ജാമ്യത്തിനായി എം ശിവശങ്കര്‍ പയറ്റിയ എല്ലാ അടവുകളും പരാജയപ്പെട്ടു... ശിവശങ്കര്‍ പുറത്തിറങ്ങില്ല... വിദേശയാത്രകള്‍ പുലിവാലായി...

ജാമ്യത്തിനായി എം ശിവശങ്കര്‍ പയറ്റിയ എല്ലാ അടവുകളും പരാജയപ്പെട്ടു. തനിക്കെതിരെ കസ്റ്റഡിയിലായ പ്രതികള്‍ നല്‍കിയ മൊഴികളല്ലാതെ മറ്റു തെളിവുകളൊന്നുമില്ലെന്ന വാദം എറണാകുളം സിജെഎം കോടതി തള്ളി. താന്‍ കാന്‍സര്‍ രോഗിയാണെന്ന ശിവശങ്കറിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇനി മാസങ്ങള്‍ കഴിയാതെ ജാമ്യത്തിനുള്ള നീക്കം നടത്താന്‍ ശിവശങ്കറിന് വഴിയില്ല.
തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എറണാകുളം സിജെഎം കോടതി ജാമ്യം നിഷേധിച്ചത്. സ്വപ്നയുമൊത്ത് ഏഴു തവണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശയാത്ര നടത്തിയെന്നും വിദേശരാജ്യങ്ങളില്‍ ആഴ്ചകളോളം താമസിച്ചതിന്റെ ചെലവ് ശിവശങ്കറാണ് വഹിച്ചതെന്നും കസ്റ്റംസ് കോടതിയെ ധരിപ്പിച്ചു. കാന്‍സര്‍ സംശയിക്കുന്നതായി ശിവശങ്കര്‍ നല്‍കിയ കത്ത് ആറു വര്‍ഷം പഴക്കമുള്ളതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.
വരുമാനത്തിന്റെ പങ്ക് സ്വപ്നയും ശിവശങ്കറും പങ്കിട്ടതായി തെളിവുകളും നിരത്തി.എം. ശിവശങ്കറിന് കള്ളക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും സ്വപ്നയും ഒത്തുള്ള ശിവശങ്കറിന്റെ വിദേശയാത്രകള്‍ കള്ളക്കടത്തിന് ആയിരുന്നുവെന്നുമാണ് കസ്റ്റംസ് ഇന്നലെ കോടതിയില്‍ വാദിച്ചച്ചത്. തനിക്ക് ഗുരുതരമായ അസുഖം ഉണ്ടെന്നും തനിക്കെതിരെ കസ്റ്റംസിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും ആയിരുന്നു ശിവശങ്കറിന്റെ വാദം.
കള്ളക്കടത്തില്‍ തനിക്ക് പങ്കുള്ളതായി വ്യക്തമാക്കുന്ന യാതൊരു തെളിവും കസ്റ്റംസിന് ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യം ആവശ്യപ്പെട്ടത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ് സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും അതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കോടതിയില്‍ ആവര്‍ത്തിച്ചു.
2015 മുതല്‍ രോഗമുണ്ടെന്നാണ് ശിവശങ്കര്‍ കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും ആരോഗ്യ പ്രശ്‌നം തടസ്സമായില്ലേ എന്ന മറുചോദ്യം കസ്റ്റംസ് ഉന്നയിച്ചു. സ്വപ്നയുമൊത്തുള്ള ശിവശങ്കറിന്റെ യാത്രകള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി
അതേസമയം ശിവശങ്കറിനെതിരെ ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രം ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യത നേരത്തെ ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ അറസ്റ്റിലായി 60 ദിവസം തികയുന്നതിനിടെ കുറ്റപത്രം ഇഡി സമര്‍പ്പിച്ചത്. നിലവില്‍ ഒരു കേസില്‍ ജാമ്യം ലഭിച്ചാല്‍ തന്നെ വിവിധ കേസുകള്‍ അന്വേഷണ ഘട്ടത്തിലായതിനാല്‍ ശിവശങ്കറിന് ജാമ്യം ലഭിക്കില്ല.
https://www.facebook.com/Malayalivartha