എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ചിയ്യാരം വത്സാലയത്തില്‍ നീതു(21) കൊല്ലപ്പെട്ട കേസില്‍ പ്രതി വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷി(27)നെ ജീവപര്യന്തം കഠിനതടവിനും അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ശിക്ഷിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന നീതുവിനെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്നത്.
മറ്റു വകുപ്പുകള്‍ പ്രകാരം ആകെ ഒമ്പതു വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും വിധിയില്‍ പറയുന്നു. പിഴയടയ്ക്കാത്ത പക്ഷം രണ്ടുവര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനു രാവിലെ 6.45 നായിരുന്നു കൊലപാതകം.
നീതു ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിച്ചാണു പഠിച്ചിരുന്നത്. നീതുവിന്റെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് പിതാവ് പുനര്‍വിവാഹിതനായി വേറെയായിരുന്നു താമസം. കാക്കനാട് ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങി ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടിലെത്തി.
നെടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു എ.വി. രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
ക്രൂരമായ മാനസികാവസ്ഥ പുലര്‍ത്തുന്ന പ്രതികള്‍ക്കുള്ള പാഠമാകണം നീതു വധക്കേസിലെ ശിക്ഷയെന്നു ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ കൃത്യമായിത്തന്നെ വാദങ്ങള്‍ ഉന്നയിക്കാനും തെളിവുകള്‍ ഹാജരാക്കാനും സാധിച്ചു. അര്‍ഹമായ ശിക്ഷയാണ് പ്രതിക്കു ലഭിച്ചത്. ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പേരമകളുടെ കൊലപാതകിക്കു ജീവപരന്ത്യം കഠനതടവു ശിക്ഷ ലഭിച്ചതു സ്വാഗതാര്‍ഹമെന്നു മുത്തശി വല്‍സലാ മേനോന് പ്രതികരിച്ചു. നീതുവിന്റെ അനുഭവം മറ്റൊരു കുട്ടിക്കുണ്ടാകാന്‍ പാടില്ല. അത്രമാത്രം വേദന സഹിച്ചാണ് നീതു മരണത്തിനു കീഴടങ്ങിയത്.
https://www.facebook.com/Malayalivartha