കാപ്പന്റെ വേലത്തരങ്ങള്‍... സന്തോഷത്തോടെ സ്വീകരിച്ച മാന്ത്രികനായ മാന്‍ഡ്രേക്ക് പ്രയോഗം മാണി സി കാപ്പന് തന്നെ തിരിച്ചടിയാകുന്നു; മാണി സി കാപ്പനെ സ്വീകരിച്ചതോടെ കോണ്‍ഗ്രസില്‍ അടി തുടങ്ങി; ഒറ്റയ്ക്ക് വന്ന മാണി സി കാപ്പന് വേണ്ടത് 3 സീറ്റ്; അതെങ്ങനെ ശരിയാകുമെന്നുറച്ച് കോണ്‍ഗ്രസ്; അടി തീര്‍ക്കാന്‍ യു.ഡി.എഫിന് വിട്ടു

മാന്ത്രികനായ മാന്‍ഡ്രേക്കാണ് ജോസ് കെ. മാണിയെന്നാണ് യുഡിഎഫിലേക്ക് പോയ മാണി സി കാപ്പന്‍ ചെന്നിത്തലയുടെ ഐശ്വര്യയാത്ര വേളയില്‍ പറഞ്ഞത്. ആര് സ്വീകരിച്ചാലും അവര്‍ക്ക് കഷ്ടകാലമായിരിക്കും ഫലം എന്നാണ് തട്ടിവിട്ടത്. എന്നാല്‍ മാന്ത്രികനായ മാന്‍ഡ്രേക്ക് പ്രയോഗം അറം പറ്റി.
മൊട്ടത്തലയന്‍ മാന്‍ഡ്രേക്ക് യഥാര്‍ത്ഥത്തില്‍ മാണി സി കാപ്പനാണെന്ന് കാലം തെളിയിക്കുകയാണ്. രൂപം കൊണ്ടുംമൊട്ടത്തലയന്‍ മാന്‍ഡ്രേക്കിനെ പോല തന്നെ. മാത്രമല്ല മാണി സി കാപ്പന്‍ വന്നതോടെ കോണ്‍ഗ്രസില്‍ അടി തുടങ്ങി. പാലയ്ക്ക് പുറമേ രണ്ട് സീറ്റ് കൂടി മാണി സി കാപ്പന്‍ ചോദിച്ചതോടെയാണ് സീറ്റ് മോഹികള്‍ കളം നിറഞ്ഞത്.
എന്‍.സി.പി വിട്ട മാണി സി. കാപ്പനെ യു.ഡി.എഫില്‍ ഏതുതരത്തില്‍ ഉള്‍പ്പെടുത്തണമെന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത. ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍ ധാരണയാവാത്തതിനെ തുടര്‍ന്ന് കാപ്പന്‍ വിഷയം യു.ഡി.എഫില്‍ തീരുമാനിക്കാനായി മാറ്റി.
കാപ്പനെ കോണ്‍ഗ്രസില്‍ ചേര്‍ത്ത് കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ ലയിക്കുന്നതാവും നല്ലതെന്ന അഭിപ്രായവുമായി കൊടിക്കുന്നില്‍ സുരേഷും മുല്ലപ്പള്ളിയെ പിന്തുണച്ചു.
വിയോജിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കാപ്പനെയും ഒപ്പമുള്ളവരെയും മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. എല്‍.ഡി.എഫില്‍ പരമാവധി ഭിന്നിപ്പിനാണ് ശ്രമിക്കേണ്ടതെന്നും അതിനായി പരമാവധി പേരെ അവിടെ നിന്ന് അടര്‍ത്തി മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി.കാപ്പന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് തീരുമാനിക്കുമെന്ന് മേല്‍നോട്ടസമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പന്ത്രണ്ട് സീറ്റുകള്‍ക്കായുള്ള പി.ജെ. ജോസഫിന്റെ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് നേതാക്കള്‍ തീരുമാനിച്ചു. അടുത്ത ചര്‍ച്ചയില്‍ അവരെ ഇക്കാര്യമറിയിച്ച് വേഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ധാരണ.
ജില്ലാതലത്തിലും തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി വേണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും സമിതി അംഗങ്ങളാകാന്‍ ജില്ലാനേതാക്കള്‍ മത്സരിക്കുന്നത് തര്‍ക്കത്തിനിടയാക്കുമെതിനാല്‍ വേണ്ടെന്ന് തീരുമാനിച്ചു. പകരം പാര്‍ലമെന്റ് മണ്ഡലാടിസ്ഥാനത്തില്‍ അസംബ്ലിമണ്ഡലങ്ങളുടെ പൊതുചുമതല എം.പിമാര്‍ക്ക് നല്‍കും. എം.പിമാരില്ലാത്ത കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കും ആലപ്പുഴയില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിനും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വടകര എം.പി കെ. മുരളീധരനും അധിക ചുമതല നല്‍കും.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായ കെ.വി. തോമസിന് മാദ്ധ്യമ ഏകോപന ചുമതല നല്‍കി. പത്തംഗ സമിതിയില്‍ വി.എം. സുധീരനും കെ. സുധാകരനുമൊഴിച്ചുള്ളവര്‍ ഇന്നലെ യോഗത്തിനെത്തി. ഐശ്വര്യകേരള യാത്ര സമാപിച്ച ശേഷം 23ന് വൈകിട്ട് അടുത്ത യോഗം ചേരും. സമൂഹമാദ്ധ്യമ പ്രചരണം ശക്തമാക്കി സര്‍ക്കാര്‍പ്രചാരണങ്ങളെ പ്രതിരോധിക്കാനും ധാരണയായി.
ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമാണെന്നും അദ്ദേഹം ബി.ജെ.പിക്കൊപ്പം പോയതില്‍ ദു:ഖമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ തീരുമാനം വേണ്ടായിരുന്നുവെന്ന് എന്റെ മനസ് പറയുന്നു.
ഇന്ത്യക്കായി ഒത്തിരി സംഭാവനകള്‍ നല്‍കിയ അദ്ദേഹം കേരളത്തിലും കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടത്തി. അദ്ദേഹത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha