പി. ശ്രീരാമകൃഷ്ണന് കടുത്ത ന്യുമോണിയ... ഐസിയുവിൽ രോഗത്തോട് മല്ലിട്ട് സ്പീക്കർ... വെട്ടിലായി കസ്റ്റംസ്...

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ ബാധിച്ചു. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. പ്രത്യേക ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്‍റെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്ത കസ്റ്റംസ് സൂപ്രണ്ട് കെ. സലിൽ ഉൾപ്പെടെയുള്ള 10 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ കഴിയുകയാണിപ്പോൾ. സ്പീക്കർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയത്.
തുടർ ചികിത്സയ്ക്കായി അന്നു തന്നെ സ്പീക്കറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ വിലയിരുത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് തയാറെടുക്കുമ്പോഴാണു സ്പീക്കർക്കു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞിട്ടേ ഇനി അദ്ദേഹത്തെ ചോദ്യം ചെയ്യലിനു വിധേയമാക്കുകയുള്ളൂ.
കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച 8 മണിക്കൂറാണ് ഔദ്യോഗിക വസതിയിൽ സ്പീക്കറെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച കൊച്ചി ഓഫിസിലെത്താൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നെങ്കിലും, അസുഖം കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്നു സ്പീക്കർ അറിയിച്ചതിനെ തുടർന്നാണു നേരിട്ടു കണ്ടു മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
സ്പീക്കർ ഇടയ്ക്കിടെ തങ്ങാറുള്ള ചാക്കയിലെ ‘മരുതം’ ഫ്ലാറ്റിലും കസ്റ്റംസ് ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. ഈ ഫ്ലാറ്റിലേക്കു സ്പീക്കർ ദുരുദ്ദേശ്യത്തോടെ പല തവണ തന്നെ ക്ഷണിച്ചതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഈ ഫ്ലാറ്റിൽ വച്ച് പണം കൈമാറിയെന്നാണു സ്വർണക്കടത്തു കേസിലെ പ്രതി സരിത്തിന്റെയും മൊഴി. ഔദ്യോഗിക വസതിയുണ്ടെങ്കിലും സ്പീക്കർ പലപ്പോഴും താമസിക്കുന്നത് ഇവിടെയാണ്. ഉച്ചയോടെയാണു കസ്റ്റംസ് സംഘം ഫ്ലാറ്റിലെത്തിയത്. കോൺസൽ ജനറലിനു നൽകാനായി സ്പീക്കർ പത്തു കെട്ട് നോട്ട് 2020 ഫെബ്രുവരിയിൽ ഫ്ലാറ്റിൽ വച്ചു നൽകിയെന്നാണു സരിത്തിന്റെ മൊഴിയിൽ പരാമർശിക്കുന്നത്.
സ്വപ്നയെ ഫോണിൽ വിളിച്ചു ഫ്ലാറ്റിലേക്കു വരാൻ സ്പീക്കർ പറഞ്ഞുവെന്നും. സ്വപ്നയും സരിത്തുമാണു ഫ്ലാറ്റിലേക്കു വന്നത്. ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിലാണു പണം നൽകിയത്. ബന്ധുവിന്റെ ഫ്ലാറ്റെന്നാണു സ്പീക്കർ പറഞ്ഞത്. ഫ്ലാറ്റ് പൂട്ടിയിറങ്ങിയ സ്പീക്കർ, സ്വപ്നയുടെ കാറിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. സ്വന്തം വസതിയിലെത്തി ബാഗ് തുറന്നു നോക്കിയപ്പോഴാണ് 10 കെട്ട് നോട്ടുകൾ കണ്ടതെന്നും ഈ തുക കോൺസൽ ജനറലിനു കൈമാറിയെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നുണ്ട്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നു സ്പീക്കറുടെ ഓഫിസ് അന്ന് തന്നെ അറിയിക്കുകയുണ്ടായി.
ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയാറാണെന്നു നേരത്തേ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് ഔദ്യോഗിക വസതിയില്‍ വച്ചാണ് കസ്റ്റംസ് വേണ്ട വിശദീകരണം തേടിയത്. ഒരു തവണ മാത്രമേ സ്പീക്കർക്കു കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുള്ളൂ എന്നും ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha