അന്തംവിട്ട് സഖാക്കള്‍... ചെന്നിത്തലയുടേയും വിജയരാഘവന്റേയും യാത്രകള്‍ തുടരുമ്പോള്‍ അതിനെയെല്ലാം വെല്ലുന്ന സന്നാഹവുമായി കെ. സുരേന്ദ്രന്റെ വിജയ യാത്ര; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന യാത്രയില്‍ സമാപന സമ്മേളത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും

ചെന്നിത്തലയുടേയും വിജയരാഘവന്റേയും യാത്രകള്‍ തുടരുമ്പോള്‍ അതിനെയെല്ലാം വെല്ലുന്ന സന്നാഹവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിജയ യാത്ര തുടങ്ങുന്നത്.
കെ.സുരേന്ദ്രന്‍ നയിക്കുന്ന 'വിജയയാത്ര' 21 ന് കാസര്‍കോട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
യാത്രയുടെ ഭാഗമായി 14 മെഗാറാലികളും 80 പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. 22 ന് കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിങ്, 24 ന് കോഴിക്കോട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മലപ്പുറത്ത് മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, എറണാകുളത്ത് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കോട്ടയത്ത് സ്മൃതി ഇറാനി, ആലപ്പുഴയില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയില്‍ ദേശീയ വക്താവ് മീനാക്ഷി ലേഖി, പാലക്കാട് നടി ഖുഷ്ബു എന്നിവര്‍ പങ്കെടുക്കും
സര്‍ക്കാറിനെതിരെയുള്ള കുറ്റപത്രവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം ഐശ്വര്യ കേരളയാത്രയുമായി ഇറങ്ങിത്തിരിച്ചത്. യാത്ര തിരുവനന്തപുരത്ത് എത്തും മുമ്പാണ് എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുമായി രംഗത്തെത്തിയത്. ഈ ജാഥ സമാപിക്കും മുമ്പ് ബി.ജെ.പിയും യാത്രയുമായി എത്തുകയാണ്.
കേരളത്തില്‍ നിലനില്‍ക്കുന്നത് അഴിമതി ഭരണമാണെന്നും സംശുദ്ധ ഭരണം യു.ഡി.എഫിനു മാത്രമേ കഴിയൂവെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഐശ്വര്യ കേരള യാത്ര നടത്തുന്നത്. തുടര്‍ഭരണമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു വിജയരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം.
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വിജയയാത്ര നയിക്കുന്നത്.
കേന്ദ്രമന്ത്രിയുള്‍പ്പെടെ കര്‍ണാടക നേതൃസംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ ലക്ഷ്യമിടുന്നത് 40 ശതമാനം വോട്ട്. തൃശൂരില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. നിലവില്‍ ശരാശരി 17 ശതമാനം വോട്ടാണ് പാര്‍ട്ടിക്കുള്ളത്.
അധികാരം പിടിക്കുകയാണു ലക്ഷ്യമെന്നും അതിലേക്കുള്ള പടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും, പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍.സന്തോഷും പറഞ്ഞു.
അതിന് കാര്യകര്‍ത്താക്കന്മാര്‍ മാത്രം പോര, തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തിറങ്ങണം. അത്തരക്കാരെ ഈ സമയത്ത് സംഘടനയില്‍ എത്തിക്കണം. 48 മണിക്കൂറിനുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ തിരഞ്ഞെടുപ്പ് സംവിധാനവും പ്രവര്‍ത്തനം ആരംഭിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് സംഘം നിര്‍ദ്ദേശം നല്‍കി.
തമിഴ്‌നാട്ടുകാരനായ സി.പി.രാധാകൃഷ്ണനാണ് പ്രചാരണത്തിന്റെ മേല്‍നോട്ട ചുമതലയെങ്കിലും കേരള തിരഞ്ഞെടുപ്പിന്റെ പ്രധാനചുമതല കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കാണ്. കാര്‍ക്കള എംഎല്‍എകൂടിയായ സഹപ്രഭാരി സുനില്‍കുമാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്‍ എന്നിവരാണ് മിഷന്‍കേരള സംഘത്തിലെ മറ്റുള്ളവര്‍.
"
https://www.facebook.com/Malayalivartha























