അന്തംവിട്ട് കുന്തംവിഴുങ്ങി ജനം... സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്രത്തിന്റെ അന്ത്യശാസനം; പുതിയ ചട്ടങ്ങളും നയങ്ങളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശം; ഇന്ത്യയില്‍ 50ലക്ഷം ഉപഭോക്താക്കളുള്ള പ്രധാന സോഷ്യല്‍ മീഡിയകള്‍ വെട്ടില്‍

പ്രമുഖ സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഒ.ടി.ടി സേവനം നല്‍കുന്ന നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയ്ക്ക് ശക്തമായ വെല്ലുവിളി നടത്തി കേന്ദ്രം. ഒരു നിയന്ത്രണവുമില്ലാതെ നാഥനില്ലാതെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഗുണദോഷ ഫലങ്ങള്‍ പിന്നീട് വ്യക്തമാകുന്നതാണ്. അതേസമയം വാട്‌സാപ്പ് കേന്ദ്രത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.
ഐ.ടി മന്ത്രാലയം ആവിഷ്‌കരിച്ച പുതിയ ചട്ടങ്ങളും നയങ്ങളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഒ.ടി.ടി സേവനം നല്‍കുന്ന നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ െ്രെപം തുടങ്ങിയ കമ്പനികള്‍ക്ക് കേന്ദ്രം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
ഫെബ്രുവരി 25ന് നിലവില്‍ വന്ന പുതിയ ചട്ടങ്ങളും നയങ്ങളും അനുസരിച്ച് കമ്പനികള്‍, ഇന്ത്യയിലെ അവരുടെ മുഖ്യ കംപ്‌ളയന്‍സ് ഓഫീസറുടെ വിലാസം, ബന്ധപ്പെടാനുള്ള നോഡല്‍ ഓഫീസറുടെ വിലാസം, ആഭ്യന്തര പരാതി പരിഹാര ഓഫീസറുടെ വിലാസം, ബന്ധപ്പെടാനുള്ള ഇന്ത്യയിലെ പ്രധാന വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കാനാണ് ഇന്നലെ ഐ.ടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ വിഭാഗത്തിലെ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ രാകേഷ് മഹേശ്വരിയുടെ ഉത്തരവില്‍ ആവശ്യപ്പെട്ടത്. വിവരങ്ങള്‍ ഇന്നലെ തന്നെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ത്യയില്‍ 50ലക്ഷം ഉപഭോക്താക്കളുള്ള പ്രധാന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കാണ് നോട്ടീസ്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ അതു വ്യക്തമാക്കണം. റിപ്പോര്‍ട്ട് നല്‍കിയാലും കൂടുതല്‍ വിവങ്ങള്‍ തേടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഫെബ്രുവരി 25ന് പുതിയ ചട്ടങ്ങള്‍ ആവിഷ്‌കരിച്ച ശേഷം അവ അനുസരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സമൂഹമാദ്ധ്യമ കമ്പനികള്‍ക്ക് മൂന്നു മാസം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് നല്‍കാത്ത കമ്പനികള്‍ക്ക് അവരുടെ ഉപഭോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ പേരില്‍ വിലക്ക് അടക്കം നടപടി നേരിടേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. തുടര്‍ന്നാണ് ഇന്നലെ വാട്ട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമൂഹ്യമാദ്ധ്യമ നയം സ്വകാര്യത ലംഘനമാണെന്ന് ചൂണ്ടികാട്ടി വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വാട്‌സാപ്പിലൂടെ കൈമാറുന്ന ഓരോ സന്ദേശങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്ന നയം ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാട്‌സാപ്പ് പ്രതിനിധികള്‍ ഹര്‍ജിയില്‍ ആരോപിച്ചു.
400 മില്യണ്‍ ഉപഭോക്താക്കളാണ് വാട്‌സാപ്പിന് ഇന്ത്യയിലുള്ളത്. ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അടക്കം ഇതിനായി ഒഴിവാക്കണ്ടി വരും. ഇത് ഗുരുതര സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
2017ലെ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി യൂണിയന്‍ ഒഫ് ഇന്ത്യ കേസില്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ട്വിറ്റര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ലെന്നും കുറ്റകൃത്യം തടയാനാണിത് ആവശ്യപ്പെടുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
എന്തായാലും ജനപ്രിയ സോഷ്യല്‍ മീഡിയകളെ കൂച്ചുവിലങ്ങിടുന്നത് അത് ഉപയോഗിക്കുന്ന ജനത്തേയും ബാധിക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha
























