നനഞ്ഞ് പനിപിടിക്കല്ലേ... സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു; ഞായര്‍ വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയും കാറ്റും കടലാക്രമണവും ഞായറാഴ്ച വരെ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം; നാളെ മുതല്‍ അല്‍പം കുറവുണ്ടാകും

കോവിഡ് ദുരിതത്തിനിടയില്‍ പെരുമഴയും ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്. കോവിഡ് കാരണം മനസമാധാനത്തോടെ ആശുപത്രികളില്‍ പോകാനും സാധിക്കില്ല. അതിനാല്‍ തന്നെ മഴനനഞ്ഞ് പനിപിടിക്കാതിരുന്നാല്‍ നല്ലത്. കോവിഡിന്റെ ലക്ഷണങ്ങള്‍ മിക്കതും ജലദോഷ പനിക്ക് സമാനമായതിനാല്‍ വെറുതേ പനി പിടിക്കാതിരിക്കാന്‍ നോക്കേണ്ടതാണ്.
യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കാലാവസ്ഥാമാറ്റത്തിന് അനുരണമായി സംസ്ഥാനത്ത് തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയും കാറ്റും കടലാക്രമണവും ഞായറാഴ്ച വരെ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലപ്പുറവും വയനാടും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മഴയ്ക്ക് അല്പം കുറവുണ്ടായേക്കും.
ഇന്നലെ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍ക്കയറ്റവുമുണ്ടായി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തുടര്‍ന്നു. തീരത്ത് ശക്തമായ കാറ്റും കടലാക്രമണവുമുണ്ടായി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ നദികളില്‍ ജലനിരപ്പ് ഉയരുന്നതും ഭൂഗര്‍ഭ ജലവിതാനം കൂടുന്നതും വെള്ളപ്പൊക്കത്തിനിടയാക്കുമോയെന്ന ആശങ്കയുണ്ട്.
ശക്തമായ കാറ്റിനു സാദ്ധ്യതഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ഇന്ന് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാം.തിങ്കളാഴ്ച മുതല്‍ കാലവര്‍ഷംഅറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍ കാലവര്‍ഷം ശക്തിപ്പെടുത്തുമോയെന്ന് കാലാവസ്ഥാകേന്ദ്രം നിരീക്ഷിക്കുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷത്തിന് തൊട്ടുമുമ്പുണ്ടായ യാസ് ചുഴലിക്കാറ്റ് കാലവര്‍ഷത്തിന്റെ വരവ് വൈകില്ലെന്ന സൂചനയാണ് തരുന്നത്. കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപിനടുത്തെത്തിയിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ അത് കേരളതീരത്തെത്തുമെന്നും തിങ്കളാഴ്ചയോടെ കാലവര്‍ഷം തുടങ്ങുമെന്നും ഐ.എം.ഡി തിരുവനന്തപുരം കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റിന്റെ അലയടിയില്‍ സംസ്ഥാനത്ത് ഇന്നലെ പരക്കെ പെയ്ത കനത്ത മഴയിലും കാറ്റിലും നൂറിലധികം വീടുകള്‍ തകര്‍ന്നു. പൂന്തുറയില്‍ മത്സ്യബന്ധനത്തിനുപോയ ഡേവിഡ്‌സണ്‍ തിരയില്‍പ്പെട്ട് മരണപ്പെട്ടു. രണ്ട് പേരെ കാണാതായി. സേവ്യര്‍, ജോസഫ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുരുകയാണ്.
ചില വീടുകളുടെ മേല്‍ക്കൂര പറന്നു പോയി. മരങ്ങള്‍ ഒടിഞ്ഞു വീണും മണ്ണിടിഞ്ഞും പലയിടത്തും ഗതാഗതം തടസപ്പെട്ടു. 37 ദുരിതാശ്വാസ ക്യാമ്പുകളിലായി 1427 പേരെ മാറ്റി പാര്‍പ്പിച്ചു. 3071 കെട്ടിടങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
വിതുരയില്‍ മണലിയില്‍ വാമനപുരം നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചു പോയി. മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി വിതരണം നിലച്ചു. പമ്പാ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് വളരെ ഉയര്‍ന്നതിനാല്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി. പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു.പത്തനംതിട്ട ജില്ലയിലെ കക്കിഡാം മൂഴിയാര്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിലെ കല്ലാര്‍ക്കുട്ടി, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട്, തിരുവനന്തപുരത്തെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.
"
https://www.facebook.com/Malayalivartha
























