നിര്‍ണായക തെളിവുകള്‍... എസ്.വി. പ്രദീപിന്റേത് അപകടമല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയോ എന്നും സംശയം ബലപ്പെടുന്നു; നിര്‍ണായക തെളിവുകള്‍ പുറത്ത്; മുഖ്യധാരാ മാധ്യമങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ ദുരൂഹ മരണത്തിന് പ്രാധാന്യം നല്‍കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ആഞ്ഞടിക്കുകയാണ്. പ്രദീപിന്റെ മരണത്തിനുത്തരവാദികളെ എത്രയും വേഗം വെളിച്ചത്ത് കൊണ്ടുവരാന്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പര്‍ ലോറി ദൃശ്യത്തില്‍ കാണാം. അപകട ശേഷം ടിപ്പര്‍ വേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂട്ടറില്‍ വാഹനം തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് വാഹനം കയറി ഇറങ്ങിയതായാണ് സൂചന. അതേസമയം സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.
ഈ ടിപ്പര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ടിപ്പര്‍ നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായാണ് സൂചന. ഇത് തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഡി.സി.പി ദിവ്യ ഗോപിനാഥ് അറിയിച്ചു. അതേസമയം മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്തെത്തി.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സിസി ടിവി ദൃശ്യങ്ങളില്‍ പ്രദീപിന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് കാണാം. ഇതേ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അപകട ശേഷമുള്ള ദൃശ്യങ്ങളിലും ടിപ്പര്‍ വേഗത്തില്‍ പോകുന്നത് വ്യക്തം. പ്രദീപിനെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇടിച്ചിട്ട് പാഞ്ഞുപോയ വാഹനം ഇതുവരെ കണ്ടെത്തിയില്ല. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായതിനാല്‍ പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദീപിന്റെ കുടുംബം രംഗത്തെത്തി. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്ത കുമാരി പറഞ്ഞു. ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവണ്‍, മംഗളം തുടങ്ങിയ വാര്‍ത്താ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്‌വി പ്രദീപ് നിലവില്‍ ചില ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
എല്ലാ രാഷ്ട്രീയക്കാരേയും പ്രദീപ് വിമര്‍ശിച്ചിരുന്നു. വാര്‍ത്താവതരണത്തില്‍ അതിശക്ത നിലപാട് എടുത്ത പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ശക്തമാകുന്നതും ഇതു കൊണ്ടാണ്.
നാഷണല്‍ ഹൈവേയില്‍ അപകടമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കൊലപാതകിയുടെ തുമ്പ്‌പോലുമില്ല. എസ്.വി. പ്രദീപിന്റെ അപകടമരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പോലീസ് ചില നടപടികള്‍ എടുക്കുന്നുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രദീപിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ എത്രയും വേഗം പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
"
https://www.facebook.com/Malayalivartha