സര്‍വത്ര ദുരൂഹത... മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ദുരൂഹതയിലേക്ക്; അജ്ഞാത വാഹനമിടിച്ചുള്ള പ്രദീപിന്റെ മരണം ആഘാതമേല്‍പ്പിക്കുന്നത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ; അമ്പരന്ന് കേരളം

മാധ്യമ പ്രവര്‍ത്തനം വിരല്‍ത്തുമ്പിലുള്ള കാലത്താണ് നാം ജീവിക്കുന്നത്. പണ്ടൊക്കെ വലിയൊരു മാധ്യമ സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ പണവും പ്രതാപവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവിടെ നിന്നും പറഞ്ഞ് വിട്ടാലും അതിനേക്കാള്‍ നന്നായി മാധ്യമ പ്രവര്‍ത്തനം നടത്തി പണമുണ്ടാക്കുന്ന വേദികള്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയുടെ പ്രചാരണത്തോടെയാണ് പലരും സ്വന്തമായി ഓണ്‍ലൈനിലേക്ക് തിരിഞ്ഞത്. അഞ്ച് പൈസ മുടക്ക് മുതല്‍മുടക്കില്ലാതെ സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ടാക്കാന്‍ കഴിയുന്നു. അതിലൂടെ പലരും പറയാന്‍ മടിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ബോധപൂര്‍വം വ്യൂവേഴ്‌സിനെ കിട്ടാനായി പൊടികൈകള്‍ പ്രയോഗിച്ച് ആഞ്ഞടിക്കുന്നവരുമുണ്ട്. നല്‍കുന്ന വാര്‍ത്തയെ ചുറ്റിപ്പറ്റി ചിലപ്പോഴെങ്കിലും പല ഭാഗത്ത് നിന്നും ഭീഷണികളുണ്ടാകാം. അതൊന്നും ആരും മൈന്‍ഡ് ചെയ്യാത്തതിനാലും ഇത് കേരളമായതിനാലും ആര്‍ക്കും കുഴപ്പമുണ്ടായിരുന്നില്ല.
ഈയൊരു സമകാലിക പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് (44) അജ്ഞാതവാഹനം ഇടിച്ച് മരിച്ചത്. അതിനാല്‍ തന്നെ ഇത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ എല്ലാവരേയും ഒരുപോലെ പേടിപ്പെടുത്തുന്നതാണ്.
തിരുവനന്തപുരം പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്ത് ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെ വന്ന വാഹനം പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. വാഹനം ഏതാണെന്ന് രാത്രി വൈകിയും പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടര്‍ന്ന് ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓണ്‍ലൈന്‍ ചാനല്‍ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്‌നലിന് സമീപം അതേ ദിശയില്‍ വന്ന വാഹനം സ്‌കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രദീപ് ഒരു വശത്തേക്കു തെറിച്ചുവീണു. ഇടിച്ച വണ്ടി നിറുത്താതെ പോയി.
ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ നേരത്തേ വാര്‍ത്ത അവതാരകനായിരുന്നു. ഭാര്യ: ബാലരാമപുരം ഗവ: ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീജാ നായര്‍. മകന്‍ സിനോ എസ്. നായര്‍.
ഓണ്‍ലൈന്‍ ചാനല്‍ രംഗത്ത് സജീവമായപ്പോള്‍ തന്നെ പ്രദീപിന് ഫോണിലൂടെ നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദീപ് നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ വേണ്ടിയായിരുന്നു ഭീഷണി കാളുകള്‍ വന്നിരുന്നത്. അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് സി.സി.ടിവി കാമറകള്‍ ഇല്ലെന്നും സമീപത്തെ വീടുകളിലോ കടകളിലോ കാമറകള്‍ ഉണ്ടെങ്കില്‍ അതടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും നേമം പൊലീസ് പറഞ്ഞു. ദൃക്‌സാക്ഷികളുണ്ടെങ്കില്‍ അവരുടായും മൊഴിയെടുക്കും. ഫോര്‍ട്ട് എ.സി.പി പ്രതാപന്‍ നായരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ദിവ്യ വി. ഗോപിനാഥ് ചുമതലപ്പെടുത്തി. നേമം എസ്.എച്ച് ഒയോട് പ്രാഥമിക വിവരം നല്‍കാനും എസി.പി നിര്‍ദ്ദേശം നല്‍കി. അതേസമയം വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ചാനലുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. പ്രദീപിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ടെന്ന് കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എസ്.വി. പ്രദീപിന്റെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും തന്നെ നിയമത്തിന് മുമ്പില്‍ എത്രയും വേഗം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിനായി മാധ്യമ ലോകം ഉണര്‍ന്നു കഴിഞ്ഞു.
"
https://www.facebook.com/Malayalivartha