പടിയിറക്കം മകരവിളക്ക് ദിനത്തില്‍... കാറ്റും കോളും നിറഞ്ഞ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പക്വതയാര്‍ന്ന നടപടി സ്വീകരിച്ച കളക്ടര്‍ ശ്രദ്ധേയനായി; പിന്നെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പത്തനംതിട്ടയെ കര കയറ്റി; നാട്ടുകാരുടെ പ്രിയപ്പെട്ടവനായ പി.വി നൂഹ് പടിയിറങ്ങുമ്പോള്‍ എല്ലാവരുടേയും കണ്ണ് നിറയുന്നു

പത്തനംതിട്ട എന്ന് പറയുമ്പോള്‍ തന്നെ ശബരിമലയാണ് എല്ലാവരുടേയും മനസില്‍ വരുന്നത്. അതിനാല്‍ തന്നെ പത്തനംതിട്ട ലോക പ്രശസ്തവുമാണ്. അവിടത്തെ കളക്ടര്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയും. പല കളക്ടര്‍മാരും പത്തനംതിട്ടയില്‍ വന്ന് പോയിട്ടുണ്ട്. എന്നാല്‍ അവര്‍ പോയപ്പോഴൊന്നും ഇങ്ങനെ നാട്ടുകാര്‍ പോകരുതെന്ന് അപേക്ഷിച്ചിട്ടില്ല. പക്ഷെ പത്തനംതിട്ട കളക്ടര്‍ പി.വി. ന്യൂഹ് മകരവിളക്ക് ദിവസം യാത്ര ചൊല്ലുമ്പോള്‍ അത് പത്തനംതിട്ടക്കാരെ ശരിക്കും വേദനിപ്പിക്കുന്നു.
സഹകരണ രജിസ്ട്രാര്‍ എന്ന പദവിയിലാണ് ഇനി പി.വി ന്യൂഹിന്റെ തുടര്‍ദൗത്യം. 2018 ജൂണ്‍ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്.
ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാര്‍... എന്ന സന്ദേശമാണ് ബുധനാഴ്ച രാത്രി ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും. പ്രതിസന്ധികളില്‍ നാടുഴലുമ്പോഴെല്ലാം സാന്ത്വനവും കരുത്തും പകര്‍ന്ന വ്യക്തിത്വത്തിനോടുള്ള ആദരവും സ്‌നേഹവുമായിരുന്നു ഈ അക്ഷരങ്ങളില്‍ തെളിഞ്ഞത്.
മഹാപ്രളയത്തിനു മുന്നില്‍ നാട് വിറങ്ങലിച്ചുനിന്നപ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായ സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങള്‍ അന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധം പലയിടത്തും ആളിക്കത്തിയപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ നിരന്തരശ്രദ്ധ പുലര്‍ത്തി.
കേരളത്തിന്റെ അതിജീവന ചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രചിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയില്‍ നാടൊന്നടങ്കം ഞെട്ടിയിരുന്നു.
രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി. നൂഹ് മുന്നില്‍ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നല്‍കിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നല്‍കി. പതിയെ ആശങ്ക വഴിമാറി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഹിനെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചു.
കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ന്യൂഹിന്റെ സന്ദേശങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്നതും സവിശേഷതയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നാടിനെ ഒപ്പം ചേര്‍ക്കുന്നതിനാണ് ന്യൂഹ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയത്. കോന്നിയില്‍ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങള്‍ ചുമന്നെത്തിക്കാനും ജില്ലാ കളക്ടര്‍ മുന്നില്‍ നിന്നത് കേരളമാകെ 'വൈറലായി'. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു. മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവില്‍ സര്‍വീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനായി വ്യാഴാഴ്ച ശബരിമലയിലുമെത്തും. അതു കഴിഞ്ഞാകും മടക്കം.
സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
അതേസമയം ഈ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാണെന്ന് പി.വി. ന്യൂഹ് കുറിച്ചു. സര്‍വീസ് ജീവിതത്തില്‍ പകരം വെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നല്‍കിയത്. പ്രതിസന്ധികള്‍ മറികടക്കാനായത് നാടിന്റെ പിന്തുണയാലാണ്. ജനങ്ങളില്‍ വിശ്വാസം സൃഷ്ടിക്കാനായതിനാലാണ് പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിയതെന്നും നൂഹ് പറഞ്ഞു.
https://www.facebook.com/Malayalivartha


























