ചിലപ്പോള്‍ ശരിയാകുമോ... ശബരിമലയിലൂടെ ഉയര്‍ന്നു വന്ന കെ. സുരേന്ദ്രന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല; അടികൂടി പിണക്കം നടിച്ചിരുന്ന ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ എങ്ങുമെങ്ങുമെത്തിയില്ല; സംസ്ഥാനം ഭരിക്കുമെന്ന പ്രതീക്ഷ നല്‍കി കെ. സുരേന്ദ്രന്‍; കാലം മാറി കേരളം ഭരിക്കുമെന്നുറച്ച് കെ. സുരേന്ദ്രന്

ശബരിമല പ്രക്ഷോഭത്തിലൂടെ വച്ചടി വച്ചടി കയറ്റം കിട്ടിയ നേതാവാണ് കെ. സുരേന്ദ്രന്‍. പിന്നീട് സുരേന്ദ്രന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ കെ. സുരേന്ദ്രന് ശുഭ പ്രതീക്ഷ മാത്രമാണുള്ളത്. ബിജെപിയുടെ വിജയ യാത്ര തുടങ്ങും മുമ്പ് സുരേന്ദ്രന്‍ മനസ് തുറക്കുകയാണ്.
കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറുകയാണ്. കര്‍ണാടകത്തില്‍ 2 സീറ്റിലാണു തുടങ്ങിയത്. ത്രിപുരയില്‍ പൂജ്യമായിരുന്നു. രണ്ടിടത്തും ഇപ്പോള്‍ ഭരിക്കുന്നു. കേരളത്തിലും ഇതാവര്‍ത്തിക്കും. ഒരു സീറ്റും 16% വോട്ടുമാണ് ഇപ്പോഴുള്ളത്. അത് 30% ആക്കുക പ്രയാസമുള്ള കാര്യമല്ല.
വികസന പ്രതിസന്ധി, അഴിമതി, ഇരു മുന്നണികളുടെ വര്‍ഗീയപ്രീണനം, ലൗ ജിഹാദ്, ദേവസ്വം ബോര്‍ഡുകളെ കൊള്ളയടിക്കുന്നത്, തീവ്രവാദ ശക്തികളുടെ സാന്നിധ്യം തുടങ്ങി യുഡിഎഫിനും എല്‍ഡിഎഫിനും നിലപാടെടുക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. ദേവസ്വം ഭൂമി വിശ്വാസികള്‍ക്കു വിട്ടുകൊടുക്കാന്‍ തയാറുണ്ടോ, ലൗ ജിഹാദിനെിരെ നിയമം കൊണ്ടു വരുമോ എന്നീ ചോദ്യങ്ങളോട് ഇരു മുന്നണികളും പ്രതികരിച്ചിട്ടില്ല.
കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വഴി നടപ്പിലാക്കിയ പദ്ധതികള്‍ മാത്രമാണ് കേരളത്തിലേതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കേന്ദ്ര ഫണ്ട് ലഭിച്ചിട്ടും വികസന മുരടിപ്പാണിവിടെ. അഴിമതി മാത്രമാണ് നടക്കുന്നത്. പല പദ്ധതികളിലും സംസ്ഥാന വിഹിതമേ ഇല്ല. കേന്ദ്രത്തിന്റെ പണം മതി, ക്രെഡിറ്റ് കൊടുക്കില്ല എന്ന ജനാധിപത്യ മര്യാദ ഇല്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്.
കേരളത്തില്‍ പ്രസക്തമല്ലാത്ത പൗരത്വ നിയമം ഇവിടെ നടപ്പാക്കില്ലെന്നു പറയുന്നതില്‍ എന്തുകാര്യമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഇവിടെ ആരാണ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്? ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്. പ്രശ്‌നത്തില്‍ സമര മുഖത്തുണ്ടായിരുന്നതു ഞങ്ങള്‍ മാത്രമാണ്.
ജമാഅത്തെ ഇസ്‌ലാമിയെ കൂടെക്കൂട്ടി യുഡിഎഫും എസ്ഡിപിഐയെ കൂടെക്കൂട്ടി എല്‍ഡിഎഫും വര്‍ഗീയതയ്‌ക്കെതിരെ പറയുന്നു. രണ്ടു കൂട്ടരും ജനങ്ങളെ കബളിപ്പിക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും.
ഹിന്ദുത്വ പ്രതിഛായ കേരളത്തില്‍ മാറ്റാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. ഹൈന്ദവ വിശ്വാസത്തിനു പ്രാധാന്യം നല്‍കുന്ന പാര്‍ട്ടി തന്നെയാണ് ബിജെപി. അതിനര്‍ഥം മറ്റു മതങ്ങള്‍ക്ക് എതിരാണ് എന്നല്ല.
ഇരു മുന്നണികളും കേരളത്തെ രക്ഷിക്കാന്‍ യോഗ്യരല്ല എന്ന പൊതു ബോധമാണ് ഇ. ശ്രീധരന്‍ അടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്. അദ്ദേഹം ഏതു പദവിയും അലങ്കരിക്കാന്‍ യോഗ്യനാണ്. രണ്ട് മുന്‍ ജഡ്ജിമാര്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ വിജയ യാത്ര കഴിയുന്നതോടെ പാര്‍ട്ടിക്കൊപ്പം ചേരും. പി.സി. തോമസ് അടക്കമുള്ളവരും മടങ്ങിവരും.
പെട്രോള്‍ വില വര്‍ധന പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലേ എന്ന ചോദ്യത്തിന് 17 രൂപയാണ് പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിലേക്കുള്ള നികുതി. ഇതില്‍ 42 ശതമാനം സംസ്ഥാനത്തിനു തിരികെ നല്‍കുന്നുമുണ്ട്. സംസ്ഥാനം 10 രൂപയെങ്കിലും നികുതി ഇനത്തില്‍ കുറയ്ക്കാന്‍ തയാറാവണം. ബിജെപി ഭരിക്കുന്ന ഗോവയിലും ഗുജറാത്തിലും നികുതി കുറച്ച മാതൃക ഇവിടെ നടപ്പാക്കണം.
ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞു നില്‍ക്കുന്നു എന്ന പ്രചാരണം ശരിയല്ല. അവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ്. മേജര്‍ രവി പാര്‍ട്ടിയുടെ ഭാഗമായ ഒരു ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ആളാണ്. ബിജെപിയില്‍നിന്ന് ആളുകള്‍ അകന്നു പോകുന്നു എന്നു കരുതുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha