ഇനിയും എന്തെല്ലാം കാണണം... ശബരിമല വിഷയത്തില്‍ ആദ്യമായി നിലപാട് മാറ്റം സമ്മതിച്ച് സിപിഐ; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോടെ തണുത്ത ശബരിമല വിഷയം വീണ്ടും ഉയരുന്നു; അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതാണെന്ന് വന്നാല്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ബോധ്യമാണ് എല്‍.ഡി.എഫിന്റേതെന്ന് ബിനോയ് വിശ്വം

അവസാനം സിപിഐയും സമ്മതിക്കുകയാണ് ശബരിമല വിഷയം വേണ്ടാത്ത വിഷയമാണെന്ന്. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാട് മാറ്റം തുറന്നു സമ്മതിച്ച് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി.യാണ് രംഗത്തെത്തിയത്. എല്‍.ഡി.എഫ് തെക്കന്‍മേഖലാ വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അനുഭവത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടതാണെന്ന് വന്നാല്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ബോധ്യമാണ് എല്‍.ഡി.എഫിന്റേതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ഇതേ വേദിയിലുണ്ടായിരുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദനും പറഞ്ഞു. സംസ്്ഥാന സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന യു.ഡി.എഫ് നേതൃത്വം കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ച കാര്യം ബോധപൂര്‍വം മറച്ചു വെയ്ക്കുകയാണെന്ന് വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റന്‍ കൂടിയായ ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയിലും പൊതുമേഖല ബാങ്കുകളിലും ലക്ഷക്കണക്കിന് ഒഴിവുകളുണ്ട്. ഇവിടെയൊന്നും കൃത്യമായി നിയമനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണ്. യു.ഡി.എഫ് ജാഥ തീരുമ്പോള്‍ തന്നെ ബി.ജെ.പി ജാഥ ആരംഭിക്കുന്നത് യാദൃശ്ചികമല്ല. അപവാദങ്ങള്‍ പറഞ്ഞ് രാഷ്ട്രീയ അന്തരീക്ഷം എല്‍. ഡി.എഫിന് എതിരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വരികയാണ്.
ഇ. ശ്രീധരന്‍ പ്രഗത്ഭനായ വ്യക്തി ആണെങ്കിലും അദ്ദേഹം ചേക്കേറിയത് അഴിമതി പാര്‍ട്ടിയിലാണ്. ബി.ജെ.പിക്ക് രാജ്യസ്‌നേഹം ഉണ്ടെന്നു പറയുന്ന ശ്രീധരന്‍ കാണേണ്ടത് പലതും കാണുന്നില്ല. ഗവര്‍ണര്‍ അകാനില്ലെന്ന് പറഞ്ഞയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ തയാറാണെന്ന് പറയുമ്പോള്‍ ജനങ്ങള്‍ ചിരിക്കുകയാണ്. ഇങ്ങനെ ഒരാളില്‍ വിഭ്രാന്തി ഉണ്ടാക്കാന്‍ ബി.ജെ.പിക്കേ കഴിയൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനൊരുങ്ങിയപ്പോഴാണ് സിപിഐയുടെ ഈ മാറ്റം. സ്ത്രീകള്‍ക്കു പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്താത്തത് ചര്‍ച്ചയാകുന്നത് എല്‍ഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടി. അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നാണ് മുന്നണി വാഗ്ദാനം.
മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന പ്രതീതിയുണ്ടാക്കി കടന്നാക്രമിക്കുന്നതിലൂടെ ഹിന്ദു, മതേതര വോട്ടുകളാണ് സിപിഎം ലക്ഷ്യമിടുന്നതെന്നു മുന്നണി നേതൃത്വം കരുതുന്നു. ഇതോടെയാണ് ശബരിമല വിഷയം സജീവമാക്കാനും ഇക്കാര്യത്തിലുള്ള നിലപാടുകള്‍ തുറന്നു പറയാനും യുഡിഎഫ് തീരുമാനിച്ചത്. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെക്കൊണ്ട് നിലപാട് തിരുത്തിച്ചതും, വിശ്വാസികള്‍ക്ക് അനുകൂലമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചതും ജനത്തോടു പറയാനാണ് മുന്നണി തയാറെടുക്കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കേരള സമൂഹത്തിലുണ്ടായ മുറിവുണക്കാന്‍ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കുകയും ചെയ്തു. ഇതോടെയാണ് ബിനോയ് വിശ്വം തന്നെ നിലപാട് മാറ്റി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha