നിവാറിനേക്കാൾ ശക്തിയോടെ ബുറെവി'ചുഴലിക്കാറ്റ്..തെക്കന്‍ കേരളത്തിൽ തികഞ്ഞ ജാഗ്രത ;കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യം

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കടല്‍ ക്ഷോഭവുമുണ്ടാകുമെന്നാണ് പ്രവചനം.. നിവാര്‍ ചുഴലിക്കാറ്റിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന അതിശക്തമായ മറ്റൊരു
ബുറെവി'ചുഴലിക്കാറ്റ് കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യം ഉണ്ടാക്കുമെന്നും മുന്നറിയിപ്പ്
ഇതിനെത്തുടർന്ന് തെക്കന്‍ കേരളത്തിനും തെക്കന്‍ തമിഴ് നാടിനും 'പ്രീ സൈക്ലോണ്‍ വാച്ച് ഏർപ്പെടുത്തി.
'ബുറെവി' ചുഴലിക്കാറ്റെന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഡിസംബര്‍ രണ്ടിന് തമിഴ്നാട്-പുതുച്ചേരി തീരങ്ങളില്‍ എത്തിയേക്കാം. മാലിദ്വീപ് നിര്‍ദേശിച്ച പേരാണ് 'ബുറെവി.'സീസണിലെ മൂന്നാമത്തെയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണിത്.
അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ പ്രീ സൈക്ലോണ്‍ വാച് തെക്കന്‍ കേരളത്തിനും തെക്കന്‍ തമിഴ് നാടിനും നല്‍കിക്കഴിഞ്ഞു. ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത.
ചുഴലിക്കാറ്റിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. നദീതീരങ്ങളിലും അണക്കെട്ടിന് താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
എഴുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.
നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നവംബര്‍ 30 അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ നാല് വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha