സുധാകരാ വിട്ടോടാ... കെ. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആകുമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒന്നൊന്നര നീക്കവുമായി കൊടിക്കുന്നില്‍ സുരേഷ്; കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തം കേരളത്തില്‍ മാത്രം; തന്നെ പരിഗണിക്കാത്തത് യോഗ്യത ഇല്ലാത്തതുകൊണ്ടല്ല

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും ഒഴിപ്പിച്ച് വിട്ടതിന്റെ പാട് ഹൈക്കമാന്‍ഡിന് ഇപ്പോഴും മാറിയിട്ടില്ല. ഇനി അടുത്തത് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഇറക്കി വിടുക എന്നതാണ്.
ഇറക്കി വിടും മുമ്പേ ഡസണ്‍ കണക്കിന് ആളുകളാ ആ സ്ഥാനം മോഹിച്ച് രംഗത്തെത്തുന്നത്. അതില്‍ മുന്‍ഗണനയുള്ളത് കെ. സുധാകരനാണ്. കെ. മുരളീധരനും നോട്ടമുണ്ടായിരുന്നു. നേമത്ത് തോറ്റതോടെ എല്ലാം കുളമായി. അല്ലെങ്കില്‍ വിഡി സതീശന്റെ പ്രതിപക്ഷ നേതാവ് സ്ഥാനം കെ. മുരളീധരന്‍ സ്വന്തമാക്കിയേനെ. ഇപ്പോള്‍ കെപിസിസിസി അധ്യക്ഷ സ്ഥാനത്തായി നോട്ടമിട്ടിരിക്കുന്നവരില്‍ പ്രമുഖനാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍ കേരളത്തില്‍ ദളിതനായ ഒരാളെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഏഴുതവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താന്‍. ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്‌സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ്. താനായതു കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തത്. എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.
കേരള ചരിത്രത്തില്‍ ആദ്യമായാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്.
മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നകൊണ്ടാണ് തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സിയിലും, കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നത്? അതിന് യാതൊരു ന്യായീകരണവുമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
എ.ഐ.സി.സി പാര്‍ട്ടിക്ക് ഭാവിയില്‍ വേണ്ടുന്ന എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും കെ.പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുന്നത്. കേരളത്തില്‍ മാത്രമാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ദളിതര്‍ മുഖ്യമന്ത്രിയായി വന്നു കഴിഞ്ഞുവെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു.
ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുന്നു. കഴിഞ്ഞ തവണ എം.എം. ഹസനെ മാറ്റി മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന സമയത്ത് താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ക്ലെയിം ചെയ്തതാണ്. എന്നെയും പരിഗണിച്ചതാണ്. പക്ഷെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. തുടര്‍ന്ന് എന്നെ വര്‍ക്കിംഗ് പ്രസിഡന്റാക്കി എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണനയിലുണ്ടെന്ന് ഔദ്യോഗികമായി ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍ എംപി പറഞ്ഞു. അത്തരത്തില്‍ വാര്‍ത്തകളുണ്ട്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കും. അതിനു വിധേയനാണെന്നും സുധാകരന്‍ പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ തടസമല്ല. കോണ്‍ഗ്രസില്‍ സംഘടനാ സംവിധാനത്തില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം അത്തരത്തിലാണ്. കോണ്‍ഗ്രസിന് പുതിയ മുഖമുണ്ടാക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഏതായാലും കെ. സുധാകരന് പ്രതിയോഗിയായി കൊടിക്കുന്നില്‍ സുരേഷ് കൂടി എത്തിയതോടെ അടി കൊഴുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
"
https://www.facebook.com/Malayalivartha





















