, കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് സ്ഥാപനം, പുളിയാര്‍മല ഐടിഐ, മുണ്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പെരിന്തട്ട ഗവണ്‍മെന്റ് സ്‌കൂള്‍, കല്‍പ്പറ്റ ബൈപ്പാസ് പദ്ധതി, വിവിധ കോടതികള്‍ സ്ഥാപിക്കല്‍ മുതലായവ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മപദ്ധതികള്‍ക്ക് മികച്ച ഉദാഹരണങ്ങളാണ്. ഇവയെല്ലാം അദ്ദേഹം കല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന 1979- 1984 കാലഘട്ടത്തിലെ പുരോഗമനാത്മക പ്രവര്‍ത്തനങ്ങളായിരുന്നു.
കല്‍പ്പറ്റ ബാര്‍ അസോസിയേഷന്റെ ആദ്യ സെക്രട്ടറിയാണ്. ഒമ്പത് തവണ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാന സമിതി കണ്‍വീനര്‍ എന്ന നിലയില്‍ വയനാട് ജില്ലയുടെ ആസ്ഥാനം കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലുമായി കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ക്കായി അദ്ദേഹം ഹാജരായിട്ടുണ്ട്. വിമോചനസമരം, ഒരണ സമരം, ട്രാന്‍സ്‌പോര്‍ട്ട് സമരം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ മാധ്യമത്തിന് അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ട്.
വിവിധ അഖിലേന്ത്യ കായിക ടൂര്‍ണമെന്റുകള്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു. സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം റോട്ടറി, ലയണ്‍സ്, ഓഫീസേഴ്‌സ് ക്ലബ്ബുകളുടെ സ്ഥാപക അംഗമായും. ഇസ്‌കസ്, ശക്തി ഗ്രന്ഥശാല പ്രസ്ഥാനം, റെഡ് ക്രോസ് വയനാട് എന്നിവയുടെ രൂപീകരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു.ജീവിക്കുന്ന ഓര്‍മ്മകള്‍ എന്ന ആത്മകഥയുടെ രചയിതാവാണ്.
റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അധ്യാപികയും വയനാട് ജില്ലാ മുന്‍ ഗൈഡ്‌സ് കമ്മീഷണറും ആയ മണ്ണൂര്‍ വിളവിനായി കുടുംബാംഗമായ ചെല്ലമ്മ മത്തായിയാണ് ഭാര്യ. മക്കള്‍: മിനി മത്തായി (ജി എച്ച് എസ് എസ് ബീനാച്ചി), ദീപാ മത്തായി, സിനി സൂസന്‍ മത്തായി (ജി എച്ച് എസ് എസ് ആനപ്പാറ), അഡ്വക്കേറ്റ് പ്രഭാ മത്തായി, അഡ്വക്കേറ്റ്, ശുഭ മത്തായി, ലല്ലു റേച്ചല്‍ മത്തായി. മരുമക്കള്‍: അഡ്വക്കേറ്റ് കെ യു ബേബി, അഡ്വക്കേറ്റ് ലാല്‍ജി പി തോമസ് (ഹൈക്കോടതി), ജസ്റ്റിന്‍ കെ ജോണ്‍ (പോര്‍ച്ചുഗല്‍ ഗ്രൂപ്പ്), അഡ്വക്കേറ്റ് അജി മാത്യു, മനോജ് മാത്യു (ഇന്‍ഫോപാര്‍ക്ക്), ആഷ്ലി മാത്യൂസ് (ആക്‌സിന്‍ജര്‍, ബാംഗ്ലൂര്‍ ).പേരമകന്‍ അഡ്വക്കേറ്റ് മിഥുന്‍ ബേബി ജോണ്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്.
https://www.facebook.com/Malayalivartha