സൂപ്പർ താരങ്ങൾ ഒന്നും തന്നെ തനിക്ക് വേണ്ടി പ്രചരണത്തിന് ഇങ്ങില്ലെന്ന് മുകേഷ്; 'മോഹൻലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല, ജയിപ്പിക്കാൻ വേണ്ടി ഒരു വീഡിയോ അയച്ചുതരണേ എന്ന് പറയാൻ നമ്മളെ കിട്ടില്ല'

എല്ലാ തിരഞ്ഞെടുപ്പിലും താരമണ്ഡലങ്ങൾ സ്വാഭാവികമാണ്. കൊല്ലം അത്തരത്തിൽ ഒരു താരമണ്ഡലമാകുന്നത് മുകേഷിന്റെ നിറ സാന്നിദ്ധ്യമാണ്. എന്നാൽ സൂപ്പർതാരങ്ങൾ ഒന്നും തന്നെ തനിക്ക് വേണ്ടി പ്രചരണത്തിന് ഇങ്ങില്ലെന്ന് മുകേഷ് പറയുന്നു.
കൊല്ലം ആവേശത്തിമിർപ്പിലാണ്. അതുപക്ഷേ എന്റെ കാര്യം കൊണ്ടു മാത്രമല്ല. ഇടതുപക്ഷത്തിന്റെ അഞ്ചുവർഷത്തെ ഭരണത്തിൽ ജനങ്ങൾ വളരെ സംതൃപ്‌തരാണ്. അവർ ശരിക്കും ആവേശത്തിലാണ്. നിങ്ങൾ ഇങ്ങോട്ടുവരണ്ട, ജയിച്ചു എന്നുതന്നെ കരുതിക്കോളൂ എന്നാണ് പലരും പറയുന്നത്.
മണ്ഡലത്തിൽ കാണാനില്ല എന്നല്ലാതെ വേറെ ആരോപണങ്ങൾ പറയാനില്ല. അഴിമതിക്കാരനെന്നോ, പീഡിപ്പിച്ചവനെന്നോ, കരിഞ്ചന്ത നടത്തിയെന്നോ ഇങ്ങനെ ഒരു ആരോപണവും ആർക്കും പറയാനില്ല.
മുകേഷ് എംഎൽഎയെ കാണാനില്ലെന്ന് പറഞ്ഞു നടന്നവർക്കൊക്കെ പല മുൻവിധികളായിരുന്നു. സിനിമയിലും ടിവിയിലുമൊക്കെ കാണുന്നു. പിന്നെങ്ങനെയാണ് മണ്ഡലത്തിലുണ്ടാവുക എന്നായിരുന്നു അവരുടെയൊക്കെ ആരോപണം.
ഇപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ് പലരും. ഇവരോടൊക്കെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ? 1330 കോടി രൂപയുടെ വികസന പ്രവർത്തനമാണ് കൊല്ലത്ത് നടത്തിയത്.
അങ്ങനെയുള്ള എംഎൽഎ മണ്ഡലത്തിൽ ഇല്ല എന്ന് പറയുന്നത് ശുദ്ധ അസബന്ധമാണ്. ആവശ്യമുള്ള സ്ഥലത്ത് എംഎൽഎ വരണം. അനാവശ്യ സ്ഥലങ്ങളിൽ ചെന്ന് കൈ കാണിക്കലല്ല എംഎൽഎയുടെ പണി എന്നും അദ്ദേഹം പ്രതികരിച്ചു.
അഭിനയരംഗത്തും പൊതു പ്രവർത്തന രംഗത്തും കഴിഞ്ഞ അഞ്ചുവർഷം ഒരുപോലെ തിരക്കിലായിരുന്നു ഞാൻ. എന്നാലും ഒരിക്കൽ പോലും ഏതെങ്കിലും ഒന്ന് ഒഴിവാക്കാമെന്ന് തോന്നിയിട്ടേയില്ല. ഒരു വർഷം 40 സിനിമ വരെ അഭിനയിക്കുന്ന ഞാൻ അത് പത്താക്കി.
എത്രയോ ഷോകൾ വേണ്ടെന്ന് വച്ചു. രണ്ട് കഴിവുണ്ടെന്ന് പറഞ്ഞാൽ അത് അഭിനന്ദിക്കേണ്ടതു തന്നല്ലേ? ചെത്തുകാരന്റെ മകൻ ചെത്തിയാൽ മതിയെന്ന് പറയുന്ന വിവരദോഷികളുടെ നാടാണിത്. എന്തിനാണ് ഇയാൾ മുഖ്യമന്ത്രിയാകുന്നത്, ചെത്തിയാൽ പോരെ എന്നാണ് അവരുടെ ചോദ്യം. കഴിവുണ്ടെങ്കിൽ ചെയ്തോട്ടെ.
പലരും പറയുന്നുണ്ട് മുകേഷ് സ്വർണ കരണ്ടിയുമായി ജീവിക്കുന്നയാളാണെന്ന്. ഞാൻ കൊണ്ട വെയിലിന്റെ ഒരംശം എങ്ങാനും ഇവർക്കിനി കൊള്ളാൻ പറ്റോ?. ചുട്ട വെയിലത്ത് നിന്ന്, അതിന്റെ കൂടെ എച്ച്എംഐ ലൈറ്റുകൂടെ അടിച്ചു തരും.
അങ്ങനെ 40 കൊല്ലമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ഇതൊക്കെ എനിക്ക് പുഷ്‌പം പോലെ എന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നില്ല. കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല ഞാൻ. അങ്ങനെ ഒരു ഓഫർ വന്നപ്പോൾ സമ്മതിച്ചതാണ്. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കാൻ പാർട്ടി പറയുമ്പോൾ, അതിൽപരം ഒരു ആത്മവിശ്വാസം വേറെയുണ്ടോ.
പിന്നെ മോഹൻലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാൻ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാൻ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാൻ നമ്മളെ കിട്ടില്ല എന്നും വളരെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha