ആളിക്കത്തലിനൊടുവില്‍.... തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് നേരിടേണ്ട അവസ്ഥയാണുള്ളത്; അതിനുള്ള എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തുകൊടുത്തു; വേറൊന്നും പറയാനില്ലാത്തതിനാല്‍ പറയുന്നതാണ് കോവിഡ് വാക്‌സിന്‍ വിവാദം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് തീരുന്നതോടെ കാത്തിരുപ്പ് ഒരുനാള്‍ മാത്രമാണ്. ദേശീയ അന്വേഷണ ഏജന്‍സികളുടെ പ്രഹരത്തില്‍ നിന്നും എല്‍ഡിഎഫ് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമോ? ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി കുപ്പായം പ്രതീക്ഷിക്കാമോ? ഞെട്ടിപ്പിച്ച് ബിജെപി കത്തിക്കയറുമോ? ഇങ്ങനെ പല ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചിരിക്കുകയാണ്.
ഞങ്ങള്‍ക്ക് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് മുമ്പൊരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് നേരിടേണ്ട അവസ്ഥയാണുള്ളത്. അതിനുള്ള എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തുകൊടുത്തു. ഞങ്ങളെയൊന്നു ക്ഷീണിപ്പാക്കാമെന്നാണ് വിചാരിച്ചത്. വോട്ടെണ്ണുമ്പോള്‍ ആരാണ് ക്ഷീണിച്ചതെന്നറിയാം. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് അവര്‍ക്ക് കടക്കണമെങ്കില്‍ കടക്കാം. ഞങ്ങളുടേതല്ലാത്ത പല മേഖലകളിലും ജയിക്കും. ഇത് എല്‍ഡിഎഫിന്റെ ഐതിഹാസിക വിജയം കൂടിയായിരിക്കും. അതാണ് ജനങ്ങള്‍ ശക്തമായി ഞങ്ങളുടെ പിന്നില്‍ അണിനിരക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേറൊന്നും പറയാനില്ലാത്തതിനാല്‍ പറയുന്നതാണ് കോവിഡ് വാക്‌സിന്‍ വിവാദം. കേരളത്തില്‍ കോവിഡ് ചികിത്സ സൗജന്യമാണ്. അങ്ങനെയുള്ള സംസ്ഥാനത്ത് ചെറിയ വാക്‌സിന്റെ പൈസയെപ്പറ്റിയാണ് ഇവര്‍ പറയുന്നത്. ഇതുവരെ സൗജന്യ ചികിത്സയാണ്. അതിന്റെ തുടര്‍ച്ചയാണ് കോവിഡ് വാക്‌സിനും. അതിനാല്‍ പെരുമാറ്റ ചട്ടലംഘനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് കോര്‍പറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 6867വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ പല കേന്ദ്രങ്ങളിലും വോട്ടര്‍മാരുടെ നീണ്ടി നിരയാണ് കാണാന്‍ കഴിയുന്നത്. മന്ത്രി ഇ.പി ജയരാജന്‍, മുസ്‌ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.'
എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് തൂത്തുവാരുമെന്ന പ്രതീക്ഷ ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കുവച്ചു. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് തുടങ്ങും. കൊവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.വോട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലായിരിക്കും. മുനിസിപ്പാലിറ്റികളിലേതും കോര്‍പ്പറേഷനുകളിലേതും അതത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും.ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ ക്രമീകരിക്കും.
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാളും. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍. വോട്ടെണ്ണലിന്റെ പുരോഗതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം ലഭിക്കും.
https://www.facebook.com/Malayalivartha