ഝാൻസിയിലെ ട്രയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധം അറിയിച്ച് പ്രിയങ്കാ ഗാന്ധി... ആരോപണം നിഷേധിച്ച് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി...

ഝാൻസിയിൽ ട്രെയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനം പൊള്ളയാണെന്ന് പ്രിയങ്കഗാന്ധി ആരോപണം ഉന്നയിച്ചു. ട്വിറ്ററിലായിരുന്നു പ്രിയങ്ക പ്രതികരണം നടത്തിയത്.
അക്രമം നടത്തിയത് ബിജെപിയുടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരാണ്. ഈ അക്രമികളെ ന്യായികരിച്ച് സംരക്ഷിക്കുന്നത് ബിജെപി സർക്കാർ ആണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവം ഉത്തർ പ്രദേശിലെ ക്രമസമാധാന തകർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതായി മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആരോപിച്ചിരുന്നു.
അതേസമയം, ഝാൻസിയിൽ എബിവിപി പ്രവർത്തകർ കന്യാസ്ത്രീകളെ ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി വ്യക്തമാക്കി. പ്രവർത്തകർക്ക് തെറ്റുപറ്റിയിട്ടില്ല.
മത പരിവർത്തനം നടത്താൻ കൊണ്ടു പോകുകയാണെന്ന് സംശയിച്ച് പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. രേഖകൾ പരിശോധിച്ചത് പൊലീസ് ആണെന്നും വക്താവ് അറിയിച്ചു. എബിവിപി പ്രവർത്തകർ തന്നെയാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുകയാണുണ്ടായത്.
ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ച് മർദിച്ചെന്നായിരുന്നു പുറത്തു വന്ന വിവരം.
https://www.facebook.com/Malayalivartha


























