ജുവലറി തട്ടിപ്പിന്റെ മാതൃകയില്‍ തലസ്ഥാനത്ത് തട്ടിപ്പ്; സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; സ്ഥാപനം പൂട്ടിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തി

മുസ്ലിംലീഗ് എം.എല്‍.എ പ്രതിയായ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പിന് സമാനമായി തലസ്ഥാനത്തും തട്ടിപ്പ്. കല്ലമ്പലം നഗരൂര്‍ റോഡില്‍ പുല്ലൂര്‍ മുക്കിനു സമീപം സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് തട്ടിപ്പ്. രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകര്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പൂട്ടിക്കിടക്കുന്ന ആശുപത്രിയുടെ പേരില്‍ നാട്ടുകാരില്‍ നിന്ന് ലക്ഷങ്ങള്‍ ഷെയര്‍ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഈ കെട്ടിടത്തില്‍ ഡോ. താജുദ്ദീന്റെ ഉടമസ്ഥതയില്‍ അറഫ ആശുപത്രി 2000 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു വര്‍ഷത്തോളം ആശുപത്രി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ക്ക് വിദേശത്ത് ജോലി ലഭിച്ച് പോയതോടെ പ്രദേശത്തെ ഒരു സംഘം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രസ്തുത കെട്ടിടം വാടകയ്ക്കെടുത്ത് സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി ആക്ട് പ്രകാരം ടി.1938 നമ്പറായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാരെയും നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരെയും നിയമിച്ച് സ്വന്തം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി.
എന്നാല്‍, 2015 ജൂണ്‍ മുതല്‍ ഈ സ്ഥാപനത്തിന്റെ പേരില്‍ വ്യാപകമായി ഷെയര്‍ പിരിക്കാന്‍ തുടങ്ങി. നാവായിക്കുളം, കരവാരം, ഒറ്റൂര്‍, മണമ്പൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലെ പ്രവാസികളുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപവരെ ഷെയറായി സ്വീകരിച്ചു. കൈപ്പറ്റിയ തുകയ്ക്ക് രസീതും ഷെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി വിശ്വാസ്യതയും നേടിയെടുത്തു. സ്ഥാപനത്തിന്റെ ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. ഏകദേശം ഒരു വര്‍ഷം വരെ രണ്ടു ഡോക്ടര്‍മാരുമായി ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയെങ്കിലും അവര്‍ക്ക് ശമ്പളം മുടങ്ങിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രി പൂട്ടിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.
ആദ്യം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ സ്ഥാപിക്കും. തുടര്‍ന്ന് പത്തേക്കര്‍ സ്ഥലം വാങ്ങി അത് മെഡിക്കല്‍ കോളേജായി ഉയര്‍ത്തും. ഷെയര്‍ എടുത്ത നിക്ഷേപകരുടെ മക്കളെയോ ചെറു മക്കളെയോ പണമില്ലാതെ പഠിപ്പിക്കും. ഷെയര്‍ ഹോള്‍ഡര്‍മാരുടെ കുടുംബത്തില്‍ നിന്ന് മിനിമം ഒരു ഡോക്ടറെ വാര്‍ത്തെടുക്കും. കൂടാതെ ജോലി ആവശ്യമായവര്‍ക്കും തരാതരംപോലെ യോഗ്യത അനുസരിച്ച് ജോലിയും നല്‍കും എന്നിങ്ങനെ വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
ഇദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ കുരുങ്ങിയത് നാട്ടിലെ പ്രവാസികളും സാധാരണക്കാരുമാണ്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാത്തതോടെയാണ് പരാതിയുമായി നാട്ടുകാര്‍ മുന്നോട്ടുവന്നത്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് തട്ടികൂട്ട് കമ്പനിയും ഷെയര്‍ പിരിവും സംഘടിപ്പിച്ചതെന്നാണ് ആരോപണം. പണം തിരികെ ചോദിച്ചവരോട് തങ്ങള്‍ വീണ്ടും ഷെയര്‍ പിരിക്കുകയാണെന്നും തുക ലഭിക്കുന്ന മുറയ്ക്ക് ആദ്യ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്.
കേരളത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫ് ഭരണം വന്നാല്‍ സി.എച്ചിന്റെ പേരിലുള്ള മെഡിക്കല്‍കോളേജ് സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും യു.ഡി.എഫ് ഭരണം വരുന്നതോടെ ഈ സ്ഥാപനം പുഷ്ടിപ്പെട്ട് മെഡിക്കല്‍ കോളേജായി മാറുമെന്നുമുള്ള വാഗ്ദാനം കേട്ട് മടുത്തതോടെയാണ് പലരും പൊലീസിനെ സമീപിച്ച് തുടങ്ങിയത്. ഒരു ലക്ഷം രൂപ മുടക്കി 250 രൂപ വിലയുള്ള 400 ഓഹരി വാങ്ങിയ നാവായിക്കുളം വെള്ളൂര്‍ക്കോണം സ്വദേശി ഇതു സംബന്ധിച്ച് കല്ലമ്പലം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha