കോവിഡ് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോവിഡ് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ബദിയടുക്ക പെര്‍ഡാല പയ്യാലടുക്കയിലെ ഹമീദ്‌സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഹിലാണ് (14) മരിച്ചത്. പെര്‍ഡാല നവജീവന്‍ ഹൈസ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്‌കൂട്ടറോടിച്ച പെര്‍ഡാലയിലെ ഇബ്രാഹിമിന്റെ മകന്‍ അബ്ദുല്‍ സമദിനെ (19) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കാസര്‍കോട്ടുനിന്നും മൂന്ന് കോവിഡ് രോഗികളെയും കൊണ്ട് ഉക്കിനടുക്ക മെഡിക്കല്‍ കോളജിലേക്ക് വന്ന ആംബുലന്‍സാണ് ബദിയടുക്ക സര്‍ക്കിളിനടുത്ത് സ്‌കൂട്ടറിലിടിച്ചത്.
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു ഷാഹിലും സമദും. ഇടിച്ച ശേഷം സ്‌കൂട്ടറിനെ അല്‍പദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് ആംബുലന്‍സ് നിന്നത്. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഷാഹിലിനെയും സമദിനെയും ഉടന്‍ കുമ്ബള സഹകരണ ആശുപത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഷാഹില്‍ വഴിമധ്യേ മരിച്ചു. ഷാഹിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha