ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി ;എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

എന്ഫോഴ്സ്മെന്റ് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതള്ളി. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഇന്നലെ ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശ്യമാണെന്നായിരുന്നു ഇഡി കോടതിയില്‍ ബോധിപ്പിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശിവശങ്കറിന്‍റെ ശ്രമം. തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ് എഴുതി നല്‍കിയിരിക്കുന്നതെന്നുമായിരുന്നു കോടതിയുടെ ആരോപണം.
.അതെ സമയം സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു . ജയിലിലെത്തിയാണ് കസ്റ്റംസ് സൂപ്രണ്ട് വിവേകിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്തത് .
സ്വർണ കടത്തു കേസിൽ ശിവശങ്കരനുള്ള പങ്ക് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള കസ്റ്റംസിൻ്റെ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കോടതി ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. രാവിലെ 10 മുതൽ 5 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയതെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ എത്തിയത് . രണ്ടുമണിക്കൂർ ചോദ്യം ചെയ്താൽ ശിവശങ്കറിന് അരമണിക്കൂർ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെട്ടാൻ അവസരം നൽകണമെന്നും കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്വർണ കടത്തിലും വിദേശത്തേക്ക് കറൻസി കടത്തിയതുൾപ്പെടെയുള്ള സംഭവങ്ങളിലാണ് കസ്റ്റംസിൻ്റെ ചോദ്യം ചെയ്യൽ നടന്നത് .
അതേസമയം ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ചൊവ്വാഴ്ച വിജിലൻസ് കോടതിയെ സമീപിക്കും. കൈക്കൂലിക്കേസിൽ വിജിലൻസ് അഞ്ചാം പ്രതിയാക്കിയെങ്കിലും ശിവശങ്കറിനെ ഇതേ വരെ വിജിലൻസ് ചോദ്യം ചെയ്തില്ല. മൊഴികളും സാഹചര്യ തെളിവുകളും അനുസരിച്ച് സ്വപനയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയ പണം ശിവശങ്കറിൻറെ കൈക്കൂലി പണമാണെന്ന് നിഗമനത്തിലാണ് വിജിലൻസ്. . വിജിലന്‍സ് സംഘം എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിൽ ഹര്‍ജി നല്‍കി. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. കോഴപ്പണം നല്‍കാന്‍ സന്തോഷ് ഈപ്പന്‍ അനധികൃതമായി ഡോളര്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട്, ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ വിജിലന്‍സ് ചോദ്യം ചെയ്യും.വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ നല്‍കിയതിന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഖാലിദിന് 3.80 കോടി രൂപ കോഴ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ 3 ലക്ഷം ഡോളര്‍ ആക്സിസ് ബാങ്കിന്റെ വൈറ്റില ശാഖ വഴിയാണ് വാങ്ങിയത്. വിദേശ നാണയ ഇടപാടുകള്‍ നടത്തുന്നവരുമായി ചേര്‍ന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത്രയും ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha