പരീക്ഷ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഇടവേള നേടാനായി 'റാസ്പുടിന്' ഗാനത്തിനൊപ്പം ചുവടുവച്ച് തകര്‍ത്താടി മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ...

ബോണി എം ബാന്‍ഡിന്‍റെ 'റാ റാ റാസ്പുടിന് ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍' എന്ന് തുടങ്ങുന്ന ഗാനം ലോകപ്രശസ്തമാണ്. ഈ ഗാനത്തിന് ചുവടുവെച്ച രണ്ട് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാവിഷയം.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകി എം. ഓംകുമാറും നവീന്‍ കെ. റസാഖുമാണ് സ്റ്റൈലിഷ് സ്റ്റെപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയും മാനന്തവാടി സ്വദേശിയായ നവീന്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ വീണുകിട്ടുന്ന വിലയേറിയ ഒഴുവുസമയമാണ് ഇവര്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്.
മാരക ഫൂട്ട്വര്ക്കുകളും, ഒരു രക്ഷയുമില്ലാത്ത ഭാവങ്ങളും അനായാസേനയുള്ള ചലനങ്ങളുമായി ഇരുവരും നെറ്റിസണ്‍സിന്‍റെ ഹൃദയത്തിലേക്കാണ് ചുവടുവെച്ച് കയറിയത്. വൈറല്‍ ഡാന്‍സേഴ്സിന്റെ സ്റ്റെപ്പുകളെ മാത്രമല്ല അവര്‍ തെരഞ്ഞെടുത്ത ഗാനവും നന്നായിരിക്കുന്നുവെന്നുള്ള അഭിപ്രായങ്ങളും നിരവധിയുണ്ട്.
പരീക്ഷ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഇടവേള നേടാനായിട്ടാണ് ഇരുവരും കോളജില്‍ വെച്ച് ഇഷ്ടഗാനത്തിന് നൃത്തം ചെയ്തത്. വെറും രണ്ട് മണിക്കൂറിനിടയിലാണ് ഈ ഡാന്‍സിങ് പരീക്ഷണം. ക്ലാസിന് ശേഷം കണ്ടുമുട്ടിയ ഇരുവരും യൂണിഫോമില്‍ തന്നെ ആയിരുന്നു ഡാന്‍സ് ചെയ്തത്.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ നവീനാണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത സംവിധായകനായ പ്രസന്ന സുജിത്ത് അഭിനന്ദിച്ചിരുന്നു. നവീന്‍റെ ഇന്‍സ്റ്റ റീല്‍സ് വിഡിയോ ഇതിനോടകം 2.3 ദശലക്ഷം പേരാണ് കണ്ടിരിക്കുന്നത്.
സംഗതി ഹിറ്റായതോടെ വിഡിയോ ട്വിറ്ററിലും തരംഗമായി. ജാനകിയുടെ യൂട്യൂബ് ചാനലിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററില്‍ 2.7 ലക്ഷം കാഴ്ചക്കാരുമായി മുന്നേറി കൊണ്ടിരിക്കുകയാണ് വീഡിയോ.
https://www.facebook.com/Malayalivartha