ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ 38 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്; കണ്ടെത്തിയത് കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ പരിശോധനയിൽ, 52 ഉദ്യോഗസ്ഥരിൽ പകുതിയിൽ അധികംപേർക്കും കൊറോണ സ്ഥിരീകരിച്ചു

ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ 38 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്. കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ 38 പോലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ക്വാറൻ്റയിനിൽ ആയിരുന്നതിനാൽ തന്നെ സമ്പർക്ക സാധ്യത കുറവാണ്. 38 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കി എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയരാക്കി.
ചിങ്ങവനം സ്റ്റേഷനിൽ ആകെ 52 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇതിൽ പകുതിയിലധികം പേർക്കും ഇതോടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഷൻ്റെ പ്രവർത്തനം തന്നെ താറുമാറായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ക്വാറൻ്റെയിനിലായതോടെ നിലവിൽ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് ചിങ്ങവനത്ത് ഡ്യൂട്ടിയിലുള്ളത്.
കൊവിഡ് ബാധിച്ച 38 ഉദ്യോഗസ്ഥരെയും നാട്ടകത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 3 ദിവസം കൊണ്ടാണ് ചിങ്ങവനം സ്റ്റേഷനിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. ഈ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ രണ്ടു തവണയാണ് അണുവിമുതമാക്കിയത്. സ്റ്റേഷനിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും കൊവിഡ് പടർന്ന് പിടിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തിയവർ ജാഗ്രത പുലർത്തണമെന്നും , രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha