കൊടകര കള്ളപ്പണ കേസ് ജീവന്‍ വയ്ക്കുമ്പോള്‍ സി പി എമ്മില്‍ ഒരാള്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു...

കൊടകര കള്ളപ്പണ കേസ് ജീവന്‍ വയ്ക്കുമ്പോള്‍ സി പി എമ്മില്‍ ഒരാള്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു. അത് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. കൊടകര കേസില്‍ ബി ജെ പിയെ കുരുക്കിയാല്‍ ബിനീഷ് കോടിയേരിയും കുടുങ്ങും.കാരണം ബിനീഷിന്റെ ഭാവി ഇപ്പോള്‍ ബി ജെ പിയുടെ കൈയിലാണ്.
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിയതോടെയാണ് സാഹചര്യം വഷളായത്. ജൂണ്‍ 9, ബുധനാഴ്ചത്തേക്കാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.
പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യര്‍ത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. കേസില്‍ ബിനീഷ് അറസ്‌റിലായിട്ട് 224 ദിവസം പിന്നിട്ടു.
കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതും, സുഹൃത്തുക്കളും വഴിയാണ്. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കോടതി അനുവദിച്ചില്ല. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അതും കോടതി തള്ളി. ജൂണ്‍ ഒന്‍പതിന് ബിനീഷിന്റെ വാദങ്ങള്‍ക്ക് ഇഡി മറുപടി നല്‍കും.
പ്രത്യക്ഷത്തില്‍ കൊടകര കള്ളപ്പണ കേസും ബിനീഷിന്റെ കേസും തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും ഇരു കേസുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇരുകേസുകളുടെയും ഭാവിയും ഒരു പോലെയാണ്.എന്നാല്‍ കോടിയേരിയുടെ മകനെ രക്ഷിക്കണമെന്ന ആഗ്രഹമൊന്നും പിണറായിക്ക് കാണില്ല.അതേ സമയം സ്വര്‍ണ്ണ കടത്ത് കേസ് ഇല്ലാതാക്കണമെന്ന തീവ്രമായ ആഗ്രഹം പിണറായിക്കുണ്ട്.
കോടിയേരിക്ക് സ്വര്‍ണ്ണകേസിലൊന്നും കമ്പമില്ല. മകനെ ഊരിക്കണം എന്ന ഒറ്റലക്ഷ്യവുമായാണ് കോടിയേരി മുന്നോട്ടു നീങ്ങുന്നത്. അതിനദ്ദേഹം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണ ഏറെ നാളായി തേടുന്നുണ്ട്. കൊടകര കേസ് പിണറായി തല്‍കാലം മുക്കിയാല്‍ കള്ളപ്പണ കേസില്‍ നിന്നും ബിനീഷിന് ജാമ്യം ലഭിക്കും.
കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്ന ബിനീഷിന്റെ കേസില്‍ ഇ ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാക്കാണ് നിര്‍ണായകം.224 ദിവസം ജയിലില്‍ കിടന്ന ഒരാള്‍ക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യാന്‍ ഇ ഡിക്ക് നിഷ്പ്രയാസം കഴിയും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ എം. ശിവശങ്കറിന്റെ കാര്യത്തില്‍ ഇ.ഡി യുടെ സഹായം ലഭിച്ചിരുന്നു. അതാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതീക്ഷിക്കുന്നത്. അത് കിട്ടണമെങ്കില്‍ മുഖ്യമന്ത്രി കനിയണം എന്നതാണ് അവസ്ഥ. ഇനി കനിഞ്ഞില്ലെങ്കില്‍ ബിനീഷ് കുറച്ചു നാള്‍ കൂടി അകത്തു കിടക്കും.
ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി അതീവ ഉത്കണ്ഠാകുലനാണ്. മകനെ എങ്ങനെയെങ്കിലും ജാമ്യത്തിലിറക്കാന്‍ അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഒരു വാതിലും അദ്ദേഹത്തിന് മുന്നില്‍ ഇതു വരെ തുറന്നിട്ടില്ല.
"
https://www.facebook.com/Malayalivartha
























