കാര്യങ്ങള്‍ കൈവിടുന്നു... മന്ത്രിസ്ഥാനത്തിന് വേണ്ടി തന്നെ പുറത്താക്കാന്‍ എ.കെ. ശശീന്ദ്രന്‍ കളിച്ചുവെന്ന വെളിപ്പെടുത്തലുമായി മാണി സി കാപ്പന്‍; എന്നാല്‍ ശശീന്ദ്രന്‍ തന്നെ പുറത്താകുന്ന അവസ്ഥ; 8 തവണ മത്സരിച്ച ശശീന്ദ്രനെതിരെ പടയൊരുക്കം തുടങ്ങി; ഇനി പുതുമുഖം വരട്ടെ

മാണി സി കാപ്പന്‍ എന്‍സിപി വിട്ട് പോയെങ്കിലും എ.കെ. ശശീന്ദ്രന് ശനികാലം മാറിയിട്ടില്ല. മാണി സി കാപ്പന്റെ ആളുകള്‍ ഇപ്പോഴും എന്‍സിപിയില്‍ ഉണ്ടോയെന്ന് സംശയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എന്‍സിപിക്ക് ലഭിക്കുന്ന സീറ്റില്‍ പുതുമുഖത്തിന് അവസരം നല്‍കണമെന്ന് എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.
എട്ടു തവണ മത്സരിച്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്നാണ് വടകര, കൊയിലാണ്ടി, മേപ്പയൂര്‍ ബ്ലോക്കുകളില്‍നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. എ.കെ.ശശീന്ദ്രന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.
ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍നിന്ന് 3 തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായി. ഇനി ജില്ലയില്‍നിന്നുള്ളവര്‍ക്ക് അവസരം നല്‍കണം. വലിയ പാര്‍ട്ടികളായ സിപിഎമ്മില്‍ രണ്ടു ടേമും സിപിഐയില്‍ 3 ടേമും കര്‍ശനമാക്കുമ്പോള്‍ ചുരുങ്ങിയ സീറ്റുകളുള്ള എന്‍സിപിയില്‍ ഒരാള്‍തന്നെ എട്ടു തവണയില്‍ കൂടുതല്‍ മത്സരിക്കുന്നത് ശരിയാണോ എന്നും ചോദ്യമുയര്‍ന്നു. മൂന്നു ബ്ലോക്കുകളില്‍നിന്നുള്ള ചില അംഗങ്ങള്‍ മാത്രമാണ് ഈ അഭിപ്രായമുയര്‍ത്തിയതെങ്കിലും ഇതിനെ എതിര്‍ത്ത് ആരും രംഗത്തെത്തിയില്ല.
അതേസമയം, പാര്‍ട്ടിക്കു ലഭിക്കുന്ന സീറ്റുകളില്‍ ചിലര്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിലര്‍ സൂചിപ്പിച്ചു. എന്നാല്‍ ഈ കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നു അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് യോഗത്തെ അറിയിച്ചു. 22ന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഈ അഭിപ്രായം അവതരിപ്പിക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണ് യോഗം അവസാനിച്ചത്.
അതേ സമയം മാണി സി കാപ്പന്റെ പോക്ക് ചരിത്രത്തിലേക്കും വിരല്‍ ചൂണ്ടുന്നു. 1999 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു മുമ്പ് സോണിയ ഗാന്ധിയെ ഉന്നം വച്ച്, കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇന്ത്യക്കാര്‍ തന്നെ വേണമെന്നും വിദേശീയര്‍ പാടില്ലെന്നും ശരദ് പവാര്‍, താരിഖ് അന്‍വര്‍, പി.എ.സാങ്മ എന്നിവര്‍ നേതൃത്വത്തിനു കത്തെഴുതിയതും അവരെ പുറത്താക്കിയതുമാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ ജനനത്തിന് ഇടയാക്കിയത്.
പിന്നാലെ, കേരളത്തില്‍ നിന്ന് ഷണ്‍മുഖദാസ്, ശശീന്ദ്രന്‍, പീതാംബരന്‍ എന്നിവര്‍ ശരദ് പവാറിനൊപ്പം എന്‍സിപിയില്‍ തുടര്‍ന്നു. കെ.പി.ഉണ്ണികൃഷ്ണന്‍, വി.സി. കബീര്‍ തുടങ്ങിയവര്‍ പിന്നീട് പവാര്‍ ക്യാംപില്‍ നിന്നു കോണ്‍ഗ്രസിലെത്തി.
കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ കെ.കരുണാകരന്‍ 2005 ല്‍ ഡിഐസി എന്ന പാര്‍ട്ടി പ്രഖ്യാപിച്ചു. ആദ്യം ഇടതു മുന്നണിയുമായി സഹകരിച്ചെങ്കിലും 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയുണ്ടാക്കി മല്‍സരത്തിനിറങ്ങി. പക്ഷേ തിരഞ്ഞെടുപ്പില്‍ ഡിഐസിയില്‍നിന്ന് തോമസ് ചാണ്ടി മാത്രമാണ് വിജയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ കൊടുവള്ളിയില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2007 ല്‍ പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിച്ചു.
2008 ല്‍ കെ. കരുണാകരന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസിലേക്കെത്തിയെങ്കിലും മുരളി എന്‍സിപി വിട്ടില്ല. മുരളീധരനും പിന്നീട് അധ്യക്ഷ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസിലെത്തിയെങ്കിലും തോമസ് ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു. പിന്നാലെ എന്‍സിപിയെ എല്‍ഡിഎഫില്‍ തിരിച്ചെടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ ജയിച്ച എന്‍സിപിക്ക് 2 അംഗങ്ങളായി. എ.കെ.ശശീന്ദ്രന്‍ ആദ്യം മന്ത്രിയായി. ഒരു ചാനലിന്റെ ഹണിട്രാപ് വിവാദത്തെത്തുടര്‍ന്ന് ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ പകരം തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ഭൂമിവിവാദത്തെത്തുടര്‍ന്ന് അദ്ദേഹവും രാജിവച്ചു. തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി. തോമസ് ചാണ്ടി 2019 ല്‍ നിര്യാതനായി. മുന്നണി മാറിയതോടെ കാപ്പന്‍ പാലായില്‍ ചരിത്രം സൃഷ്ടിക്കുമോ, അതോ പിളര്‍ന്നില്ലാതെയാകുമോയെന്നറിയാന്‍ ഏതാനും മാസങ്ങള്‍ ബാക്കി.
"
https://www.facebook.com/Malayalivartha