രവി ചീള് അതുക്കുംമേലെ... തെരഞ്ഞെടുപ്പ് തീരുന്നതുവരെ പിടികൊടുക്കരുതെന്ന സഖാക്കളുടെ മോഹം സാക്ഷാത്ക്കരിച്ച് സി.എം. രവീന്ദ്രന്‍; ഇനി ചോദ്യം ചെയ്യാന്‍ വിളിച്ചോ എന്ന പാര്‍ട്ടിയുടേയും രവീന്ദ്രന്റേയും നിര്‍ബന്ധം ഇഡി മൈന്‍ഡ് ചെയ്യുന്നില്ല; ഇനി ഇങ്ങോട്ട് വരേണ്ട അങ്ങോട്ട് വരാമെന്നുറച്ച് ഇഡി; രവീന്ദ്രനെക്കാളും വമ്പന്‍മാരെ റിവേഴ്‌സ് ഹവാലയില്‍ പൊക്കാനൊരുങ്ങി അന്വേഷണ സംഘം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ മൂന്ന് തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. എന്നാല്‍ മൂന്ന് തവണയും ആശുപത്രിയിലായി തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിടികൊടുക്കരുതെന്ന സഖാക്കളുടെ ആഗ്രഹം രവീന്ദ്രന്‍ സാധിച്ച് കൊടുത്തു. ഇഡിയാകട്ടെ ധൃതിവയ്ക്കാതെ കാത്തിരുന്നു. ധൃതിവച്ച് തെരഞ്ഞെടുപ്പ് സമയത്ത് രവീന്ദ്രനെ പൊക്കിയെന്ന ആക്ഷേപം വേണ്ടന്നായി. ഇന്ന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ചോദ്യം ചെയ്യാന്‍ ഹാജരാകുമെന്ന് രവീന്ദ്രനും പാര്‍ട്ടിയും അറിയിക്കും. എന്നാല്‍ വേണ്ട അത് രവീന്ദ്രന് ബുദ്ധിമുട്ടാകില്ലേ എന്ന സ്റ്റൈലിലാണ് ഇഡി. ഇങ്ങോട്ട് വരേണ്ടതില്ല അങ്ങോട്ട് വന്നേക്കാം.
കോവിഡിന്റെ പേരിലും കോവിഡാനന്തര ചികിത്സയുടെ പേരിലുമാണ് രവീന്ദ്രന്‍ ഹാജരാകാതിരുന്നതെങ്കിലും മനപ്പൂര്‍വം ഒഴിഞ്ഞ് മാറുന്നതാണെന്ന സംശയമാണ് ഇ.ഡിക്കുള്ളത്. ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സാവകാശമാണ് രവീന്ദ്രന്‍ ചോദിച്ചിട്ടുള്ളത്. എന്നാല്‍ ശിവശങ്കരനെ അറസ്റ്റ് ചെയ്തതിന് സമാനമായ രീതിയില്‍ അപ്രതീക്ഷിത ചോദ്യം ചെയ്യലും ഉണ്ടായേക്കാം. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും രവീന്ദ്രന്‍ അറിയിച്ചിരുന്നു. ഇത് കൂടി ഇഡി കണക്കിലെടുക്കുന്നുണ്ട്. രവീന്ദ്രനെതിരെയുള്ള തെളിവുകള്‍ ഇതിനോടകം ഇഡി ശേഖരിച്ച് കഴിഞ്ഞുവെന്നാണ് വിവരം. ഊരളുങ്കലില്‍ നിന്നും ഇഡിക്ക് മറുപടി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ലൈഫ് മിഷനില്‍ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിച്ചിരിക്കുന്നത്.
അതേസമയം രവീന്ദ്രനെക്കാളും വലിയ വമ്പന്‍മാരെ കിട്ടിയതിനാല്‍ അന്വേഷണ സംഘം അവരുടെ പുറകിലാണ്. റിവേഴ്‌സ് ഹവാല സംബന്ധിച്ച സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കാനിരിക്കെ പാര്‍ട്ടിയിലും സര്‍ക്കാരിലും ആശങ്കയുണ്ട്. മന്ത്രിമാര്‍, ബന്ധുക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ടെന്നാണു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
ഇതേത്തുടര്‍ന്നാണ് സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇ.ഡി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ചില മന്ത്രിമാരുടെ സാമ്പത്തിക ഇടപാടുകള്‍, ഒരു മന്ത്രിയുടെ രണ്ടുമക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ലൈഫ് കോഴകേസുമായി ബന്ധപ്പെട്ട് ഒറ്റൊരു മന്ത്രിയുടെ ഭാര്യാപിതാവിന്റെ ഇടപെടലുകള്‍, ഷാര്‍ജയില്‍ രാജ്യാന്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ഉന്നതന്‍ നടത്തിയ നീക്കം എന്നിവയാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.
നൂറുകോടി രൂപയുടെ കള്ളപ്പണം റിവേഴ്‌സ് ഹവാലയായി യു.എ.ഇയിലേക്കു കടത്തിയെന്നാണു സൂചന. കള്ളപ്പണം, ബിനാമിപ്പണം, കോഴപ്പണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. യു.എ.ഇയില്‍നിന്നെത്തിച്ച കള്ളക്കടത്ത് സ്വര്‍ണം വിറ്റുകിട്ടിയ പണവും ഡോളറായി റിവേഴ്‌സ് ഹവാല വഴി തിരികെ അവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം. ദുബൈ ബുര്‍ജ് ഖലീഫയില്‍ സ്വപ്‌നയ്‌ക്കൊപ്പം ഉന്നതനെടുത്ത ചിത്രങ്ങള്‍ ഇ.ഡിക്ക് ലഭിച്ചു. ഭരണക്രമം പഠിക്കാനെന്ന പേരില്‍ കോണ്‍സുലേറ്റ് ചെലവില്‍ ഉന്നതരെ സ്വപ്‌നയും സംഘവും ദുബൈയില്‍ കൊണ്ടുപോയതിന്റെ വിവരവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.
അനധികൃത ഇടപാടുകള്‍ക്കെതിരായ കേന്ദ്ര നിയമങ്ങള്‍ കര്‍ശനമായതോടെയാണു ചില വന്‍കിടക്കാര്‍ റിവേഴ്‌സ് ഹവാലയില്‍ നിക്ഷേപമിറക്കാന്‍ തുടങ്ങിയത്. മുമ്പ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അനധികൃത പണം നിക്ഷേപിച്ചിരുന്നവരും പിന്നീട് ഇതിലേക്കു തിരിഞ്ഞു. സ്വപ്‌നയും സംഘവുമാണ് ഇവര്‍ക്ക് ഈ മാര്‍ഗം നിര്‍ദ്ദേശിച്ചതെന്നും സൂചനയുണ്ട്. സ്വപ്‌ന വെളിപ്പെടുത്തിയ പേരുകള്‍ക്ക് പുറമേ പല ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണു സൂചന. വിദേശത്ത് എത്തുന്ന പണം വിദേശമലയാളികളുടെ അക്കൗണ്ടിലൂടെ തിരികെ നാട്ടിലെത്തിച്ച് വെളുപ്പിക്കുന്ന രീതിയും പരീക്ഷിക്കുന്നുണ്ടെന്നാണ് അറിവ്. മലയാള സിനിമാ രംഗത്തും റിവേഴ്‌സ് ഹവാല സജീവമാണെന്ന വിവരം ഏജന്‍സികള്‍ക്കുണ്ട്. ദുബൈയാണ് ഇതിന്റെ കേന്ദ്രം. അങ്ങനെ റിവേഴ് ഹവാലയില്‍ വമ്പന്‍മാര്‍ നീളുമ്പോള്‍ രവീന്ദ്രനും ആശ്വാസമുണ്ട്.
https://www.facebook.com/Malayalivartha