യാസ് ചുഴലിക്കാറ്റ് ജാഗ്രത; 25 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യന്‍ റയില്‍വേ, റദ്ദാക്കിയവയില്‍ കേരളത്തിലേക്കുള്ള എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം - സില്‍ച്ചാര്‍ ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി 25 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റയില്‍വേ അറിയിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം. ശക്തമായും കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം - സില്‍ച്ചാര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത് തന്നെ.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം, അതി തീവ്ര ന്യുനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. ബുധനാഴ്ചയോടെ വടക്കന്‍ ഒഡീഷ പശ്ചിമ ബംഗാള്‍ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരളത്തില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നത്. ഏഴു ജില്ലകളില്‍ ഇതിനോടകം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
അതേസമയം അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം കാരണം കന്യാകുമാരി ജില്ലയില്‍ കനത്ത മഴ. കുഴിത്തുറയിലും പരിസരത്തും റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അഗസ്‌തീശ്വരം താലൂക്കില്‍ രണ്ട്, കല്‍കുളത്തില്‍ നാല്, തിരുവട്ടാറില്‍ ഒന്ന്, വിളവങ്കോടില്‍ രണ്ട്, കിള്ളിയൂറില്‍ ആര് എന്നിങ്ങനെ ജില്ലയിലാകെ 15 വീടുകള്‍ മഴയില്‍ തകര്‍ന്നു.
ജലനിരപ്പ് ഉയര്‍ന്നത് കാരണം പേച്ചിപ്പാറ ഡാമില്‍ നിന്ന് 475 ഘനയടി ജലം തുറന്നുവിട്ടു. ഡാമിലെ വെള്ളം തുറന്നുവിട്ടതിനാല്‍ കുഴിത്തുറ, ചിതറാല്‍, തിക്കുരിശ്ശി, വൈക്കലൂര്‍ എന്നീ സ്ഥലങ്ങളില്‍ ആറ്റിന്‍കരയില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മഴയില്‍ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha





















