എം. ബി. രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം... അന്വേഷണത്തിനായി ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ്...

എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ വിവാദ നിയമനത്തില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട പരാതി ആയതിനാല്‍ ചാന്‍സലറുടെ അനുമതി വേണമെന്നാണ് വിശദീകരണം ലഭിച്ചിരിക്കുന്നത്.
പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതായി വിജിലന്‍സ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്. പരാതിയും നിയമോപദേശവും സര്‍ക്കാരിന് കൈമാറിയെന്നും പരാതിക്കാരെ വിജിലന്‍സ് അറിയിച്ചു.
സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്നായിരുന്നു നേരത്തെ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ അടാട്ട് നൽകിയ വിശദീകരണം.
നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമില്ലെന്നും യുജിസി ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനം നല്‍കിയതെന്നുമായിരുന്നു സര്‍വകലാശാല അറിയിച്ചത്.
മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. തസ്തികയില്‍ മൂന്നാം റാങ്ക് നേടിയ വി. ഹിക്മത്തുള്ള, സേവ് യൂണിവേഴ്സിറ്റി ഫോറം എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നായിരുന്നു ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്ന പരാതി.
https://www.facebook.com/Malayalivartha


























