വനിത വാഴാത്ത സിപിഐ ചിഞ്ചുറാണി തുലാസില്‍.... പുരുഷകേസരികൾ മുട്ടുമടക്കുമോ? അവസാനം കടക്ക് പുറത്ത്!

വനിതകളെ നിയമസഭയില്‍ മത്സരിപ്പിക്കുന്നതിലും മന്ത്രിയാക്കുന്നതിലും സിപിഐ എക്കാലത്തും പിന്നിലാണ്. ഇത്തവണ ചടയമംഗലത്തു വിജയിച്ച സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയെ മന്ത്രിയാക്കിയാല്‍ സിപിഐയുടെ ചരിത്രത്തില്‍ അതൊരു സംഭവം തന്നെ.
വൈക്കം സംവരണസീറ്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ സികെ ആശയെ ഒഴിവാക്കി ജെ ചിഞ്ചുറാണിയെ മന്ത്രിയാക്കാന്‍ ആലോചനയുണ്ടെങ്കിലും ഇത്തവണയും വനിതാ പ്രാതിനിധ്യം വേണ്ടെന്ന നിലപാട് സിപിഐയില്‍ ഒരു വിഭാഗത്തിനുണ്ട്. പുരോമന പാര്‍ട്ടിയുടെ യാഥാസ്ഥിതികത്വത്തിന് എന്നു മാറ്റം വരുമെന്നതാണ് കണ്ടറിയാനുള്ളത്.
സിപിഐ മുന്‍ വനിതാ നേതാവ് ഭാര്‍ഗവി തങ്കപ്പനെ ഡെപ്യൂട്ടി സ്പീക്കറായി അവരോധിച്ചതല്ലാതെ ഒരു വനിതയെ മന്ത്രിക്കസേരയില്‍ ഇരുത്തുകയെന്നത് സിപിഐ പുരുഷകേസരികള്‍ക്ക് ചിന്തിക്കാനേ പറ്റുന്നില്ല. റോസമ്മ പുന്നൂസ്, കെ ഒഅയിഷാബായി, ഭാര്‍ഗവി തങ്കപ്പന്‍, മീനാക്ഷി തമ്പാന്‍, ഗീതാ ഗോപി, ഇഎം ബിജിമോള്‍ തുടങ്ങിയവരൊക്കെ നിരവധി തവണ നിയമസഭയിലേക്ക് വിജയം വരിച്ചിട്ടും സിപിഐയില്‍ വനിതാ മന്ത്രിസ്ഥാനം ഇന്നും അകലെത്തന്നെ. ഇത്തവണ സിപിഐയില്‍ 18 അംഗങ്ങളാണ് നിയമസഭയിലേക്ക് വിജയിച്ചിരിക്കുന്നത്.
കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ നാല് മന്ത്രിമാരും ചീഫ് വിപ്പും ഡെപ്യൂട്ടി സ്പീക്കറും സിപിഐയ്ക്കു ലഭിച്ചിട്ടും വനിതകള്‍ക്ക് പരിഗണന ലഭിച്ചിരുന്നില്ല.
സിപിഎമ്മും കോണ്‍ഗ്രസും ആറേഴു വനിതകളെ മന്ത്രപദവിയില്‍ എത്തിച്ചിട്ടും ആറു പതിറ്റാണ്ടായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ത്രീ പ്രാതിനിധ്യത്തില്‍ ഏറെ പിന്നില്‍തന്നെയാണ്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വൈക്കത്ത് സി.കെ ആശയില്‍ മാത്രമായി വനിതാസാന്നിധ്യം ചുരുങ്ങിയതില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഏറെ താരബലമൊന്നുമില്ലാത്ത സാഹചര്യത്തിലും ചടയമംഗലത്ത് ചിഞ്ചുറാണിയെ സിപിഐ അവതരിപ്പിച്ചത്.
1957 ല്‍ അധികാരമേറ്റ ഇം.എം.എസ് മന്ത്രിസഭ മുതല്‍ 2016 ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ വരെ കേരളലുണ്ടായത് ആകെ എട്ട് വനിതാ മന്ത്രിമാര്‍ മാത്രം. ഇത്തവണ സിപിഎമ്മില്‍നിന്ന് ആറന്‍മുളയുടെ പ്രതിനിധി വീണ ജോര്‍ജ് മന്ത്രിസ്ഥാനത്ത് എത്തിയേക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയായിരിക്കുന്നു.
കഴിഞ്ഞ പിണറായി വിജയന്‍ മന്ത്രിസഭയില്‍ മാത്രം കെ.കെ ശൈലജയും ജെ. മേഴ്സിക്കുട്ടിയമ്മയും മന്ത്രിമാരായി രണ്ടു വനിതകളുടെ സാന്നിധ്യം ഉറപ്പിച്ചു. ശൈലജ ആരോഗ്യമന്ത്രിയായും മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായുമാണ് സ്ഥാനമേറ്റത്.
1957 ല്‍ അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭയില്‍ ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി കെ.ആര്‍ ഗൗരിയമ്മ ചരിത്രത്തില്‍ ഇടം പിടിച്ചു. റവന്യൂ എക്സൈസ് വകുപ്പാണ് അന്നു കെആര്‍ ഗൗരിയമ്മ കൈക്കാര്യം ചെയ്തത്. ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമം, ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവയുടെ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കെയാണ്.
ആദ്യ മന്ത്രിസഭയിലെ അംഗമായിരുന്ന ഗൗരിയമ്മ പിന്നീട് 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും മന്ത്രിയായി. 1987 ല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപെട്ട നേതാവ് കൂടിയാണ് കെ.ആര്‍ ഗൗരിയമ്മ. എന്നാല്‍, ഇഎംഎസ് നമ്പൂതിരിരിപ്പാടിന്റെ പിന്തുണയില്‍ ഇകെ നായനാരാണ് അന്ന് മുഖ്യമന്ത്രി കസേരയിലെത്തിയത്.
ഗൗരിയമ്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ വനിത കോണ്‍ഗ്രസിന്റെ എം. കമലമാണ്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായും കെപിസിസി ജനറല്‍ സെക്രട്ടറിയായും സേവനം പ്രവര്‍ത്തിച്ച എം. കമലം 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് എത്തി. 1982 മുതല്‍ 1987 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചു.
എം.ടി പത്മയാണ് കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിത. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച പത്മ രണ്ട് തവണയാണ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായത്. 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി. എം.ടി പത്മയ്ക്ക് ശേഷം മന്ത്രിസഭയില്‍ അംഗമായ വനിതാ നേതാവാണ് എകെ ഗോപാലന്റെ ഭാര്യ കൂടിയായ സുശീലാ ഗോപാലന്‍. 1996 ലെ നായനാര്‍ മന്ത്രിസഭയിലാണ് സുശീല അംഗമായത്. വ്യവസായ മന്ത്രിയായ സുശീല ഗോപാലന്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ നാലാമത്തെ വനിതാ മന്ത്രിയാണ്.
അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീല ഗോപാലന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ പാര്‍ട്ടി പിന്തുണയില്‍ ഇ.കെനായനാര്‍ക്ക് തന്നെ നറുക്കുവീഴുകയായിരുന്നു. 2006 ലെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഓരോ വനിതാ മന്ത്രിമാര്‍ ഉണ്ടായിരുന്നു. 2001 ലും 2006 ലും പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തിയ പി.കെ ശ്രീമതി 2006 ല്‍ വി.എസ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി.
2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായ പി.കെ ജയലക്ഷ്മിയാണ് കേരള മന്ത്രിസഭയില്‍ അംഗമായ ആറാമത്തെ വനിതാ മന്ത്രി. കേരളത്തിന്റെ ചരിത്രത്തില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ മന്ത്രി കൂടിയാണ് ജയലക്ഷ്മി. മാനന്തവാടിയില്‍ നിന്ന് നിയമസഭയിലെത്തിയ ജയലക്ഷ്മി പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
ഇത്തവണയും സിപിഎമ്മില്‍ന്ന് ഒരു വനിതാ മന്ത്രി ഉറപ്പായിരിക്കെ സിപിഐയുടെ രണ്ട് വനിതാ അംഗങ്ങളില്‍ ഒരാളെങ്കിലും മന്ത്രിസ്ഥാനത്ത് എത്തുമോ എന്നതാണ് കണ്ടറിയാനുള്ളത്.
"
https://www.facebook.com/Malayalivartha
























