ഷിഗെല്ല രോഗവ്യാപനം; പ്രാഥമിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; രോഗം പടര്‍ന്നത് വെള്ളത്തിലൂടെ; എന്നാല്‍ ബാക്ടീരിയ എവിടെ നിന്നും എത്തിയെന്ന് കണ്ടെത്താന്‍ സാധിച്ചില്ല; 120 കിണറുകളില്‍ ഇതിനോടകം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

ഷിഗെല്ല രോഗവ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പഠന റിപ്പോര്‍ട്ട സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോട്ടാം പറമ്പില്‍ വെള്ളത്തിലൂടെയാണ് രോഗവ്യാപനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മേഖലയില്‍ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തി എന്നത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടെ ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കടന്നു. കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
പ്രദേശത്തെ 120 കിണറുകളില്‍ ഇതിനോടകം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. അതിനാല്‍ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ പെട്ടെന്ന് രോഗം പകരും.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ടുമുതല്‍ ഏഴുദിവസംവരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
https://www.facebook.com/Malayalivartha