അത്രയൊക്കെ സംഭവിച്ചോ... ബിജെപിയുടെ സമ്പൂര്‍ണ പരാജയത്തിന്റെ ആഴം പരിശോധിച്ച നേതാക്കള്‍ ഞെട്ടിപ്പോയി; നേതാക്കള്‍ ഹെലികോപ്റ്ററില്‍ കറങ്ങിയപ്പോള്‍ ബൂത്ത് തല വോട്ടുകള്‍ ഒലിച്ചുപോയെന്ന് ആരോപണം; പല ബൂത്തുകളും സാമ്പത്തിക പ്രതിസന്ധി നേരിട്ടതായി പരാതി

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും എന്ന് വിശ്വസിച്ചാണ് കേന്ദ്രം ഹെലീകോപ്ടറുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയത്. എന്നാല്‍ 35 സീറ്റ് കിട്ടിയാല്‍ അധികാരത്തില്‍ വരുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.
കൈയ്യിലുണ്ടായിരുന്ന നേമം കളയുകയും ചെയ്തു. ചെറു പാര്‍ട്ടികള്‍ പോലും ജയിച്ച് കയറിയിട്ടുണ്ട്. എന്നാല്‍ ദേശീയ പാര്‍ട്ടിയായ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. കേരളം മൊത്തം പിടിക്കാന്‍ നടക്കാതെ ഒരഞ്ചാറ് സീറ്റ് നേടിയിരുന്നെങ്കില്‍ വലിയ മുന്നേറ്റമായേനെ.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയതോടെ ഞെട്ടിപ്പോയിരിക്കുകയാണ് നേതാക്കള്‍. നേതാക്കള്‍ ഹെലികോപ്റ്ററില്‍ കറങ്ങിയപ്പോള്‍ ബൂത്ത് തല വോട്ടുകള്‍ ഒലിച്ചുപോയെന്നും അതു തടയാന്‍ ആളുണ്ടായില്ലെന്നും ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം. ഹെലികോപ്റ്ററില്‍ കറങ്ങാന്‍ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കി. പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല.
കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു വിമര്‍ശനം. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രല്‍ഹാദ് ജോഷി ഉള്‍പ്പെടെ നേതാക്കളും പങ്കെടുത്തിരുന്നു.
മൂന്നു കോപ്റ്ററുകളാണു കേരളത്തിലേക്കു ബിജെപി വാടകയ്‌ക്കെടുത്തത്. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും വേണ്ടിയായിരുന്നു ഇവ.
ഇതില്‍ ഒരു എന്‍ജിന്‍ ഉള്ള കോപ്റ്ററിനു 2 മണിക്കൂറിനു 2 ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനു 2 മണിക്കൂറിന് 4 ലക്ഷം വരെയും. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിനാല്‍ ഹെലികോപ്റ്റര്‍ ചെലവ് 20 മുതല്‍ 25 ദിവസത്തില്‍ ഒതുക്കാനായി എന്നതാണ് ഏക ആശ്വാസം. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ.സുരേന്ദ്രനു 2 ദിവസം കൂടുമ്പോള്‍ പറക്കേണ്ടി വന്നു.
ഇരു മണ്ഡലങ്ങളും തമ്മില്‍ 400 കിലോമീറ്ററിലധികം ദൂരമുണ്ട്. കോപ്റ്ററുകള്‍ ദിവസം 5 മണിക്കൂറുകളെങ്കിലും പറന്നിട്ടുണ്ടെന്നാണ് കണക്ക്.
രണ്ടിടത്തു മത്സരിക്കുന്നതിനോടു സംസ്ഥാന നേതൃത്വം എതിര്‍പ്പുന്നയിച്ചെങ്കിലും ശബരിമല വിഷയം ചൂണ്ടിക്കാട്ടി കോന്നിയില്‍ കൂടി മത്സരിക്കാന്‍ സുരേന്ദ്രനോടു കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. മഞ്ചേശ്വരത്തു ജയസാധ്യതയുള്ളതിനാല്‍ അവിടെയും നില്‍ക്കാന്‍ നിര്‍ദേശിച്ചു.
ബൂത്ത് തല പ്രവര്‍ത്തനത്തിലെ വീഴ്ച ബിജെപിയെ ഞെട്ടിക്കുന്നതാണ്. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര കെട്ടുറപ്പുള്ള ബൂത്ത് തല സംവിധാനം ഉണ്ടെന്നാണ് ബിജെപി വിശ്വസിച്ചിരുന്നത്. വോട്ടര്‍ പട്ടികയുടെ ഓരോ പേജിലെയും വോട്ടര്‍മാരെ നിരന്തരം കാണാന്‍ 3 പേര്‍.
ഇവരാണു പേജ് പ്രമുഖുമാര്‍. ചില സ്ഥലങ്ങളില്‍ ഇതു വീതിച്ചു നല്‍കി അര്‍ധ പേജ് പ്രമുഖ്മാര്‍ വരെ നിശ്ചയിക്കപ്പെട്ടു. പേജ് പ്രമുഖ്മാരെ ഏകോപിപ്പിക്കാന്‍ ബൂത്ത് തല മാനേജ്‌മെന്റ് കമ്മിറ്റി, ഇത്തരം 5 കമ്മിറ്റികളെ ഏകോപിപ്പിക്കാന്‍ ശക്തി കേന്ദ്ര. ശക്തികേന്ദ്രയുടെ ചുമതല ബിജെപിയുടെ നേതാവിനും സ്ഥലത്തെ ആര്‍എസ്എസ് ചുമതലയുള്ളയാള്‍ക്കുമായിരുന്നു. ബിജെപി നേതാക്കള്‍ക്കു പുറമേ ആര്‍എസ്എസ് സംയോജകരും ബൂത്ത് തലത്തില്‍ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോര്‍ന്നുവെന്നതാണു ബിജെപിയെ അസ്വസ്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha


























