അയ്യപ്പന്റെ കളികളേ... ശബരിമലയില്‍ പത്തു വയസ് തികയാത്ത പെണ്‍കുട്ടികള്‍ക്കും അമ്പതുപിന്നിട്ട സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനത്തിന് ആചാരപ്രകാരം തടസമില്ലെങ്കിലും അതിന് താഴെയുള്ളവരെപ്പോലും തടയുന്നു; പരമഭക്തയായ പിതാവിന്റെ ഒമ്പതു വയസുകാരിയായ മകള്‍ക്ക് ശബരിമല ദര്‍ശനം അനുവദിച്ച് ഹൈക്കോടതി

ശബരിമലയില്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. മല കയറാനെത്തുന്ന യുവതികളെ ഒരു ഭക്തനും തടയേണ്ട കാര്യമില്ല. അതെല്ലാം പോലീസ് നോക്കിക്കൊള്ളും. മുമ്പ് യുവതികളെ കയറ്റാന്‍ മുന്‍കൈ എടുത്തവര്‍ തന്നെയാണ് യുവതികളെ കയറ്റി പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ നോക്കുന്നത്.
കാറ്റും കോളും നിറഞ്ഞ മണ്ഡലകാല സീസണു ശേഷം വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞതോടെയാണ് ഈ ജോലി ദേവസ്വംബോര്‍ഡും പോലീസും ഏറ്റെടുത്തത്. 10 വയസിനും 50 വയസിനും ഇടയ്ക്ക് പ്രായമായ യുവതികളേയാണ് ശബരിമലയില്‍ കയറ്റാത്തത്. എന്നാലിപ്പോള്‍ അതിന് താഴെയുള്ള കുട്ടികളെപ്പോലും കയറ്റുന്നില്ലെന്ന പരാതിയാണ് വരുന്നത്. അവസാനം കോടതിയിടപെട്ടാണ് പരിഹാരമായത്.
വൈക്കം കാട്ടിക്കുന്ന് ശ്രീഭവനില്‍ അബിരാജിന്റെ ഒമ്പതുവയസുള്ള മകള്‍ നന്ദിത രാജിന് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ശബരിമല ദര്‍ശനം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പത്തുവയസ് തികഞ്ഞാല്‍ ശബരിമല ദര്‍ശനം സാദ്ധ്യമാവാത്തതിനാല്‍ മാതാപിതാക്കളുടെ നേര്‍ച്ചയനുസരിച്ച് ദര്‍ശനത്തിന് അനുമതി തേടി നന്ദിത രാജ് പിതാവ് മുഖേന നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍, ജസ്റ്റിസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.
പത്തു വയസ് തികയാത്ത പെണ്‍കുട്ടികള്‍ക്കും അമ്പതുപിന്നിട്ട സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനത്തിന് ആചാരപ്രകാരം തടസമില്ലെങ്കിലും കോവിഡ് നിയന്ത്രണം കാരണം വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ 17ന് (ഇന്ന്) ബന്ധുക്കള്‍ക്കൊപ്പം ശബരിമലയില്‍ പോകാനാണ് അനുമതി തേടിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ അനുവദിക്കാത്തതെന്ന് ദേവസ്വംബോര്‍ഡ് വിശദീകരിച്ചു. എന്നാല്‍ കുട്ടിക്ക് ഇളവുനല്‍കി ദര്‍ശനം അനുവദിക്കാന്‍ ഡിവിഷന്‍ബെഞ്ച് ഉത്തരവിടുകയായിരുന്നു. പിതാവിനൊപ്പം ദര്‍ശനത്തിനെത്തുന്ന കുട്ടിയെ കടത്തിവിടണമെന്നാണ് ഉത്തരവ്.
ഇപ്പോള്‍ ശബരിമല ശാന്തമാണ്. ശബരീശ സന്നിധിയിലെ വിഷുക്കണി ദര്‍ശനം ഭക്തര്‍ക്ക് സുകൃതമായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചശേഷം അയ്യപ്പസ്വാമിയെ ധ്യാനനിദ്രയില്‍ നിന്നുണര്‍ത്തി ആദ്യം കണി കാണിച്ചു.
ഈ സമയം പതിനെട്ടാംപടിക്ക് താഴെ മുതല്‍ വലിയ നടപ്പന്തലിലേക്ക് വരെ ദര്‍ശനംകാത്തുള്ള ഭക്തരുടെ നിര നീണ്ടു. അഞ്ചരയോടെ ഭക്തര്‍ പടിചവിട്ടിയെത്തി ദര്‍ശനം നടത്തിയതോടെ ശ്രീകോവില്‍ പരിസരം ശരണമുഖരിതമായി. ഉപദേവതാ ക്ഷേത്രങ്ങളിലും മാളികപ്പുറത്തും വിഷുക്കണി ഒരുക്കിയിരുന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് ഭക്തര്‍ക്ക് കൈനീട്ടം നല്‍കി. ഏഴ് മണിയോടെ കണി ഒരുക്കുകള്‍ ശ്രീകോവിലില്‍ നിന്ന് മാറ്റി. വിഗ്രഹത്തില്‍ അഷ്ടാഭിഷേകവും നെയ്യഭിഷേകവും നടത്തി.
വിഷു പൂജകള്‍ പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ രാത്രി 9ന് അടയ്ക്കും. ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ കളഭാഭിഷേകവും പടിപൂജയും നടന്നു. ഉച്ചയ്ക്കായിരുന്നു കളഭാഭിഷേകം. ദീപാരാധനയ്ക്കു ശേഷം പതിനെട്ടാംപടി കഴുകി വൃത്തിയാക്കി പട്ടുവിരിച്ചു. പിന്നീട് നിലവിളക്കുകളും പൂമാലകളും ചാര്‍ത്തിയായിരുന്നു പടിപൂജ. തന്ത്രി കണ്ഠര് രാജീവര് കാര്‍മികത്വം വഹിച്ചു. ഇന്നും നാളെയും ഉദയാസ്തമനപൂജയും പടിപൂജയും ഉണ്ടാകും.
"
https://www.facebook.com/Malayalivartha