28 വര്‍ഷത്തിനു ശേഷവും ഞെട്ടല്‍... സിസിടിവി ഇല്ലാത്ത കാലത്ത് കള്ളന്റെ കണ്ണുകള്‍ സിസിടിവിയായപ്പോള്‍ യഥാര്‍ത്ഥ കള്ളന്‍മാര്‍ 28 വര്‍ഷത്തിന് ശേഷം പിടിയിലായി; സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ കോട്ടൂരും സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

സിസ്റ്റര്‍ അഭയയ്ക്ക് നീതികിട്ടാന്‍ വേണ്ടി മുട്ടാത്ത വാതിലുകളില്ലായിരുന്നു. എന്നാല്‍ ഭരണ നേതൃത്വവുമായുള്ള സഭയുടെ ഉന്നത ബന്ധം കാരണവുമാണ് പാവപ്പെട്ട ഒരു കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ ഇത്രയും വൈകിയത്. സിസിടിവി ഇല്ലാത്ത കാലത്ത് കള്ളന്റെ കണ്ണുകള്‍ സിടിടിവിയായപ്പോള്‍ യഥാര്‍ത്ഥ കള്ളന്‍മാര്‍ 28 വര്‍ഷത്തിന് ശേഷം പിടിയിലായിരിക്കുകയാണ്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.
രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ കണ്ടെത്തിയത്. ജീവപര്യന്തം ശിക്ഷ കിട്ടാനാണ് സാധ്യത. പ്രതികളുടെ പ്രായം കണക്കിലെടുത്ത് ഇവിനും സാധ്യതയുണ്ട്.
കള്ളനായ അടയ്ക്കാ രാജുവിന്റെ നന്മ കൂടി വെളിപ്പെടുന്ന ഒന്നായി അഭയ കേസ് മാറി. കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയാണ് ഏറെ നിര്‍ണായകമായത്. ഫാ. തോമസ് എം. കോട്ടൂരിനെ കോണ്‍വന്റില്‍ കണ്ടതായ അടയ്ക്കാ രാജുവിന്റെ മൊഴിയാണ് സിസിടിവി പോലെ കള്ളനെ കൈയ്യോടെ പിടിച്ചത്. ഇതോടൊപ്പം കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണം നടത്താന്‍ ഫാ. കോട്ടൂര്‍ സമീപിച്ച പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. അഭയയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി അടക്കമുള്ള എട്ടു സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി. കോണ്‍വെന്റിന്റെ അയല്‍പക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരായ കേസുമായി സി.ബി.ഐ. മുന്നോട്ടുപോകുകയാണ്.
സാഹചര്യത്തെളിവുകളും ബ്രെയിന്‍ മാപ്പിങ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും പ്രതികള്‍ക്ക് കുറ്റത്തിലുളള പങ്ക് തെളിയിക്കാന്‍ സി.ബി.ഐ.ക്കു സഹായകമായി. ചൊവ്വാഴ്ച രാവിലെ മൂന്നാമതായാണ് അഭയക്കേസ് കോടതി പരിഗണിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന പ്രഖ്യാപനം കേട്ട് കോട്ടൂര്‍ നിര്‍വികാരനായി നിന്നു. സെഫി തേങ്ങുന്നുണ്ടായിരുന്നു. കോടതി നിര്‍ദേശപ്രകാരം ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി ഫാ. കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. സി.ബി.ഐ.ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആത്മഹത്യയെന്ന നിഗമനത്തിലെത്തി കേസ് അവസാനിപ്പിച്ചു. 1993 മാര്‍ച്ച് 29ന് സി.ബി.ഐ. ഏറ്റെടുത്തു.
ആദ്യഘട്ടത്തില്‍ സി.ബി.ഐ.യും ആത്മഹത്യയെന്നു ശരിവെച്ചു. എറണാകുളം സി.ജെ.എം. കോടതിയുടെ കടുത്ത നിലപാടാണ് കുറ്റക്കാരെ കണ്ടെത്താന്‍ സി.ബി.ഐ.ക്കു പ്രേരണയായത്. മൂന്നുതവണ സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട് സി.ജെ.എം. കോടതി തള്ളി. 2008ല്‍ സി.ബി.ഐ. കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തു.
2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തു. 2009 ജൂലായ് 17നു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പോലീസ്‌സ്‌റ്റേഷന്‍ എ.എസ്.ഐ. വി.വി. അഗസ്റ്റിനെ നാലാംപ്രതിയായി ചേര്‍ത്തിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് അഗസ്റ്റിന്‍ ആത്മഹത്യചെയ്തു. അങ്ങനെ ഒരിക്കലും ശിക്ഷിക്കില്ലെന്നു കരുതിയ കേസാണ് ദൈവത്തിന്റെ വിധി പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം വന്നത്.
"
https://www.facebook.com/Malayalivartha