സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു വീട്ടിൽ നിന്നും കാണാതായി; തിരച്ചിലിനൊടുവിൽ പാറമടയിൽ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച; ആത്മഹത്യ കുറിപ്പിൽ ആ സൂചന ?തീരാ നൊമ്പരമായി അമ്മയും മകളും

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പനച്ചിക്കാട്ട് വീട്ടിൽ നിന്നും കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹം പ്രദേശത്തെ പാറമടക്കുളത്തിൽ നിന്നും കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹമാണ് പനച്ചിക്കാട് - നെല്ലിക്കൽ റോഡിലെ പാറമടയിൽ നിന്നും കണ്ടെത്തിയത്. ആദ്യം അമ്മയുടെ മൃതദേഹവും, പിന്നീട് മകളുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. പനച്ചിക്കാട് പള്ളത്ര ഭാഗത്ത് കരോട്ടു മാടപ്പള്ളിയിൽ വൽ സമ്മ (ഓമന -59), മകൾ ധന്യ (37) എന്നിവരുടെ മൃതദേഹമാണ് പനച്ചിക്കാട്ടു പുലിയാട്ടുപാറയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഇരുവരെയും തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പാറക്കുളത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഓമനയുടെ മൃതദേഹം കണ്ടെത്തിയത്.
കടബാദ്ധ്യതയെ തുടർന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ ഉള്ളതായി സൂചനയുണ്ട്. ഭർത്താക്കന്മാർ അറിയാതെ രണ്ടു പേരും ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെ തുടർന്നു വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ വഴക്കുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും വീട്ടിൽ നിന്നും കാണാതായത്.ചൊവ്വാഴ്ച പുലർച്ചെയോടെ പാറക്കുളത്തിൽ മൃതദേഹം കണ്ടതായി നാട്ടുകാരാണ് വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചത്. തുടർന്നു, വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയും ചിങ്ങവനം പൊലീസ് സംഘവും സ്ഥലത്ത് എത്തി. ആദ്യം ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മൃതദേഹം കരയ്‌ക്കെത്തിക്കുന്നതിനും, ധന്യയുടെ മൃതദേഹം പാറക്കുളത്തിലുണ്ടോ എന്നു തിരച്ചിൽ നടത്തുന്നതിനുമായി അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ മുങ്ങൽ ടീം ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ധന്യയുടെ മൃതദേഹം കൂടി പൊന്തിയെത്തുകയായിരുന്നു.തുടർന്നു, രണ്ടു മൃതദേഹങ്ങളും പാറക്കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha