ഇതിലും വലുതിന് മിണ്ടിയില്ല പിന്നെയല്ലേ... രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇപ്പോള്‍ എവിടെയെത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പോലും അറിയില്ല; ചെന്നിത്തലയുടെ യാത്രയുടെ ശോഭ തല്ലിക്കെടുത്തി ഉമ്മന്‍ ചാണ്ടിയും കൂട്ടരും; സെക്രട്ടറിയേറ്റിലെ സമരവും നിരാഹാരവുമായി കോണ്‍ഗ്രസ് എംഎല്‍എമാരും ഒപ്പം കൂടിയതോടെ ചെന്നിത്തലയെ കാണാനില്ല

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര എത്ര വേഗമാ വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യം കെ സുധാകരന്റെ ചെത്തുകാരന്‍ പ്രയോഗം പിന്നീട് മേജര്‍ രവി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാണി സി കാപ്പന്‍ മുതല്‍ രമേഷ് പിഷാരടി വരെ എത്തി. പക്ഷെ ആ യാത്ര നിര്‍ത്തിയോ എവിടെ പോയെന്നോ ആര്‍ക്കുമറിയില്ല.
സെക്രട്ടറിയേറ്റിലെ സമരത്തിലാണ് കോണ്‍ഗ്രസുകാരെല്ലാം. ചെന്നിത്തലയെ തെക്ക് വടക്ക് ഓടിച്ച് ഉമ്മന്‍ ചാണ്ടി പരമാവധി സ്‌കോര്‍ ചെയ്യുകയാണ്. മാത്രമല്ല എംഎല്‍എമാരായ ഷാഫി ഫറമ്പിലും ശബരി നാഥും നിരാഹാര സമരത്തിലുമാണ്. ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ മുട്ടിലിഴയല്‍ പ്രയോഗം മുഖ്യമന്ത്രി ഏറ്റെടുത്തതോടെ വിവാദമായി.
പരാതിയില്ല, ഇതിലും വലിയ ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. വ്യക്തിപരമായി ആക്ഷേപിച്ചതില്‍ തനിക്ക് പരാതി ഇല്ല. ഇതിലും വലിയ ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ല. താന്‍ എടുത്ത നിലപാട് തന്നെയാണ് എന്നും യുഡിഎഫിന്റെ നിലപാടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളോട് ഒരിക്കലെങ്കിലും സംസാരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. ഉദ്യോഗാര്‍ഥികളുടെ യഥാര്‍ഥ ആവശ്യം എന്താണെന്ന് മനസിലാക്കാതെയാണ് പിണറായി പ്രതികരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് പിടിക്കപ്പെട്ട രണ്ട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ഭാവി തുലച്ചതിന്റെ പ്രതികാരമാണ് സര്‍ക്കാര്‍ തങ്ങളോട് ചെയ്യുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ കരഞ്ഞു പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഉദ്യോഗാര്‍ഥികള്‍ പറയുന്നതുകേട്ട് താന്‍ സ്തംഭിച്ചുപോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ ചാണ്ടിയുടെ കാലുപിടിച്ച വാര്‍ത്തയോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 'കഴിഞ്ഞ ദിവസം ഒരു കാലുപിടിക്കല്‍ രംഗം കണ്ടു. ഉദ്യോഗാര്‍ഥികള്‍ ആരുടെ കാലാണോ പിടിച്ചത് അദ്ദേഹം ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴുകയാണ് വേണ്ടത്.
എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണ് എന്ന് ഉദ്യോഗാര്‍ഥികളോട് അദ്ദേഹം പറയണം. ഇതിനെല്ലാം താനാണ് ഉത്തരവാദിയെന്ന് പറയാന്‍ സാധിച്ചാല്‍ അല്‍പം നീതി അവരോട് കാണിച്ചെന്ന് പറയാം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ല,' എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
അതേസമയം സമരക്കാരും മടുത്ത മട്ടാണ്. റാങ്ക് പട്ടികയിലെ 20% പേര്‍ക്കു നിയമനം ഉറപ്പു നല്‍കിയാല്‍ സമരം അവസാനിപ്പിക്കുമെന്നു ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. 'ഓരോ റാങ്ക് പട്ടികയില്‍ നിന്നും അഞ്ചിലൊന്നു നിയമനമേ സാധ്യമാകൂ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എല്‍ജിഎസ് ലിസ്റ്റില്‍ ഇതു പാലിക്കപ്പെട്ടില്ല. 5 നിമിഷമെങ്കിലും ഞങ്ങളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണം. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ അനുകൂല തീരുമാനമുണ്ടാകുമെന്നു തന്നെയാണു പ്രതീക്ഷ. എഐവൈഎഫ് നേതാക്കള്‍ ഇടപെടാമെന്നു പറഞ്ഞു. ഏതു സംഘടന മധ്യസ്ഥ ശ്രമവുമായി വന്നാലും സ്വാഗതം ചെയ്യും. സര്‍ക്കാരിനു വേണ്ടി ഏതു പ്രതിനിധി സമീപിച്ചാലും ചര്‍ച്ചയ്ക്കു തയ്യാറാണെന്നുമാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഏതായാലും ചെന്നിത്തലയുടെ യാത്ര തീരാതെ സമരം തീര്‍ക്കുമോയെന്ന് സംശയമുണ്ട്.
https://www.facebook.com/Malayalivartha























