എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വൈസ് പ്രിന്‍സിപ്പാള്‍ സ്ഥാനം;കേരള വര്‍മ്മ പ്രിന്‍സിപ്പാള്‍ രാജിവെച്ചു

കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ജയദേവന്‍ രാജിവെച്ചു. സി.പി.ഐ.എം താല്‍ക്കാലിക സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാള്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്.രാജി സംബന്ധിച്ച് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. പ്രിന്‍സിപ്പാളിന്റെ അധികാരം വൈസ് പ്രിന്‍സിപ്പാളിന് വീതിച്ച് നല്‍കിയിരുന്നു.കേരളവര്‍മ്മയില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്. ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിന്‍സിപ്പാള്‍ സ്ഥാനമൊഴിയുന്നത്.
വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പാള്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ യു.ജി.സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പാളിന്റെ നിയമനമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ ചട്ടം മറികടന്ന് പ്രത്യേകം തസ്തിക സൃഷ്ടിച്ചാണ് നിയമനമെന്നാണ് ആക്ഷേപം.പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുന്നതുവഴി പരീക്ഷയുടെയും കോളേജിന്റേയും നടത്തിപ്പ് മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നും പറയുന്നു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ആര്‍. ബിന്ദുവിനെ കഴിഞ്ഞ 30 നാണ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ച് ഉത്തരവിറങ്ങിയത്.വിവാദങ്ങൾ കത്തിനിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല. ചികിത്സാര്‍ഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി അറിയിക്കുകയും പാര്‍ട്ടി അത് അംഗീകരിക്കുകയുമായിരുന്നു.2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.പിന്നീട് 2018 ല്‍ തൃശ്ശൂർ സമ്മേളനത്തിനു ശേഷവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു. മക്കള്‍ തീര്‍ത്ത വിവാദങ്ങളുടെ കാര്‍മേഘമാണ് കോടിയേരിയുടെ സ്ഥാനം നഷ്ടമാക്കുന്നതിലേക്ക് നയിച്ചത്. ആദ്യം ബിനോയ് കോടിയേരിക്കെതിരായ വിവാദം ഉയര്‍ന്നുവന്ന ഘട്ടത്തിലും കോടിയേരി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അത് നിഷേധിക്കുകയും ആ സാമ്പത്തിക പരാതി തീര്‍പ്പായതോടെ വിവാദം കെട്ടടങ്ങുകയുമായിരുന്നു.എന്നാല്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ ബെംഗളൂരുവില്‍ മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടുകയും അതിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടാണ് ബിനീഷ് കോടിയേരിയുടെ പേര് ആ കേസിലേക്ക് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ബിനീഷിനെ രണ്ട് തവണ ചോദ്യം ചെയ്യുകയും അറസ്റ്റിലാകുകയും ചെയ്തു.അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിനീഷിന്റെ വീട് റെയ്ഡ് ചെയ്യുന്ന ഘട്ടം വരെയെത്തി.
ആദ്യം ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ വൈകാതെ എന്‍സിബിയും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഈ ഘട്ടത്തില്‍, അതീവഗൗരവമുള്ള കേസില്‍ മകന്‍ പ്രതിയായി നില്‍ക്കുമ്പോള്‍ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നതിലെ നൈതികത പലതലങ്ങളിലായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ ആസന്നമാക്കിയത്.ചികിത്സാര്‍ഥമാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നാണ് പാര്‍ട്ടി വിശദീകരണമെങ്കിലും ബിനീഷുമായി ബന്ധപ്പെട്ട വിവാദമാണ് അതിന് കാരണമെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha